Sunday 10 September 2017

ഈ പെരുന്നാൾ ആഘോഷിച്ചത് ഞാനെന്റെ പൊന്നുമ്മയോടൊപ്പം /അസ്ലം മാവില

ഈ പെരുന്നാൾ ആഘോഷിച്ചത്
ഞാനെന്റെ പൊന്നുമ്മയോടൊപ്പം

അസ്ലം മാവില

കഴിഞ്ഞ മാസം 30 നാണ് ഉമ്മ ആസ്പത്രിയിലാകുന്നത്. തൊട്ടടുത്ത ദിവസം വൈകുന്നേരത്തോടടു- ക്കുന്നതോടെ ഉമ്മാക്ക് അസ്വസ്ഥത കൂടിക്കൂടി വന്നു; രോഗവും മൂർഛിച്ചു വന്നു.

അസംഭവ്യം.  ഐ സി യു വാതിലുകൾ  ഞങ്ങൾക്ക് മലർക്കെ തുറന്ന് തന്ന് ഡ്യൂട്ടി ഡോക്ടർ തന്റെ നിസ്സാഹയ്ത വെളിപ്പെടുത്തി പുറത്തിറങ്ങി. എങ്ങും നിശ്ചലാവസ്ഥ ! എന്ത് ചെയ്യണമെന്നോ ആരോട് പരിഭവം പറയണമെന്നോ പറയാൻ പറ്റാത്ത നിസ്സഹായവസ്ഥ!  ഭിഷ്വഗ്വരന്മാരും മെഡിക്കൽ ടീമും യന്ത്രങ്ങളുമെല്ലാം പ്രവർത്തന നിശ്ചലമാകുന്നസ്ഥയിൽ,  അവരൊക്കെ ചെറുതായി വളരെ ചെറുതായി വരുന്നത് പോലെ.  പിന്നെ അവിടെ കണ്ടതും കേട്ടതും പരിശുദ്ധ വചനങ്ങളും പ്രാർഥനകളും മാത്രം!

ഒരു മുഴുനാൾ പോലും ഞങ്ങൾക്ക് ശുശ്രൂഷിക്കാനും തൊട്ട്തലോടാനും  അവസരം നൽകാതെ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ എല്ലാം വിട്ടേച്ച് പോകുന്നത് അന്നേരം ഊഹിക്കാൻ പോലുമെനിക്കാകുന്നില്ല. മർദ്ദമാപിനിയിൽ അക്കങ്ങൾ കുറഞ്ഞ് കുറഞ്ഞ്  വരുന്നത് എന്റെ, ഞങ്ങളുടെ  എല്ലാ പ്രതിക്ഷകളും നിഴൽ വീഴ്ത്തിക്കൊണ്ടേയിരുന്നു. ആർ ആരെ സമാധാനിപ്പിക്കണം ? ആർ ആരെ സമാശ്വസിപ്പിക്കണം? കണ്ണിലും , അല്ല മുഴുവൻ തന്നെ ഇരുട്ട് കൊണ്ട് മൂടിയ പ്രതീതി. കലിമയുച്ചാരണങ്ങളും കണ്ണീർ കണങ്ങളും കണ്ഠനാളികളിൽ നിന്നുള്ള എങ്ങലുകളും  മാത്രമെങ്ങും ! എല്ലായിടത്തും!

മണിക്കൂറുകൾ കഴിഞ്ഞിരിക്കണം, അസംഭവങ്ങളിൽ അസംഭവ്യം ! മർദ്ദമാപിനിയിൽ അക്കങ്ങൾ വളരെ പ്പതുക്കെ അനക്കം വച്ചു തുടങ്ങി. നഴ്സുമാരുടെ മുഖത്ത് പ്രതീക്ഷയുടെ .... എന്റുമ്മ  ജീവിതത്തിലേക്ക്  തിരിച്ചു വരുന്നതിന്റെ ... .ഞങ്ങളുടെ  പ്രാർഥനകൾക്ക് ആകാശപ്പൊയ്കയിൽ നിന്നും ആലമുടയോൻ പ്രത്യുത്തരം നൽകിയതിന്റെ .... യാ റബ്ബ്, യാ അല്ലാഹ് !

