Saturday 16 September 2017

സാക്ഷരതാ ഓർമ്മകൾ (2) /മാവില

*സാക്ഷരതാ ഓർമ്മകൾ* (2)
_______________

    *മാവില* 🌱
_______________
___________________

പത്രത്തിൽ ഒരു അറിയിപ്പ് കണ്ടു, കാസർകോട് ജില്ലാതല സാക്ഷരതാ വർക്ക് ഷോപ് നടക്കുന്നു. താത്പര്യമുള്ളവർ ബന്ധപ്പെടാൻ. അത് നായനാരുടെ രണ്ടാം മന്ത്രി സഭയാണ് ഭരണത്തിൽ. കണ്ണൂർക്കാരനായ കെ. ചന്ദ്രശേഖരനാണ് വിദ്യഭ്യാസ മന്ത്രി. ( കൂട്ടത്തിൽ കൗതുകകരമായ രാഷ്ട്രീയം കൂടി പുതിയ തലമുറയെ കേൾപ്പിക്കട്ടെ. നായനാരുടെ ഭരണ കാലാവധി 26 മാർച്ച് 1987 - 17 ജൂൺ 1991. നാല് ദിവസം കൂടി ഭരണം കയ്യിലുണ്ടായിരുന്നെങ്കിൽ (അതിന് കാരണം കേന്ദ്രത്തിൽ ആര് പ്രധാനമന്ത്രിയാകുമെന്ന കൊണ്ട് പിടിച്ച കോൺഗ്രസ്സ് ചർച്ച ആഴ്ചകളോളം നീണ്ടതും അതിലുപരി കാലാവധി തീർക്കാതെ ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന ഇലക്ഷൻ നടത്താൻ  നായനാർ തന്റെ മന്ത്രിസഭ ഒരാവേശത്തിന് പിരിച്ചുവിട്ടതുമാണ് ) തന്റെ നാലേകാൽ വർഷത്തെ ഭരണത്തിൽ നാല് പ്രധാനമന്ത്രിമാരെ കാണാനുള്ള യോഗമുണ്ടായേനേ, രാജിവ് ഗാന്ധി, വി.പി. സിംഗ്, ചന്ദ്രശേഖർ, നരസിംഹറാവു. പക്ഷെ  പി.വി. എൻ. റാവു പക്ഷെ ജൂൺ 21നാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

60 കളുടെ അവസാനം തന്നെ ഏഷ്യൻ രാജ്യങ്ങളിലെ നിരക്ഷരത ഒരു വലിയ വിഷയമായിരുന്നു . ഏറ്റവുമവസാനം 69 ൽ ടെഹ്റാനിൽ ചേർന്ന എഷ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ യോഗം ചേർന്ന് നിരക്ഷരതാ നിർമ്മാർജനത്തെ കുറിച്ച് കൂലങ്കുഷമായി ചർച്ച ചെയ്തു.
1987 ൽ ഡൽഹി ആസ്ഥാനമായി ഏഷ്യൻ രാജ്യങ്ങളുടെ "APPEAL" (Asia Pacific Programme of Education For All) എന്ന പേരിലുള്ള മുന്നേറ്റത്തിന് തുടക്കവുമിട്ടു.

ദാരിദ്യം, ഭക്ഷ്യക്ഷാമം, പോഷകാഹാരക്കുറവ്, പരിസ്ഥിതി പ്രശ്നങ്ങൾ, ബാല വിദ്യാഭ്യാസത്തിലെ അപര്യാപ്തത, സാങ്കേതിക പിന്നോക്കാവസ്ഥ,  ഋണ ബാധ്യത, മനുഷ്യാവകാശ ലംഘനങ്ങളുടെ വർദ്ധനവ്, ഭികര പ്രവർത്തനങ്ങൾ, അശാസ്ത്രീയ ജനസംഖ്യാ വർദ്ധനവ് തുടങ്ങി ഒരു പാട് വെല്ലുവിളികൾ നിരക്ഷരതയുമായി  ബന്ധപ്പെട്ടതെന്ന് APPEAL ൽ അഭിപ്രായമുണ്ടായി. അങ്ങിനെയാണ് നിരക്ഷരതാ നിർമ്മാജർനം ഒരു വലിയ ലക്ഷ്യമായും അത് പ്രവർത്തിയിൽ കൊണ്ട് വരിക എന്നത് ഏറ്റവും ദുഷ്കരമായ ഒന്നായും എല്ലാവരും തിരിച്ചറിയുന്നത്.

എല്ലാ പിന്നോക്കാവസ്ഥകളുടെയും മാതാവ് നിരക്ഷരതയെന്ന ആ തിരിച്ചറിവിൽ നിന്നാണ് 80 കളുടെ അവസാനം എറണാകുളം ജില്ലയിൽ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കുന്നതും 90 ൽ പ്രധാനമന്ത്രിയായിരുന്ന VP സിംഗ് വിജയകരവും അഭിമാനകരവുമായ ആ ദൗത്യപൂർത്തീകരണത്തിന്റെ പ്രഖ്യാപനം നടത്തുന്നതും.

