Thursday 21 September 2017

ഊഞ്ഞാലനുഭവങ്ങൾ / മാവില

ഊഞ്ഞാലനുഭവങ്ങൾ

മാവില
ഊഞ്ഞാൽ കഥകൾ ഗൃഹാതുരത്വത്തിന്റെ കഥകൾ കൂടിയാണ്. ഖന്നച്ചയുടെ ഊഞ്ഞാലനുഭവം വായിച്ചപ്പോൾ മനസ്സ് പിന്നോട്ട് പോയത് 40 വർഷങ്ങൾക്കുമപ്പുറം.

ഊഞ്ഞാലുള്ളത് കൊളങ്കരയിൽ കാക്കഉമ്മാന്റെ വീട്ടിൽ, ഇടത്തെണയിൽ. ഞാനും മൂത്ത പെങ്ങളുമവിടെയെത്തിയാൽ ഊഞ്ഞാലിന്റെ ആധിപത്യം പിന്നെ ഞങ്ങളുടെ കയ്യിലാണ്! അവിടെയുള്ള മൂത്തവർ ഞങ്ങളെ ആട്ടിത്തന്നോണം, സ്പീഡ് കുറെ കൂടാൻ പാടില്ല. അത് കൂടിയാൽ എന്റെ വാവിട്ട നിലവിളിയിൽ വീട് മാത്രമല്ല,  പരിസരവും നാറും.

കാക്കഉമ്മാന്റെ വീട്ടിലെ ഊഞ്ഞാൽ ഒരു ഏണിക്കഭിമുഖമായാണ് ഉള്ളത് . ചങ്ങലയിൽ കോർത്ത നല്ല കൊത്ത് പണി തീർത്ത പലക. ആളുകളുടെ പാകത്തിനനുസരിച്ച് പലക താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. അൽപം ചെരിഞ്ഞിരുന്ന്,  നിലത്ത് അൽപം മർദ്ദത്തിൽ ചവിട്ടിയാണ് ഞങ്ങൾ ഊഞ്ഞാൽ വേഗത കൂട്ടുക. സ്പിഡ് തികയാതെ വരുമ്പോഴാണ് പിന്നിൽ നിന്ന് വലിയ പെണ്ണുങ്ങൾ തള്ളിത്തരിക.

ഊഞ്ഞാലിൽ അധികമിരുന്നാടിയാൽ ഒരു തലകറക്കമുണ്ട്, അത് അനുഭവപ്പെടുന്നതോടെയാണ്  ഊഞ്ഞാലിൽ നിന്നും ഞാനിറങ്ങുക. ചില അയൽവാസി കുട്ടികൾ,  അവർ ഇരിക്കാനും എന്നെ ഇറക്കാനും  എനിക്ക് അനുഭവപ്പെടാത്ത തലക്കറക്കം ഉമ്മറത്ത് പോയി ഉമ്മാനോട് പറയും. അതോടെ എന്റെ ഊഞ്ഞാലാട്ടവും ഒരു തീരുമാനത്തിലെത്തും. അവിടെ എന്ത് ലോ പോയിന്റ് പറഞ്ഞാലും ഉമ്മ എന്നെ ചെവികൊടുക്കില്ല.

കരീം ഭായിയുടെ തറവാട് വീട്ടിലും കണ്ണാടി ഔക്കുച്ചാന്റെ വീട്ടിലുമുള്ള ആടുന്ന ഊഞ്ഞാൽ മനസ്സിൽ മിന്നിമിന്നി വരുന്നു.

"ഉഞ്ഞാല്, ബമ്പാല് ..."

ആ ഈരടികൾക്ക് മരണമില്ല .

No comments:

Post a Comment