Wednesday 20 September 2017

മിനിക്കഥ/ അസീസ്‌ പട്ള / ചീരബലാദികസായം

മിനിക്കഥ*

*അസീസ്‌ പട്ള*
________________

ചീരബലാദികസായം
(1960 ലെ ഒരു രോദനം)

ചുമ നിര്‍ത്തുമ്പോള്‍ ഇടയ്ക്ക് പറയും

“യെന്‍റെ മോനിണ്ടാഞ്ഞങ്ക്... (വീണ്ടും ചുമക്കുന്നു) ധര്‍മ്മാസത്രിക്ക്കൊണ്ടോട്ടാഞ്ഞി, എന്നാട്ട്യും മിന്നെ അല്ലാഹ് ഓനെ പിര്സം ബെച്ചി, കിടാക്കവും എതീമായി”,

ചുമച്ചു കൊണ്ട് മുഴുമിച്ചു,

പുറത്തു നല്ല മഴ, നേരം പാതിരയോടടുത്തു.,

ചുമരിനടപ്പുറത്ത് മരുമകള്‍ എല്ലാം നിസ്സംഗതയോടെ കേട്ടുനിന്നു, ഇദ്ദ കഴിയാന്‍ ഇനിയുമുണ്ട് രണ്ടാഴ്ച...മാറത്തു തലചാച്ചുറങ്ങുന്ന മോനെ മെല്ലെ വകഞ്ഞു മാറ്റി, ഉമ്മയുടെ ചാരത്തിരുന്നു നെഞ്ചില്‍ തടവിക്കൊടുക്കുത്തു., ദീര്‍നീശ്വാസത്തോടെ മരുമകളെ നോക്കി.  കലങ്ങിവെളുത്ത കണ്ണുകളിലെ കൃഷ്ണമണികള്‍ ആര്‍ദ്രമായിരുന്നു.

“നീയെന്നിനി ബന്നേ, ആ കിടാക്കോഒറ്റക്കാവും”,

മണ്‍ചുമരില്‍  ഓല മേഞ്ഞ രണ്ടുമുറി കുടില്‍, അടുക്കള കിഴക്ക് ഭാഗത്ത്‌ മേല്‍പുരക്ക്ചാരെ ഇറക്കി ഓല ചെറ്റ കൊണ്ട് മറച്ചിരിക്കുന്നു, ഇരുവശങ്ങളിലും  ത്രികോണാകൃതിയില്‍ മേല്‍ഭാഗം തുറന്നുകിടന്നു., മക്കളുടെ ഉപ്പ മരിച്ചതില്‍ പിന്നെ അടുക്കളവാതില്‍ ഇശാബാങ്കിന്  ശേഷം തുറക്കാറില്ല, കൂലിപ്പണിക്കാരനാണെങ്കിലും കുടുംബത്തെ ജീവനെക്കാളേറെ സ്നേഹിച്ചു, വലീയമരം മുറിച്ച് വലിച്ചിടുമ്പോള്‍ ഓടാന്‍ പറ്റാതെ വീണുപോയി, മരച്ചില്ലകള്‍ ആഞ്ഞടിച്ചു തല്‍ക്ഷണം... കൊതി തീരും മുമ്പ്......അറിയാതെ വിതുമ്പിപ്പോയി, തട്ടത്തിന്‍ തുമ്പില്‍ കണ്ണു തുടച്ചു മൂക്ക് പിഴിഞ്ഞു..

ഉമ്മ ചുമച്ചു കൊണ്ടേയിരുന്നു.,

“ഞാന്‍ ചീരബലാദി കസായം ഇണ്ടാക്കീട്ട് കൊണ്ടെര്‍ന്നെ, ഉമ്മ കേട്ക്ക്..”

“വേണ്ട, മിന്നെറിന്നു.... (ചുമക്കുന്നു) നീ പോണ്ട....കാല്‍ത്തെയാവോനായി”

കിടന്ന മരപ്പലകയില്‍ നിന്നും ഇടതു കൈ തറയില്‍ തപ്പി ചരിഞ്ഞു കിടന്നു കോളാമ്പിയില്‍ തുപ്പി, ചിമ്മിനി കാറ്റിലണയാതിരിക്കാന്‍ ഇടതു കൈയ്യില്‍ പൊത്തിപ്പിടിച്ചു സസൂക്ഷ്മം നീങ്ങുന്ന മരുമകളെ കീഴ്ചുണ്ട് നുണഞ്ഞു കൊണ്ട് സാകൂതം നോക്കി,

വാതില്‍ തുറന്നു പുറത്തു വച്ച കാലുകള്‍ അതിലും വേഗത്തില്‍ തിരിച്ചെടുത്തു, കണ്ണഞ്ചിപ്പിക്കുന്ന മിന്നല്‍ പിണറുകള്‍ സ്ഫുരിക്കുന്ന അഗ്നിസ്ഫുലിംഗങ്ങള്‍  പരത്തി  മിന്നിമറഞ്ഞു, ച്മ്മിനിത്തിരി കാറ്റില്‍ നൃത്തം വച്ചു., നനവ്‌ മാറാന്‍ രണ്ടായി കീറി തല കീഴാക്കിയ മടലില്‍ അല്പം ചിമ്മിനി എണ്ണ തൂവി ചകിരി നിരത്തി തീ കൂട്ടി.

ചാരി വച്ച പൊട്ടിയ മണ്‍കലത്തിന്‍റെ അടിഭാഗം അടുപ്പത്തുവച്ചു ലേശം ജീരകം ഇട്ടു വറുത്തു, വെള്ളമൊഴിച്ച്  ചിരട്ടത്തവിയില്‍ ഇളക്കിക്കൊണ്ടേ യിരുന്നു.  കുറെ തിളച്ചു കഴിഞ്ഞപ്പോള്‍ ചെറിയ മണ്‍പാത്രത്തിലൊഴിച്ച്   പകര്‍ന്നു, അടുപ്പിന്‍മേലെ മരത്തട്ടില്‍ നിന്ന് പുക പിടിച്ച ഒരു ചെറിയകുപ്പിയെ ചൂടുപിടിപ്പിച്ചു തൈലത്തെ (ക്ഷീരബല) ഉരുക്കി, മണ്‍പാത്രത്തിലൊഴിച്ച് ഇളക്കി ഉമ്മാക്ക് കുടിപ്പിച്ചു, കുപ്പിയില്‍ നിന്നും തൂവിയ തൈലം ഉമ്മയുടെ നെഞ്ചിലും മുടുകത്തും തടവി കൊടുക്കുത്തു പായയില്‍ കിടന്നതുണിയെടുത്ത് പുതപ്പിച്ചു,  ഉമ്മ കുറേ നേരം ഉറങ്ങി...

ഉറങ്ങാത്ത മനസ്സും അടയാത്ത കണ്‍പോളകളുമായി  കുന്തിച്ചിരുന്നു മുട്ടു കാലില്‍ താടി ചേര്‍ത്തുവച്ചു ചിന്താ നിമഗ്നയായി.........അതിരുകളില്ലാത്ത  ചിന്ത..


No comments:

Post a Comment