Saturday 30 September 2017

വ്യക്തിഹത്യ ട്രോൾ കുപ്പായമിടുമ്പോൾ/ S A P

വ്യക്തിഹത്യ
ട്രോൾ കുപ്പായമിടുമ്പോൾ

S A P

"ഒരാളുടെ കൈവീശാനുള്ള സ്വാതന്ത്ര്യം അന്യന്റെ മൂക്ക് തുടങ്ങുന്നേടത്ത് അവസാനിക്കുന്നു" എന്ന് പറയാറുണ്ട്.

സ്വാതന്ത്ര്യം എന്നത് തന്റെ സഹജീവിയോട് അതിക്രമം പ്രവർത്തിക്കാനുള്ളതല്ല. മനുഷ്യൻ സാമുഹിക ജീവിയാണ് എന്നത് പരീക്ഷയിൽ മാർക്ക് തരാൻ വേണ്ടി എഴുതിപ്പിടിച്ച വരികളല്ല. സാമാന്യബുദ്ധി മാർക്കറ്റിൽ നിന്നും വിലക്ക് വാങ്ങാനുമാവില്ല!
ഇതൊക്കെ പ്രായപൂർത്തിയായ ബുദ്ധിയും വിവേകമുള്ള മനുഷ്യരോട് കൂടെക്കൂടെ വിസ്തരിച്ച് പറയേണ്ടിവരുന്നത് തന്നെ ഒരു വലിയ ദുരന്തമാണ്.

സാമൂഹ്യ ജീവി എന്ന നിലയിൽ ഇടപെടലുകൾക്ക് ചില മര്യാദകൾ ശീലിക്കേണ്ടതുണ്ട്.  ഒരാളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന രീതിയിൽ പൊതുവേദിയിൽ പെരുമാറാൻ പാടില്ല. പൊതുവെ ബുദ്ധിസ്ഥിരതയില്ലാത്തവരും ലഹരിബാധിതരുമൊക്കെയാണ് നിലതെറ്റി പ്രതികരിക്കാറുള്ളത്. വിവേകമുള്ള മനുഷ്യർ അമാന്യമായി പെരുമാറുകയും എന്നിട്ടത് എന്റെ സ്വാതന്ത്ര്യമാണ് എന്ന് പറയുകയും ചെയ്യില്ല; ചെയ്യാനും പാടില്ല.

ട്രോളായാലും സർക്കാസമായാലും  വ്യക്തിഹത്യാ സർക്കസ്സ് കളിക്കാൻ സോഷ്യൽ മീഡിയാ പൊതുയിടങ്ങൾ  ദുരുപയോഗം ചെയ്യുന്നത് ഇന്ന് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു.  വന്ന് വന്ന് കൊച്ചു കൊച്ചു കൂട്ടായ്മകളിലത്  ബെർത്ത് നേടാനും തുടങ്ങിയിരിക്കുന്നു!  ഫലം,  വിദൂര ഭാവിയിൽ കുടുബകലഹങ്ങളിലേക്കത്  വഴി തെളിയിക്കും.

വ്യക്തിഹത്യയും ആക്ഷേപഹാസ്യവും വേർതിരിക്കാൻ അവനവന്റെ "ഞൊടിഞായ അളവ് കോലുകൾ " ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കിൽ പ്രാദേശിക കൂട്ടായ്മകളുടെ സക്രിയത്വം തന്നെ നിശ്ചലമാകും. അതാവാം ചിലർ ഉദ്ദേശിക്കുന്നതും.

ഇവിടെ തുപ്പരുത് എന്നെഴുതിവെച്ചിരിക്കുന്നത് ഇവിടെ കാർക്കിച്ച് തുപ്പാനുള്ള അനുവാദമാണ് എന്നാരെങ്കിലും കരുതുമോ? അങ്ങനെ കരുതുന്നിടത്തേക്കാണ് ഇപ്പോൾ പലയിടങ്ങളിലും കാര്യങ്ങൾ എത്തി നിൽക്കുന്നത്.

No comments:

Post a Comment