Thursday 14 September 2017

നാളെ താക്കോൽദാനം /അസ്ലം മാവില

നസിയയ്ക്കും  ഭർത്താവിനും
അവരുടെ മക്കൾക്കും
ഇനി സ്വന്തം
വീട്ടിൽ രാപ്പാർക്കാം,
നാളെ താക്കോൽദാനം

സി പി ക്ക് വേണ്ടി
അസ്ലം മാവില

ജൂൺ 9. അതൊരു വെള്ളിയാഴ്ച.   അന്നാണ് CP യിൽ ഒരു അഭ്യർഥന പോസ്റ്റ് ചെയ്തത്. കൂടെ ആകാശം മേൽക്കൂരയായ ഒരു വീടിന്റെ  എല്ലിൻകൂട് രൂപവും.  ഞങ്ങളതിനൊരു തലക്കെട്ടും നൽകിയിരുന്നു, അതിങ്ങനെ - *കണ്ടത് ഒരു വീടല്ല, ഇനിയിത് വീടാക്കണം, ഒരു സഹോദരിക്ക് ഇനി പ്രതീക്ഷ ഉപ്പയുടെ നാട്ടുകാരിൽ*

ആ ഉപ്പയുടെ നാട്ടുകാർ നസിയയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചില്ല; ഉത്തരവാദിത്വമേറ്റെടുത്തു;  മുന്നിട്ടിറങ്ങി; ചെയ്ത് തീർക്കുമെന്ന വാക്ക് പാലിച്ചു. നസിയ തന്റെ മക്കളോട് വല്യുപ്പയുടെ നാട്ടുകാരെ കുറിച്ച് നല്ലത് പറഞ്ഞത് പൊളിയായിരുന്നില്ലെന്ന് ആ പൈതങ്ങളും തിരിച്ചറിഞ്ഞു. അതെ, നസിയയുടെ വീട് പണി  പൂർത്തിയായിട്ടുണ്ട്, അൽഹംദുലില്ലാഹ്.

ചന്ദ്രൻപാറയിൽ,  നന്മ നിറഞ്ഞ മനസ്സുകളുടെ ഒരുമയുടെ പ്രതീകമായി ആ കുഞ്ഞ് വീട് ആകാശത്തോളം നീണ്ടിരിക്കുന്നു. ആ നാടിന്റെ പേര് പോലെ തന്നെ,  ഒരു പാറയ്ക്ക് മറഞ്ഞിരുന്ന പൂർണ്ണചന്ദ്രനിപ്പോൾ നസിയയുടെ വീടിന്റെ മുറ്റം നോക്കി പാലൊളി പരത്താൻ തുടങ്ങിക്കഴിഞ്ഞു. ഇനി മേൽക്കൂര ചോരില്ല; സൂര്യവെളിച്ചം അകത്ത് വരില്ല. സുരക്ഷിതം, സെയ്ഫ് & സെക്യുർഡ്. ആ  കളിമുറ്റത്ത് നസിയയുടെ മക്കൾ ആത്മാഭിമാനത്തോടെ, ആത്മ ഹർഷത്തോടെ നാളെ മുതൽ ഓടിച്ചാടിക്കളിക്കും.

പറഞ്ഞില്ല,  അല്ലേ ? നാളെയാണ് ആ വീടിന്റെ താക്കോൽ ദാനം.  CP പ്രതിനിധികൾ നാളെ വൈകിട്ട് പോകും. നിങ്ങളെ എല്ലാവരെയും അങ്ങോട്ടേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു; ഡംബും വീമ്പും പറയാനല്ല, ആ പെങ്ങളുടെ സന്തോഷത്തിലൊരാളാകാൻ.  അസർ നമസ്കാര ശേഷം നമുക്ക് അങ്ങോട്ട് വിടാം. മാന്യ, ചെർലട്ക്ക, ബാലട്ക്ക,  പൈക്കയും കടന്ന്, പിന്നെയും കിലോമീറ്ററുകൾ കഴിഞ്ഞ്, ഇടത് ഭാഗത്തായുള്ള   കുന്നിൻ ചെരുവിലെ ചന്ദ്രൻ പാറയിലേക്ക് ...

വലിയ സൗകര്യങ്ങളൊരുക്കാൻ നമുക്ക് പറ്റിയിട്ടില്ല. നിർത്തി വെച്ച വീടുപണിയുടെ ശോചനിയാവസ്ഥയും ആ കുടുംബത്തിന്റെ നിസ്സാഹവസ്ഥയും കണ്ടപ്പോൾ CP യിലെ ഉദാരമതികളും CP യെ കേട്ട അഭ്യുദയകാംക്ഷികളും ഒരുക്കൂട്ടിയ സംഖ്യ കൊണ്ട്, നമ്മുടെ എല്ലാവരുടെയും ആവശ്യപ്രകാരം മജൽ ശരീഫ് അതേറ്റെടുത്ത്, സമയത്തിന് തീർത്തു തന്നു.

ഈ കടപ്പാട് CP ക്ക് എല്ലാവരോടുമുണ്ട്. ഇതൊരു ഒരുമയുടെ സന്ദേശമാണ്.

ആവശ്യക്കാരനെ കണ്ടെത്തി അകമഴിഞ്ഞ് സഹായിക്കുക, അത് വഴി ഒരു കൂരയൊരുങ്ങുക.

എല്ലാ ഉദാരമതികൾക്കും നന്ദി; പ്രാർഥനാ മനസ്സോടെ ഇതിന്റെ പണി തീരാൻ ആഗ്രഹിച്ച മുഴുവൻ സുമനസ്സുകൾക്കും

No comments:

Post a Comment