Sunday 10 September 2017

*സാക്ഷരതാ ഓർമ്മകൾ* (1) /മാവില

*സാക്ഷരതാ ഓർമ്മകൾ* (1)
_______________

    *മാവില* 🌱
_______________

കുറിപ്പ് :
ഒന്ന് എന്നു പറഞ്ഞു തുടങ്ങുന്നു; ഒന്നിൽ തീരും, ഒന്നിൽ കൂടുതലുമാകാം.
___________________

ഡിഗ്രി പഠനം കഴിഞ്ഞതേയുള്ളൂ. വീട്ടുകാർ എന്നെ ഗൾഫിലേക്ക് വിടാനുള്ള കൊണ്ട് പിടിച്ച ശ്രമം ഒരു ഭാഗത്ത്. ഡിഗ്രി അടിസ്ഥാനമായ ഒന്ന് രണ്ട് പി.എസ്. സി പരീക്ഷയ്ക്ക് അപേക്ഷിക്കാനേ അന്നെനിക്ക് അവസരമുണ്ടായിരുന്നുള്ളൂ. നാട്ടിൽ കുറച്ച് കൂടി നിൽക്കാനുള്ള ആഗ്രഹം കൊണ്ട് എന്റെ ക്ലാസ്മെറ്റ്  ഹമീദലി ( പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. മാഷെ മകൻ) എടുത്ത നമ്പർ ഞാനുമിറക്കി - ഡിഗ്രി ഇംപ്രൂമെന്റിന് അപേക്ഷിക്കുക. സെപ്റ്റംബർ വരെ അതിന്റെ പേരിൽ ENGAGE ആകാമല്ലോ. അതിനിടക്ക് ഒരു വലിയ ചരിത്രസംഭവമൊരുങ്ങുന്നത് കാണാനും അതിന്റെ ഭാഗമാകാനും വളരെ സജിവമാകാനും എനിക്ക് ഭാഗ്യമുണ്ടായി, അതായിരുന്നു സമ്പൂർണ്ണ സാക്ഷരതാ യജ്ഞം.

പത്രവായനകൊണ്ടുണ്ടായ ഗുണമായിരുന്നു അതിന്റെ ഒന്നാം നാൾ തൊട്ട് തന്നെ  നേരിട്ടിറങ്ങി സജിവമാകാൻ സാധിച്ചത്. പഞ്ചായത്ത് ഭരിക്കുന്നത്  ഇടതുമല്ല; വലതുമല്ല. അന്ന് നമ്മുടെ വാർഡ് മെമ്പർ ആരാന്ന് എനിക്ക് ഇപ്പോൾ ഓർമ്മയുമില്ല. (  ടി. അബൂബക്കർ സാഹിബ്  മരണപ്പെട്ട് വാർഡിൽ നാഥനില്ലാകാലമായിരിക്കണം, ഓർമ്മ കിട്ടുന്നില്ല). പത്രങ്ങൾ അരിച്ച് പെറുക്കി വായിക്കുക എനിക്ക് അന്നൊരു ശീലമായിരുന്നു. അരി, മുളക്, പഞ്ചസാര,  അടക്ക, കൊപ്ര,വെളിച്ചെണ്ണ,  സ്വർണ്ണം ഏഴ് ഐറ്റംസിന്റെ അങ്ങാടി നിലവാരം വായിക്കുക ഫർദുൽ കിഫയിൽ പെട്ടതുമാണ് . ആരെങ്കിലുമൊരാൾ എന്നോട് ചോദിക്കും. എന്നെ പരീക്ഷിക്കുവാൻ വേണ്ടി വേറെ ചിലരും ചോദിക്കും,  ഇത് നേരെ ചൊവ്വെ പറയുന്നതാണോ വായിൽ തോന്നിയത് അടിച്ചു വിടുന്നതാണോ എന്നറിയാൻ , അങ്ങാടി നിലവാരം !

അന്ന്,   കാർഷികഗ്രാമക്കൂട്ടിൽ നിന്നും പട്ല പുറത്ത് വന്നിട്ടില്ല. "കണ്ടവും പേരോർത്തിയും " അത്ര കണ്ട് മോശം പണിയുമായിരുന്നില്ലന്ന്. നട്ടിപ്പെണ്ണുങ്ങളുടെ പോക്ക് വരവുകൾ നിന്നിട്ടില്ല.  മിക്ക വീടിന് മുന്നിലോ വലത് - ഇടത് വശങ്ങളിലോ ഉള്ള ആലയും ബൈപ്പണയും പുല്ലിൻ ച്ചൗട്ടും അപ്പാടെ എടുത്ത് മാറ്റിയിട്ടുമില്ല. കമുകിൻ തോട്ടങ്ങളിൽ "അമളകൾ " പെരുമ്പാമ്പ് മട്ടിൽ ബാക്കിയിരിപ്പുണ്ട്. അന്നത്തെ ജനങ്ങൾക്കും കൃതൃമത്വമില്ലായിരുന്നു. ഒരു വേള വന്ന ദേഷ്യം അത് ത്സടുതിയിൽ കെട്ടടങ്ങുന്നതോടെ തീരും.

