Saturday 23 September 2017

ആ പ്രഭാതത്തിന് അത്രമേൽ ഭംഗിയായിരുന്നു.../ റഫീഖ് മുഹമ്മദ്‌ പട്ല

*ആ  പ്രഭാതത്തിന്*
*അത്രമേൽ*
*ഭംഗിയായിരുന്നു...*
_____________________

റഫീഖ് മുഹമ്മദ്‌ പട്ല
____________________

നാളെയാണ് മദ്രസ തുടങ്ങുന്നത്. ഒന്നൊന്നര മാസത്തെ അവധിക്കു ശേഷം തുടങ്ങുന്നു എന്നതിനപ്പുറം ഈ വർഷം മുതൽ രാവിലെ 6. 30 ആണ് മദ്രസ തുടങ്ങുന്നത് എന്ന പ്രത്ത്യേകതയും ഉണ്ടായിരുന്നു. 5-ാം ക്ലാസ്സ്‌ വരെ രാവിലെ 8, 30 നായിരുന്നു മദ്രസ.

തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരുന്നേയില്ല. ആദ്യമായിട്ടാണ് അതി രാവിലെ മദ്രസയിൽ പോകുന്നതെന്നതു കൊണ്ട് തന്നെ മനസ്സിൽ ആകാംക്ഷയും ലേശം മടുപ്പും തോന്നിയിരുന്നു. നാളെ നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്തു ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയി.

പെട്ടെന്ന് ആരോ വിളിക്കുന്നത്‌ പോലെ തോന്നി.  എഴുന്നേറ്റു നോക്കുമ്പോൾ ആരും ഉണർന്നിട്ടില്ല. തോന്നിയതായിരിക്കാം എന്നു വിചാരിച്ചു വീണ്ടും ബെഡിലേക്ക്.  അൽപ സമയത്തിന് ശേഷം ഉമ്മ വന്നു വിളിച്ചു. "മദ്രസിൽ പോവേണ്ടേ" ? ഉമ്മ എന്നോട് എണീക്കാൻ പറഞ്ഞു.

രാത്രി ഉറങ്ങുമ്പോൾ കുറെ വൈകിയെന്നു തോന്നുന്നു, എത്ര തുറക്കാൻ നോക്കിയാലും കൺപോളകൾ വീണ്ടും അടയുന്നു. ഉറക്കിന്റെ ആലസ്യം വിട്ടു മാറുന്നില്ല. പതിയെ നടന്നു കുളി മുറിയിൽ പോയി മുഖം കഴുകി തിരിച്ചു വരുമ്പോഴേക്കും മേശയിൽ ചായയും 'പാർലെ ജി 'ബിസ്കറ്റും ഉമ്മ എടുത്തു വെച്ചിരുന്നു.

ചായയും കുടിച്ചു ബിസ്കറ്റും അകത്താക്കി ഉമ്മയോട് സലാം പറഞ്ഞു ഞാൻ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി.

സൂര്യൻ മിഴി തുറക്കുന്നതേയുള്ളു. ഒന്നും വ്യക്‌തമായി കാണാൻ പറ്റുന്നില്ല. മരം കോച്ചുന്ന തണുപ്പിൽ മുസ്ഹഫിന്റെ സഞ്ചി ശക്‌തമായി മാറോട് ചേർത്തു പിടിച്ചു. ഒരു പക്ഷെ അന്നു വരെയുള്ള ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഈ ഒരു സമയത്തു വീടിനു വെളിയിൽ ഇറങ്ങുന്നത് തന്നെ.

അസഹ്യമായ തണുപ്പിൽ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുകയും കാൽമുട്ടുകൾ വിറക്കുകയും ചെയ്യുന്നു. ഒരു വേള തിരിച്ചു വീട്ടിലേക്കു മടങ്ങിയാലോ എന്നു പോലും വിചാരിച്ചു. പക്ഷെ, ഉമ്മയുടെ വായീന്ന് കേൾക്കേണ്ടി വരുമോ എന്നോർത്ത് മനസില്ലാ മനസോടെ പതിയെ വേച്ചു വേച്ചു മുന്നോട്ടു നടന്നു.

എങ്ങും ഏകാന്തത നിഴലിട്ടു നിൽക്കുന്നു. ശ്മശാന ഭൂമിയോട് ഉപമിക്കത്തക്ക വണ്ണം നിശബ്ദമായിരുന്നു ചുറ്റുപാടു മുഴുവൻ.

ഒച്ച് പോലെ ഞാൻ നീങ്ങിക്കൊണ്ടിരുന്നു. ആദ്യ ദിവസം തന്നെ വൈകിയതിന് ഉസ്താദിന്റെ കൈയീന്ന് തല്ല് കൊള്ളേണ്ടി വരുമോ എന്നു ഭയന്ന് എന്റെ നടത്തം തേരട്ടയുടെ സ്പീഡിലാക്കി. കഠിനമായ തണുപ്പിൽ തെരട്ടയുടെ വേഗതക്ക് പോലും തീവണ്ടിയേക്കാൾ വേഗതയായിരുന്നു.