ആ കാരുണ്യവാന്റെ കരുണ കടാക്ഷമൊന്ന് കൊണ്ട് മാത്രം!  ഉമ്മയെ ആ കരുണാവാരിധി  തിരിച്ചു തന്നിരിക്കുന്നു !അൽഹംദുലില്ലാഹ്!     വിശ്വസിക്കാനായാസപ്പെട്ട ഞാനെന്റെ ഉമ്മയുടെ മൂർദ്ധാവിൽ ചുംബനം  നൽകുമ്പോഴും കണ്ണ്നീരിറ്റി വീഴുന്നു.

പാൽ പുഞ്ചിരിയോടെ, വിയർപ്പ് കണങ്ങൾ നെറ്റിയിൽ പ്രകാശം പരത്തി,  മൃദുലമായ ആ കണ്ണുകൾ പതുപ്പതുക്കെ തുറന്നു.  ഉമ്മ എന്നെ, ഞങ്ങളെ ഒന്ന് നോക്കി ..  ഞങ്ങളെ  ഉമ്മ തിരിച്ചറിഞ്ഞു !

ഈ പെരുന്നാൾ ഞങ്ങൾക്ക് ഉമ്മയോടൊപ്പമുള്ളതാണ്. ഉമ്മയോടൊപ്പം മാത്രം!  പടച്ചവൻ ഞങ്ങൾക്ക് തിരിച്ചേൽപ്പിച്ച ആ സ്നേഹനിധിയോടൊപ്പം!  ഈ വലിയ പെരുന്നാളാഘോഷത്തിന് അത്ര മാത്രം മാധുര്യമുണ്ട്.

ഉമ്മയ്ക്ക്  വയ്യായ്ക ഉണ്ട്, ശാരിരിക അസ്വാസ്ഥ്യമുണ്ട്. ക്ഷീണിതയാണവർ. മരുന്നും ഗുളികയും കഴിക്കുന്നതിന്റെ ആയാസവും പ്രയാസവുമുണ്ട്. അതൊക്കെയാണെങ്കിലും  ഉമ്മ ഞങ്ങളോടൊപ്പമാണ്.  എല്ലാ പെരുന്നാളിനും ഞങ്ങളെ തലോടാറുള്ള ഉമ്മയെ, ഞങ്ങൾക്ക് വെച്ച് വിളമ്പാറുള്ള ഉമ്മയെ, ഈ പെരുന്നാളിന് അങ്ങോട്ട്  തലോടാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഞങ്ങൾ !

പെരുന്നാൾ തലേന്നാൾ :
പള്ളി മിനാരങ്ങളിൽ നിന്ന് തക്ബീർ ധ്വനികൾ ഉച്ചത്തിൽ കേൾക്കാം. പെരുന്നാൾ പിറവിയുടെ സന്തോഷത്തിൽ കുഞ്ഞുമക്കൾ വഴിനീളെ,  വായ്നിറയെ കിന്നാരം പറഞ്ഞ് പോകുന്നു. പുതുവസ്ത്രപ്പരിമളവും വീശി  വന്ന കാറ്റിന്റെ തലോടലിൽ തെങ്ങോലകൾ ഒപ്പനയാടുന്നു,   കിടക്കപ്പായയിൽ നിന്നെണീറ്റിരുന്ന് ഉമ്മ കിളിവാതിൽ പതുക്കെ തുറന്ന് പുറം കാഴ്ച കാണുകയാണ്.  ആ മുഖത്ത് പത്താം നാളിലെ അമ്പിളിക്കീറിന്റെ തിളക്കവും സന്തോഷവും !

മനസ്സ് മന്ത്രിക്കുന്നു, ഒരുപാട് കാലം  ഉമ്മ ഒന്നിച്ചുണ്ടായിരുന്നെങ്കിൽ! ഉമ്മയുടെ സാന്നിധ്യവും സാമീപ്യവും എന്നുമെന്നും ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിൽ !

No comments:

Post a Comment