പി. മുഹമ്മദ് കുഞ്ഞി സാഹിബ്, ഹമീസ്ച്ച പോലുള്ളവർ ഉറക്കെ വായിക്കുന്ന പത്രവാർത്തകൾ കേൾക്കാൻ അതിരാവിലെ "മദ്രസ്സിന്റടുത്ത് " എത്തിയിരുന്നവർ ധാരാളം.  പോക്കുച്ചാന്റെ, കുഞ്ഞമുച്ചാന്റെ, കുന്നിൽ ഔക്കൻച്ചന്റെ, മമ്മിൻച്ചാന്റെ, 'കൊല്ലത്തെ അദ്ലച്ചാന്റെ കടകളിൽ നിന്നും  കപ്പൽ അദ്ലൻചാന്റെ, ഞങ്ങളുടെ ഇച്ചാന്റെ, (പീടിക അബ്ദുല്ല സാഹിബിന്റെ മകൻ) പോക്കർച്ചാന്റദ്രാൻച്ചാന്റെ, അദ്ലച്ചാന്റമ്മദുൻച്ചാന്റെ, മമ്മിച്ചാന്റമ്പാച്ചന്റെ  വീടുകളിൽ നിന്നും കേൾക്കുന്ന റേഡിയോ വാർത്തകളായിരുന്നു അന്നത്തെ വഴിപോക്കർക്ക് വാർത്താശ്രയ കേന്ദ്രങ്ങൾ. അതൊന്നും 1990 ന്റെ ആദ്യ പകുതി വരെ എടുത്ത് പോയിരുന്നില്ല.

വായിക്കാനറിയാത്തവരും അന്ന് നമ്മുടെ നാട്ടിലുണ്ട്. എഴുത്തും വായനയുമില്ലാത്തവരും പ്രവാസികളായി ഗൾഫിലും ബൊമ്പായിലുമുണ്ട്. ഒബില്ലാഹി തൗഫീഖ്   കത്തുകൾ പല പ്രവാസികളുടെ റൂമുകളിലും എന്റെ കൈപ്പടയിലോ എന്റെ കൂട്ടുകാരുടെ കൈപ്പടകളിലോ ഇന്നും കാണും. ഞാനെത്തുന്നതിന് മുമ്പ് വർഷങ്ങൾ മുമ്പ് തന്നെ എന്റെ കയ്യക്ഷരങ്ങൾ ആകാശ കപ്പൽ കയറി മറുനാടിൽ എത്തിയിരുന്നെന്നർഥം.  അന്ന് പ്രവാസിഖത്ത് എന്ന് പറഞ്ഞിരുന്നത്  ഒബില്ലാഹി തൗഫീഖിൽ തുടങ്ങി  കാല് പിടിച്ച് സലാം വരെ തീരുന്ന ഒരു പ്രത്യേക ഈണത്തിലും താളത്തിലുമുള്ള എഴുത്ത് കുത്തിനെയാണ്.

മിക്ക കത്തിന്റെ തുടക്കത്തിലും ബി - 786 കാണാം.  ഞാൻ ഒരു കത്തിൽ A- 210 എന്ന് പെദ്മ്പിൽ എഴുതി, അവർ ചോദിച്ചു, അതെന്താന്ന് ? ഞാൻ പറഞ്ഞു : ആഊദുബില്ലാന്റെ കോഡാണെന്ന്.    അതോടെ ആ വീട്ടിൽ നിന്നുള്ള കത്തെഴുത്ത് സ്മൂത്തായി  ഒഴിവായിക്കിട്ടി.
എത്ര പൈസയും ചരക്കുമയച്ചാലും ബോംബെയിലുള്ള മോനെ പിന്നെയും പിന്നെയും കുറ്റപ്പെടുത്തി എഴുതുന്ന കത്തെഴുത്തിൽ എനിക്ക് മനസ്സാക്ഷിക്കുത്ത് തോന്നിയത് കൊണ്ട്, അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി എടുത്ത അടവായിരുന്നു എ- ടു ടെൺ ഫോർമുല.