പെട്ടന്നായിരുന്നു ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ശ്വാസം അകത്തോട്ട് എടുത്തു പുറത്തു വിടുമ്പോൾ വായിൽ നിന്ന് പുക വരുന്നു. പിന്നീട് ആ പുകയെ എങ്ങനെ ഒക്കെ വിത്യസ്തമാക്കാം എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ നടന്നു നടന്നു ഞാൻ  കുന്നിൽ  പള്ളീടെ ഓരത്തെത്തി. അവിടെന്നു ടാർ ചെയ്യാത്ത പാലത്തടുക്ക റോഡിലൂടെ നടന്നാൽ എനിക്ക് മദ്രസ്സയിലെത്താം. സത്യത്തിൽ അത് അങ്ങോട്ടേക്കുള്ള എളുപ്പവഴി കൂടി ആയിരുന്നു.
   
അപ്പോഴേക്കും സൂര്യൻ പകുതി മിഴികൾ തുറന്നിരുന്നു. കാഴ്ചകൾ വ്യക്തമാവാൻ തുടങ്ങി.  തണുപ്പിന്റെ കാഠിന്യം കുറഞ്ഞു കുറഞ്ഞു വന്നു. കിളികൾ കലപില കൂട്ടാൻ തുടങ്ങിയിരുന്നു. ആ കലപില നാദങ്ങൾക്ക് യേശുദാസിന്റെ സംഗീതത്തെക്കാൾ മനോഹാര്യത ഉള്ളതായി തോന്നി.

ചേമ്പിലകളിൽ മഞ്ഞു തുള്ളികൾ വീണു കിടക്കുന്നു. ഇളം തെന്നലിൽ അവ നൃത്തം ചെയ്യുന്നതായി എനിക്ക് തോന്നി. ആ കാഴ്ച കണ്ടു ചുമ്മാ പോരാൻ മനസുവരാത്ത ഞാൻ ആ ചേമ്പില ഞാൻ നോവിക്കാതെ മെല്ലെ എന്റെ നഖമുപയോഗിച്ച് ഇങ്ങു പറിച്ചെടുത്തു. അതിലുണ്ടായിരുന്ന മഞ്ഞു തുള്ളിക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. എന്നോടുള്ള പ്രധിഷേധമെന്നോണം അതു ചാടി മണ്ണിൽ വീണു വീര്യമൃത്യു വരിച്ചു.

തെല്ലും ഭാവ വിത്യാസമില്ലാതെ ഞാൻ മുന്നോട്ടു നടന്നു. പാതയോട് ചേർന്ന് കിടക്കുന്ന തോട്ടിൽ ഒരു പറ്റം പരൽമീനുകളുടെ മാരത്തോൺ നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടു സഹിക്കാതെ ഞാൻ തോട്ടിലേക്ക് അൽപം ഉച്ചത്തിൽ ആഞ്ഞുതുപ്പി. ഉമിനീർ വെള്ളത്തിൽ വീണതും മീനുകൾ മാരത്തോൺ അവസാനിപ്പിച്ചു ഉമിനീരിനു വേണ്ടിയുള്ള പരാക്രമം തുടങ്ങി. എന്റെ മുഖത്തു  വിജയിയുടെ മുഖത്തു കാണുമ്പോലെ ഒരു തരം ഒരു ഇളി പടർന്നു.

വഴി വക്കിലെ ചെടികളുടെ ഇലകൾ മഞ്ഞുകണികകൾ കൊണ്ട് മൂടപ്പെട്ടിരുന്നു. ചെറിയ സൂര്യ പ്രകാശം തട്ടുമ്പോൾ അവയുടെ തിളക്കം കാണാൻ രാത്രി കാലങ്ങളിൽ കുറ്റിക്കാടുകളിൽ LED ബൾബ് പോലെ പ്രകാശിക്കുന്ന മിന്നാമിന്നിയെക്കാൾ ഭംഗി ആയിരുന്നു. റോഡിനോട് ചേർന്നുകിടക്കുന്ന വീട്ടുപറമ്പിലെ കൊക്കോമരങ്ങൾ പൂത്തു തുടങ്ങിയിരിക്കുന്നു. ആ സമയത്തു അവയെ കാണാൻ പൈൻ മരത്തേക്കാൾ നല്ല എടുപ്പായിരുന്നു. സാഹിത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആ ഒരു പ്രഭാതം പ്രകൃതി അതിന്റെ വശ്യ മനോഹാര്യത മുഴുവൻ ആവാഹിച്ചു എന്റെ മുന്നിലൂടെ കൊണ്ട് പോകുന്നത് പോലെയുള്ള അനുഭൂതി'.
                                               
                                           

No comments:

Post a Comment