Sunday 10 September 2017

ഓണച്ചിന്ത /എ. മാവില

ഓണച്ചിന്ത

എ. മാവില

'ഓണമെന്നല്ല ഏത് ആഘോഷങ്ങൾ വരുമ്പോഴും അഭിലഷണീയവും അനഭിലഷണീയവുമായ ചർച്ചകൾ വരുന്നത് ഈയ്യിടെയായി കൂടിക്കൂടി വരികയായിരുന്നു, ഈ വർഷം പക്ഷെ, അത് ചില ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായവ ഒതുങ്ങിയിട്ടുണ്ട്. അതൊരു സമകാലിക (അ)രാഷ്ട്രീയ ചോദ്യമായും ഇമ്മിണി വലിയ ചോദ്യചിഹ്നമായും മാറിയിട്ടുണ്ട്. അങ്ങിനെയതിനെ ഒതുക്കിക്കളഞ്ഞവരും സൂത്രപ്പണി ചെയ്തവരും മറഞ്ഞ് നിന്ന് ചിരിക്കുന്നുണ്ടാകും, തീർച്ച.

( താൽക്കാലികമെങ്കിലും) കുറച്ച് കാലത്തേക്ക്  അത്തരമൊരു ''അന്തരീക്ഷവും  പ്രതലവും " ഉണ്ടാക്കി തീർക്കുവാൻ ഒരു കാരണമായത്  ചിലർ കാടടച്ചും "ഈടുമ്മൂടു"മില്ലാതെയും   നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ഗൗരവമില്ലാതെഴുതിയ എഴുത്തുകളുമാണെന്നാണ്  എന്റെ  അഭിപ്രായം.  എന്നാൽ പിന്നെ, ഈ ഓണക്കാലത്ത് അങ്ങിനെയുള്ള പ്രസ്താവനങ്ങളൊന്നുമില്ലാതെ അവനവന്റെ ആചാരനുഷ്ഠാനങ്ങളിൽ തന്നെ ഒതുങ്ങാൻ കാരണമെന്തെന്ന് വിശദീകരിക്കപ്പെടണം.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഓണം ആശംസിക്കുന്നവർ മാത്രമാണ് എപ്പോഴും പ്രതിക്കൂട്ടിൽ ഒറ്റയ്ക്ക് ഏത്തമിടുന്ന കോലത്തിൽ കൊണ്ട് വരപ്പെട്ട് എറിയലിന് വിധേയമാക്കപ്പെടുന്നത്. അവരെ എറിയാൻ  ഒളിഞ്ഞിരുന്ന് പൊടിക്കല്ലെടുത്ത് കൊടുക്കുന്നവരിലോ അല്ലെങ്കിൽ ആ കല്ലേറിൽ നിന്ന് രക്ഷപെട്ടവരിലോ താഴെ പറയുന്നവർ തീർച്ചയായും ഉണ്ട്.

ഓണപ്പായസം ഹോട്ടലിൽ നിന്ന് കാശ് കൊടുത്ത് കഴിച്ചവർ.
ഓണപ്പായസം വെറുതെ കിട്ടിക്കഴിച്ചവർ .
ഓണക്കോടി സമ്മാനമായി കിട്ടിയർ.
ഓണ ബമ്പറിന് ടിക്കറ്റെടുത്തവർ .
ഓണക്കിഴിവിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർ.
ഓണക്കൂപ്പൺ വാങ്ങി പേരെഴുതി നറുക്കെടുപ്പ് കാത്തിരുന്നവർ.
ഓണാവധി ലഭിച്ചവർ .
ഓണാവധിയുടെ ശമ്പളം വേണ്ടെന്ന് വെക്കാതെ നന്ദിപൂർവ്വം വാങ്ങിയവർ.
ഓണബത്ത പുറംകാല് കൊണ്ട് ചവിട്ടാതെ ട്രഷറിയിൽ പോയി വാങ്ങിയവർ.
ഓണ മത്സരത്തിൽ പങ്കെടുത്തവർ.
ഓണപ്പരിപാടികൾ ചാനലിൽ മത്സരിച്ച് ഞെക്കിപ്പിഴിഞ്ഞ് നോക്കിയവർ.
ഓണാവധിക്ക് ടൂറിനിറങ്ങിയവർ.
ഓണക്കച്ചോടം  നടത്തി ലാഭം കൂട്ടിയവർ.
ഈ പട്ടിക നീളും ...

നിങ്ങൾ ഇപ്പോൾ നോക്കുന്നത് "സമൂഹ വിചാരണ" നേരിടാത്ത ഇവരിൽ ഏത് ഗണത്തിൽ പെട്ടവനെന്നായിരിക്കും.  അപ്പോൾ കണ്ടല്ലോ...

അടിപൊളി, വാ പോവാം.

No comments:

Post a Comment