Thursday 14 September 2017

സാനിന്റെ "ഫ്രെയിം " എന്റെ വായനയുടെ ഫ്രെയിമിൽ/ അസ്ലം മാവില

ആസ്വാദനം:

സാനിന്റെ
"ഫ്രെയിം "
എന്റെ വായനയുടെ
ഫ്രെയിമിൽ

അസ്ലം മാവില

ഒരു പിതാവ് മകനെ വായിക്കുന്നതല്ല; കവിയെ ഒരു വായനക്കാരൻ നോക്കിക്കാണുന്നത് മാത്രമെന്ന്  തുടക്കത്തിൽ തന്നെ പറഞ്ഞു വെക്കട്ടെ.

ലളിത പദങ്ങൾ മാത്രമുപയോഗിച്ച് വായനക്കാരനെ ദുർഗ്രാഹ്യതയുടെ മുൾമുനയിൽ നിർത്തുക എന്നത് സാൻ കവിതകളുടെ പ്രത്യേകയാണ്. തന്റെ വായനക്കാർ അത്ര മതിയെന്നോ, മതിയാവുന്നവർക്ക് വായിക്കാനുള്ളതേ താൻ കവിതയിൽ കുറിച്ചിട്ടുള്ളൂവെന്നോ എന്തോ ആകട്ടെ അത് കവിക്ക് വിടാം.

കവിതയുടെ രണ്ടാം Stanza യിൽ മുഴുവൻ 1948 മുതലിങ്ങോട്ട്  പറഞ്ഞു വരുന്നുണ്ട്.  ഗാന്ധി വധം, ബാബ്റി മസ്ജിദ് ഡെമോളിഷൻ, സഫ്ദർ ഹഷ്മി തൊട്ടിങ്ങോട്ടു  കൽബുർഗി, ഗോവിന്ദ പസാരെ , ഗൗരി ലങ്കേഷ് വരെ ചെന്നെത്തി നിൽക്കുന്ന (മതേതര )മാനവിക എഴുത്തുകാരുടെ അരുംകൊലപാതകങ്ങൾ, ഗുജറാത്ത് കലാപം, ഫാസിസത്തിന്റെ തിണ്ണ ബലത്തിൽ ചെങ്കോട്ടയിലെ  കുടമാറ്റവും കൂടുമാറ്റവും, അഖ്ലാഖ്മാരുടെ ക്രൂരവധങ്ങൾ എല്ലാം ആ ഒഴിഞ്ഞ മൂലയിൽ അലസമായി ചുരുട്ടി എറിഞ്ഞ കടലാസ് ചീന്തുകളിലുണ്ടെന്ന് കവിയോടൊപ്പം വായനക്കാരനും മനസ്സിലാക്കുന്നു. ശരിക്കുമിത്  ഭയാനകമായ മുന്നറിയിപ്പാണ്.

സാൻ രണ്ടിടത്ത്  മൂല (Corner) എന്ന പദമുപയോഗിച്ചു കണ്ടത്. Corner എന്നത് ചെറിയ ഒരു പദമായിട്ട് എനിക്ക് തോന്നിയിട്ടില്ല. കവി കണ്ട മൂലയും മറ്റൊന്നാകാൻ വഴിയുമില്ല. മൂലക്കിരിക്കുക, മൂലക്കിരുത്തുക എന്നത് രണ്ടായി തോന്നുമെങ്കിലും സമകാലിന ഇന്ത്യൻ സാഹചര്യത്തിൽ പരസ്പര പൂരകങ്ങളാണ്.  ഫാസിസം ആദ്യം എതിർശബ്ദങ്ങളെ മൂലക്കിരുത്താൻ ശ്രമം തുടങ്ങും ( അത് തുടങ്ങിക്കഴിഞ്ഞെല്ലോ). മൂലക്കിരുത്തൽ വിജയകരമായി പൂർത്തിയായാൽ പിന്നെ ഫാസിസം വിരൽ ചൂണ്ടേണ്ട ആവശ്യം തന്നെയില്ല.  മുമ്പേ ഗമിക്കുന്ന "ഗോക്കളെ " പിന്നാലെ  യാന്ത്രികമായി എല്ലാവരും മൂലതേടി പ്പൊയ്ക്കൊള്ളും. ( ഗോക്കൾ എന്നത് മനുഷ്യനെന്നർഥത്തിൽ വായിക്കുമല്ലോ).

ആ മൂലയും ഗതകാല - സമകാല ദുരന്തങ്ങൾ കോറിയ കടലാസു ചിന്തുകളും വിസ്മൃതിക്കോടിയിൽ തള്ളാതിരിക്കാൻ കവി പറയുന്നതിങ്ങനെ:

കൂനുവന്ന മൂലയെ
നല്ല ദിനങ്ങൾ
നക്കിയെടുക്കും മുമ്പ്,
ചുരുളഴിച്ച്,  ഇരുട്ട് കീറി
നിഴലിളക്കിയെടുത്ത്
ചില്ലിട്ട് വെയ്ക്കണം

ജനാധിപത്യ രാജ്യത്ത് ഏറ്റവും അവശ്യം ഓർമ്മ മാത്രമല്ല; മറക്കാതിരിക്കുക എന്നത് കൂടിയാണല്ലോ.  നേതാക്കൾക്കായിരുന്നു മറവി വന്നു തുടങ്ങിയത്; ഇപ്പാൾ സമ്മതിദായകർക്കും ഏറ്റവുമവസാനം ഇരകൾക്ക് വരെ മറവി വന്നെന്ന് കവി സമകാലിന ഇന്ത്യയെ വായിച്ചത് കൊണ്ടാകാം ആക്ഷേപഹാസ്യ സ്വരത്തിൽ പറയുന്നത് :
"മെഴുകുതിരി
കൊളുത്താനല്ല
മറവി സ്മാരകങ്ങൾ
കൊത്താതിരിക്കാൻ "  

മൂലയ്ക്കിരുത്തിയവനെയും ഇരുത്താൻ കോണി വെച്ച് കൊടുത്തവനെയും ജനാധിപത്യ രീതിയിൽ ചെറുക്കാൻ നമുക്ക് സാധിക്കണം.  കബഡി കളിയിൽ അവസാനമൊഴിയുന്നവനെ റൈഡ് ചെയ്യുന്നവൻ മൂലക്കൊതുക്കുന്നതേ നാം കണ്ടിട്ടുള്ളൂ. Back a mouse Into a Corner & he wil  attack a Lion എന്നത്  എലിക്കും പെരുച്ചാഴിക്കും മാർജാരത്തിനുമുള്ള ആപ്തവാക്യവും സ്വരക്ഷാ വചനവുമല്ല;  ആസൂത്രണത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന ബുദ്ധിഭ്രമം സംഭവിക്കാത്ത മനുഷ്യർക്ക് കൂടി നൽകുന്ന സന്ദേശം കൂടിയാണ്. അതാണ് ഫ്രെയിമിന്റെ മറുപുറവായനയും .

No comments:

Post a Comment