Sunday 10 September 2017

നന്മയുടെ ഒരു നക്ഷത്രവും കൂടി കെട്ടണഞ്ഞു. /അസ്ലം മാവില

ഇല്യാസ് എ . റഹ്മാൻ :
നന്മയുടെ ഒരു നക്ഷത്രവും
കൂടി കെട്ടണഞ്ഞു

http://googleweblight.com/i?u=http://www.kasargodvartha.com/2017/09/ilyas-rahman-no-more.html%3Fm%3D1&hl=en-IN&geid=1006

അസ്ലം മാവില

ദുബായിൽ വെച്ച് പരിചയപ്പെട്ട ഒരു പാട് മുഖങ്ങളുണ്ട്. അവരിൽ മറക്കാൻ പറ്റാത്ത ചുരുക്കം ചില മുഖങ്ങളിലൊന്നാണ് ഇല്യാസ്ച്ച. ഉത്തരദേശത്തിൽ കോളമെഴുതുന്ന ഒരു തളങ്കര സ്വദേശിയുണ്ട്, ദേരയിലെ ഒരു പ്രശസ്ത റീട്ടൈൽ വാച്ചസ് & ജ്വല്ലറി ഷോറൂം മാനേജറണ് എന്നറിഞ്ഞപ്പോൾ ഒരു കൗതുകത്തിന്റെ പുറത്ത് അദ്ദേഹത്തെ പരിചയപ്പെട്ടതാണ്. ഇത്രയും മൃദുല ഹൃദയനും വിനയാന്യിതനും ആതിഥ്യമര്യാദ അണുകിട തെറ്റാതെ കാത്ത്സൂക്ഷിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ അന്ന് നേരിൽ കാണുകയായിരുന്നു.

പിന്നീട് ഒരുപാട് വട്ടം ആ വലിയ മനഷ്യനെ കണ്ടു. ഒരുപാട് വിഷയങ്ങൾ സംസാരത്തിൽ പങ്ക് വെച്ചു.

ദുബായിൽ കെസെഫിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യ കൂടിയാലോചന യോഗം ഓർമ വരുന്നു. ഹസൈനാർ തോട്ടുംഭാഗത്തിന്റെ വസതിയിലാണ് ആദ്യ യോഗം.  ബേവിഞ്ച അബ്ദുല്ല, യഹ് യ തളങ്കര,  എസ്.കെ., സി.പി. ഉബൈദ് തുടങ്ങി വളരെ കുറച്ച് പേർക്കിടയിൽ ഇല്യാസ് എ. റഹ്മാനുമുണ്ട്. അന്നദ്ദേഹം തനിക്ക് ലഭിച്ച സമയം വളരെ ആറ്റിക്കുറുക്കി പതിഞ്ഞ സ്വരത്തിൽ സംസാരിച്ചത് സ്പോർട്സ് & ഗെയിംസിനെ കുറിച്ചായിരുന്നു.

ഇല്യാസ്ച വളരെ കുറച്ച് വേദികളിലേ സംസാരിക്കാൻ എഴുന്നേറ്റിട്ടുണ്ടാവുക എന്നെനിക്ക് തോന്നുന്നു. ആദ്യം സംസാരിച്ച വേദിയും ഒരു പക്ഷെ  ഞാനും എസ്. അബൂബക്കറും ബി. ബഷീറും സജീവമായ ദുബായിലെ ഒരു സാംസ്കാരിക വേദിയിലുമായിരിക്കും. മുഖ്യ പ്രഭാഷണമായിരുന്നു ഇല്യാസ് സാഹിബിന് നൽകിയത്. എഴുതിത്തയ്യാറാക്കിയാണ് അദ്ദേഹമന്നവതരിപ്പിച്ചത്.  മഹാകവി ഉബൈദിന്റെ കവിതാ ശകലങ്ങൾ യഥേഷ്ടം ആ പ്രഭാഷണത്തിലുണ്ടായിരുന്നു. പത്രത്തിൽ ഫോട്ടോയും വാർത്തയും വന്നപ്പോൾ അതൊന്നും വേണ്ടിയിരുന്നില്ല എന്നദ്ദേഹം ഞങ്ങളോട് പരിതപിച്ചു.

ഫുഡ് ബോളിന്റെ തോഴനാണ് ഇല്യാസ് സാഹിബ്.  അദ്ദേഹത്തിന് കാൽപന്ത് കളിക്ക് നാട്ടിലുണ്ടായിരുന്ന അതേ ആവേശം യു.എ.ഇയിലെത്തിയപ്പോഴും ഇല്യാസ് സാഹിബ്  കൈ വിട്ടില്ല. കളിച്ച് മാത്രമല്ല കളിക്കാരെ മതിയാവോളം പ്രോത്സാഹിപ്പിച്ചും അദ്ദേഹം മൈതാനത്തും പുറത്തും താരമായി. നാട്ടിലേക്കുളള അവധിക്കാല യാത്രകളിൽ "ഒരു കൊട്ട ഫുഡ് ബോളുകൾ " എന്നും ലഗേജിൽ വെക്കുമായിരുന്നത്രെ!

എന്റെ മകൻ സാൻ കവിതകളുടെ തോഴനെന്നറിഞ്ഞപ്പോൾ, എന്റെ FB പേജ് തപ്പിപ്പിടിച്ച്  ആശംസകളറിയിച്ചു. തളങ്കരയിൽ ''തിരുമുറ്റത്ത് "  സാഹിത്യോത്സവത്തിൽ സാൻ പങ്കെടുക്കാൻ നിർബന്ധിച്ചതും ഇല്യാസ് എ. റഹ്മാൻ തന്നെ. എന്നും പ്രോത്സാഹിക്കാൻ മാത്രമറിയുന്ന ആ ശുഭ്രമഹാമനസ്ക്കനാണ് ഇന്ന് വിട പറഞ്ഞത്.

ഉദാരമതിത്വമാണദ്ദേഹത്തിന്റെ മറ്റൊരു പ്രത്യകത. ഒരാളെയും "നോ"  പറഞ്ഞ് തിരിച്ചയക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു.

എളിമയുള്ള വാക്കുകളും വിനയം കൈവിടാത്ത പെരുമാറ്റവും ആത്മാർതഥ നിറഞ്ഞ ഇടപെടലുകളുമൊക്കെ തന്നെയാണ്  ഇല്യാസ്ചയെ വ്യത്യസ്തനാക്കിയത്.  "കുലീനൻ, മാന്യരിൽ മാന്യൻ " എനിക്കല്ല ആർക്കും അങ്ങിനെ മാത്രമേ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ സാധിക്കൂ.

എഴുത്തിനോടും വായനയോടും അദ്ദേഹം അടുപ്പം കാണിച്ചു. കാലിക വിഷയങ്ങളിൽ അദ്ദേഹം തന്റെ അഭിപ്രായങ്ങൾ കുറിപ്പുകളിൽ എഴുതി ഫലിപ്പിച്ചു. മധ്യപൗരസ്ത്യ വിഷയങ്ങളിൽ അദ്ദേഹത്തിന് നല്ല അവഗാഹവുമുണ്ടായിരുന്നു.

പരിചയപ്പെട്ടവർക്കൊക്കെ ആ നല്ല മനുഷ്യന്റെ നല്ല ഓർമ്മകൾ എന്നും മനസ്സുകളിൽ പച്ചയായി നിലനിൽക്കും.

അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കാം.

No comments:

Post a Comment