ഈ സാംപിൾ പരീക്ഷണ വിജയത്തിൽ നിന്നാണ്  കേരളത്തെ ലോക ഭൂപടത്തിലെത്തിക്കുവാനുള്ള കൂട്ടായ ആലോചന നടക്കുന്നത്, സമ്പൂർണ്ണ  സാക്ഷരതാ കേരളമെന്ന സ്വപ്ന പദ്ധതി പ്രഖ്യാപിക്കുന്നതും.

എന്റെ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചേർന്ന ആദ്യ ജില്ലാതല സമ്പൂർണ്ണ സാക്ഷരതാ കൂടിയാലോചനാ യോഗത്തിലാണ് ഞാൻ പത്രവാർത്ത കണ്ട് സംബന്ധിക്കുന്നത്. കാസർകോട് ഗവ. സ്കൂളിലാണ് ആ യോഗം. അപ്പുക്കുട്ടൻ മാഷെപ്പോലുള്ള പ്രഗത്ഭർ ആ യോഗത്തിലുണ്ട്. പിന്നെ ഒരു പാട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും. മധൂർ പഞ്ചായത്തിൽ നിന്നും ആദ്യ മണിക്കൂറിൽ എത്തിയത് ഞാൻ മാത്രമായിരുന്നു. എല്ലാ പഞ്ചായത്തിലേക്കും ബന്ധപ്പെട്ടവർ നോട്ടീസ് അയച്ചിട്ടുണ്ടെന്ന്  അവിടെ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് മാരിൽ നിന്നും അറിയാൻ കഴിഞ്ഞു.  ഒരു മണിക്കൂർ കഴിഞ്ഞ് നമ്മുടെ പഞ്ചായത്തിൽ നിന്നും പ്രസിഡൻറ്, മറ്റു രണ്ട് മൂന്ന് പേരും എത്തിത്തുടങ്ങി.

അവിടെ നിന്ന് തന്നെ  പ്രസിഡന്റിന്റെ നേതൃത്യത്തിൽ അതത് പഞ്ചായത്തിൽ ഒരു കോർ കമ്മിറ്റി രൂപീകരിച്ചു.  മധൂർ പഞ്ചായത്തിന്റെ കൺവീനർ റൈ മാഷെയും അദ്ദേഹത്തിന് കീഴിൽ ഞാൻ, രാഘവൻ മാഷ് ഉൾപ്പെടെ നാലഞ്ച് പേരെ മാസ്റ്റർ ട്രൈനിമാരായും തെരഞ്ഞെടുത്തു.

ആ വർക്ക്ഷോപിൽ മലയാളത്തിനായിരുന്നു മുൻതൂക്കം. അത് കൊണ്ട് എനിക്കും രാഘവൻ മാഷിനും പ്രത്യേക പരിഗണനയും ലഭിച്ചു.

ഉച്ചഭക്ഷണത്തിന്  പിരിഞ്ഞപ്പോൾ കൊല്ലത്തെ അൾക്ക് പട്ടറെ മര്യോളാണോ (ബ്ലോക്ക് മെമ്പറാണോ എന്ന് ഓർമയില്ല), സ്റ്റാൻഡിംഗ് കമിറ്റിയിലെ ആരെങ്കിലോ എന്ന് ഓർമ്മയില്ല, ഞാൻ പപ്പടം പൊടിച്ച് സാമ്പാർ കൂട്ടി ചോറ് ഉരുട്ടി വിഴുങ്ങുമ്പോൾ , അവർ എന്റെ മുമ്പിൽ വന്നിരുന്നു. എന്നോട് തൊണ്ടയിൽ കുടുങ്ങിയ ചോറ് വിഴുങ്ങാൻ ആംഗ്യം കാണിച്ചു. എന്നിട്ട്  ചോദിച്ചു:

"അസ്ളാ ...നിമ്മൾ ഏടെ ?"
"പട്ളത്ത് "
"ഈ സംഗതി എങ്ങനെ നിമ്മൾക്ക് ഗൊത്തായത് ?"
"എന്നെ അവർ വിളിച്ചതാ"
"ഈടെ മീട്ടിംഗ് പുള്ള് മളിയാളം ഒന്നും ഗൊത്താന്ന്ല്ലപ്പാ, ഓറ് എന്ത് പർഞ്ഞെ ?"
"സാക്ഷരതാ പ്രൊജക്ടാണ് പർഞ്ഞെ. "
"അത് ഹൌദു; ബട്ട് ഞമ്മക്കൊന്നും ബാക്കി പർഞ്ഞത് തല്ക്ക് കേർന്ന്ല്ലാ"

(ബാക്കി തുടർ ലക്കത്തിൽ  )

No comments:

Post a Comment