Sunday 10 September 2017

കാലികം : തലക്കെട്ടില്ലാത്തത് /അസ്ലം മാവില

കാലികം :
തലക്കെട്ടില്ലാത്തത്

അസ്ലം മാവില

അൺ എയിഡഡ് സ്കൂളുകളോട് എനിക്ക് വലിയ താത്പര്യമില്ല. അവിടെ നിന്ന് കേൾക്കുന്ന വാർത്തകളോടും.

ഒന്നാമത് അവിടെയുള്ളത് "എന്തെല്ലോ" വായിൽക്കൊള്ളാത്ത നിയമങ്ങളും വ്യവസ്ഥകളും വെള്ളിയാഴ്ചകളുമാണ്.  കുട്ടിയെ ചേർത്ത ഒരു രക്ഷിതാവിനേ അവിടെ മനേജ്മെൻറും പണിക്കാരും കാട്ടിക്കൂട്ടുന്ന "ഉസ്റ്കട്പ്പം'' മനസ്സിലാവുകയുള്ളൂ.  ഒരു മാതിരി "പൊരിർപ്പ് ".

കൈകുഞ്ഞിനെ LKG യിൽ ചേർക്കുമ്പോൾ തന്നെ ആരാന്റെ സ്കൂളിനെ കുറിച്ച് കുറ്റം പറച്ചിൽ  അവർ തുടങ്ങും. സർക്കാർ സ്കൂളെന്ന പരാമർശം അറിയാതെ രക്ഷിതാവിന്റെ വായിന്ന് നാക്കുളുക്കി വീണു പോയാൽ  ഇംപോസിഷൻ ഒഴികെയുള്ള സകല ശിക്ഷാവിധിയും നടപ്പിലാക്കിക്കളയും. അത്രയ്ക്കും "ബെർപ്പാണ് " ഇവർക്ക് സർക്കാർ സ്കൂളുകളോട് .

അത് കൊണ്ട് അമ്മാതിരി സ്കൂളുകളിൽ നിന്നുമുള്ള വാർത്തകൾക്ക് എന്തിന് ചെവി കൊടുക്കണം ? ഭയങ്കര സ്ട്രിക്റ്റിൽ പഠിപ്പിക്കാനാണല്ലോ രക്ഷിതാക്കൾ കൊണ്ട് പിടിച്ച് കുട്ടികളെ അങ്ങോട്ടേക്ക് അയക്കുന്നത്! അനുഭവിക്കട്ടെ.  അവിടെയുള്ള സിസ്റ്റം പാലിച്ചേ മതിയാകൂ. അത് പിന്നെ പകുതിന്ന് വാക്ക് മാറ്റാൻ പറ്റുമോ?

വേറൊരു രസം. ചില കുട്ടികൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ വകുപ്പും ഉപവകുപ്പും നോക്കി നടപ്പുണ്ടാകും.  ദീനാണ് കത്തിച്ചു വിടാൻ എളുപ്പ വിഷയമെന്ന് പിള്ളേർക്കുമറിയാം. പിള്ളേരക്കാര്യത്തിൽ രക്ഷിതാക്കളുടെ വല്യുപ്പയും വല്യുമ്മയുമാണല്ലോ.

ഇപ്പോൾ കേട്ട വിഷയം കുറച്ച് നാൾ ഓടും. ഇന്നലെ ഒരു കുട്ടിക്കേ പ്രാർഥിക്കാൻ തോന്നിയിട്ടുള്ളൂ. പത്ത് വയസ്സിന് മുകളിലുള്ള ഒരു പാട് പേർ ഇതിലെന്നാ കാര്യമെന്ന് കരുതി കൊല്ലങ്ങളായി ളുഹർ ഖളാഈസാണ്. അവർക്കെന്ത്  തോന്നുന്നു ഇപ്പോഴുമെന്ന കാര്യത്തിൽ ഒരു ചെറിയ അന്വേഷണം നടത്തിയേ നിങ്ങൾ?  അപ്പോൾ കാണാം സൈക്കിളിന്ന് വീണ അവരുടെ ചിരി.

അന്തിച്ചാനൽ ചർച്ച കാണുന്നവരോട് കാണാത്തവർ ഒന്ന് ചോദിക്കുക - അല്ല മാഷേ, നിങ്ങൾ പറഞ്ഞ ആ മിനിഞ്ഞാന്നത്തെ കത്തുന്ന വിഷയമെന്തായി എന്ന് . അവർ പറയും - അത് കഴിഞ്ഞു, ഇന്ന് വേറെ വിഷയം. അത്രേ ഇക്കാര്യത്തിലും ഇവിടെ പ്രതീക്ഷിക്കേണ്ടൂ.

ജയ് മാതയും ജയ് അമ്മയും ജയ് ഉമ്മയുമൊക്കെ പറയാൻ കുറച്ച് തലക്കെട്ടുകൾ മാത്രം.

രക്തം ആർക്കും തിളക്കാം, തിളപ്പിക്കാം. അത് പക്ഷെ സമ്പാറു പോലെയായിപ്പോകരുത്.

No comments:

Post a Comment