ഒരാൾക്കെഴുതിയ കത്തിൽ, B - 786 ന്റെ നേരെ താഴെ നല്ല ചന്തത്തിൽ "നിലാവും കൊറ്റും " വരച്ച് ഖത്ത് കുറച്ച് കൂടി ദീനി ഡെക്കറേഷനാക്കിയപ്പോൾ, മറുപടി വന്നു - കഴിഞ്ഞ കത്ത് എഴുതിയ ഹംക്കിനെ കൊണ്ട് ഇനി കത്ത് എഴുതിക്കരുത്. നമ്മൾ ആ പാർടിക്കാരല്ല. "മക്കളെപ്പച്ചം" ആവുകയുമില്ല . അത് വായിച്ച് കൊടുക്കാനുമുള്ള സൗഭാഗ്യവുമെനിക്കു തന്നെയുണ്ടായി. അങ്ങിനെ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി.

ചില കത്തെഴുത്ത് ബഹുരസവും അറു ബോറനുമായിരുന്നു. ഓരോ സെൻറൻസ് എഴുതുമ്പോഴും ആദ്യം മുതൽക്ക് തന്നെ കാരണവന്മാർ വീണ്ടും വായിപ്പിക്കും. അങ്ങിനെ പച്ചമലയാളത്തിൽ എഴുതാനും പറ്റില്ല. " പിന്നെ അതിന്റെ അർഥം വേറെ പറഞ്ഞ് കൊടുക്കണം. അങ്ങിനെ പുലിവാലായ *ഒരു പട്ടമഹിഷി* കത്തുണ്ട്. പിന്നൊരിക്കൽ ആളും തരവും നോക്കി അത് എഴുതാം.

"ഒാാാാാാദ ആട്ത്തോളം പോയിറ്റാമ്പോ " ഇതൊക്കെ ഇന്ന് വാട്സ് അപ്പ് മലയാളത്തിൽ എഴുതാം. അന്ന് പറ്റില്ലല്ലോ.  "ഓദ " ഇത്ര എഴുതി, വായിക്കുന്നവൻ "ഒാാാാാാദ" എന്ന് മനസ്സിലാക്കിക്കൊള്ളണം. എഴുതിവൻ ഈ നിരക്ഷരകുക്ഷിയുടെ മുമ്പിൽ വീണ്ടും വീണ്ടും വായിച്ച് കേൾപ്പിക്കുമ്പോൾ അമ്മാതിരി നീട്ടിയും വായിച്ച് അയാളെ / അവരെ ബോധ്യപ്പെടുത്തുകയും വേണം.

എഴുതാൻ അറിയുന്നവർ തന്നെ സ്വയം ജാഹിലായി അഭിനയിച്ചും ഓസിന് കത്തെഴുതിപ്പിക്കുന്ന സന്ദർഭളുമുണ്ട്. ചില വിരുതന്മാർ പോസ്റ്റ് ചെയ്യാൻ കൊണ്ട് പോകുന്ന കത്തിലെ സ്റ്റാമ്പ് ചുരണ്ടിയെടുത്ത് പോസ്റ്റ് ചെയ്ത് കളയും. അധികം കത്തുകളും സ്റ്റാമ്പില്ലാതെ ഗൾഫ് പോകുന്നവരുടെ കയിലാണ് കൊടുക്കുക. ചില കുട്ടിവിരുതന്മാർ ചെയുന്നത് അറിയുമോ ?  ആരെങ്കിലും ഗൾഫിലോ ബോംബെയിലോ പോകുന്നെന്നതറിഞ്ഞാൽ ധൃതിയിൽ കത്തെഴുതിച്ച് സ്റ്റാമ്പിന്റെ കാശും വാങ്ങി, അക്കാശിന്റെ അരുൽ ജ്യോതിയോ, അണ്ണാച്ചിയച്ചാറോ തിന്ന്, കത്ത് ബൈ-ഹാൻഡ് ഏൽപ്പിച്ച് കളയും. സ്റ്റാമ്പ് കൊണ്ട് ഒരു മാസത്തെ പോക്കറ്റ് മണി വരെ ഒപ്പിക്കുന്ന വിരുതന്മാർ വരെ അന്നുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയുള്ള ഒരന്തരീക്ഷത്തിൽ, തികച്ചും അനിവാര്യമായ  ഒരു വെൽ പ്ലാൻഡ് ലിറ്ററസി മിഷന്റെ ആവശ്യമുണ്ടെന്ന് എല്ലാവർക്കും തോന്നുന്ന ഘട്ടത്തിലാണ്  അന്നത്തെ സർക്കാർ ( നായനാർ സർക്കാർ ) പ്രഖ്യാപിച്ച കേരളാ സമ്പൂർണ്ണ സാക്ഷരതാ പ്രൊജക്ട് നാട്ടുകാർ കേട്ടത്.
                                 (തുടരും)
_____________________
Rtpen.blogspot.com

No comments:

Post a Comment