Sunday 10 September 2017

*സൈനുക്കയുടെ*
*ലീവപേക്ഷ*
_________________

അസ്ലം മാവില
_________________

എന്റെ ഒരു കൂട്ടുകാരനുണ്ട്, സൈനുക്ക. കൂട്ടുകാരൻ എന്നതിലും നല്ലത്  ഓഫീസ് സ്റ്റാഫ്  എന്ന് പറയുന്നതാകും. അയാൾ സ്ഥാപനത്തിൽ ഒരു നോൺ അഡ്മിൻ  ജോലിക്കാരൻ ( പ്രൊഡക്ഷൻ വിഭാഗത്തിൽ) . നാട്ടിൽ പോകുമ്പോഴാണ് അയാൾക്ക് വെപ്രാളം. എനിക്കാണ് സ്ഥാപനത്തിൽ അഡ്മിനിസ്ട്രേഷൻ ചുമതല.  ലീവ് അപ്ലിക്കേഷൻ ഭംഗിയായി പൂരിപ്പിച്ച് ലൈൻ മാനേജർ മുതലങ്ങോട്ടുമിങ്ങോട്ടുമുള്ളവരുടെ ഒപ്പും (എൻ)ഒസിയും വാങ്ങി അഡ്മിൻ ഡിപാർട്മെന്റിന്റെ  വാതിൽക്കൽ പുള്ളി തല  കാണിക്കും.

അകത്ത് വന്നാൽ അദ്ദേഹത്തിന്റെ പിറുപിറുക്കൽ കേൾക്കാം - "അമ്പലം കനിഞ്ഞാലും  പൂജാരി കനിയോ എന്തോ?"

അതിന് മാത്രം പണിയും ഒപ്പിച്ചായിരിക്കും സൈനുദ്ദീൻ LA തരിക. എന്തായാലും അതിൽ പത്ത് - പതിനഞ്ച് ദിവസം എക്സ്ട്രാ ലീവുണ്ടാകും. ഫോർമാനെയും സൂപ്പർവൈസറെയും പ്രൊഡക്ഷൻ മാനേജർ പളനി സ്വാമിയെയും കണ്ട് സിറ്റ്യാഷൻ ബോധിപ്പിച്ചാണ് പാവം രണ്ടാഴ്ച എക്സ്ട്രാ ലീവ് തരത്തിൽ ഒപ്പിച്ച്,  ചേർത്ത് അവധി അപേക്ഷ ഞങ്ങൾക്ക് തരുന്നത്. നമ്മുടെ പളനികണ്ടാളസ്വാമി ഒരു കണ്ടിഷൻ പറഞ്ഞു LA യിൽ ഒപ്പ് വെക്കും. "ലൂക്ക് ജൈനുദ്ദീൻ, മൈ സൈഡ് നാ പ്രാബ്ലം. അഡ്മിൻ ആ.കെ., വി. ആ.കെ ". സൈനുദ്ദീൻ നമ്മുടെ പളനി സാമിയുടെ കാബിൻ വിട്ടാൽ സാമി എനിക്ക് വിളിക്കും " അസ്ളാം, ജൈനുദ്ദീൻ മൈ സ്റ്റാഫ് , ബട്ട് യു പ്രസീഡ് ആസ് പർ ലാ ..." . എന്നിട്ട് കികിക്കിന്ന് ചിരിച്ച് ഫോൺ വെക്കും.

"സൈനുക്കാ,  കമ്പനി ആർക്കും എക്സ്ട്രാ ലിവ് തരാൻ വകുപ്പില്ലല്ലോ. നിങ്ങൾക്ക് എങ്ങിനെയാ ലീവ് പാസാക്കുക." എന്ന് ഞാൻ പറയാൻ തുടങ്ങുപോൾ തന്നെ സൈനുദ്ദീന്റെ ഒരു "പെടെ " ഉണ്ട്. കയിലുള്ള ഫോൺ നിരന്തരം ഞെക്കി ഞെക്കി വെപ്രാളം കാണിക്കും.

"ങ്ങള്  ഒന്നൂടെ നോക്കീംന്ന്. *ങ്ങള് ഒരു മാതിരി , ഈ മുക്രികാക്ക്  പെരുന്നാൾ ലീവ് നീട്ടികൊടുക്കാത്ത പള്ളിക്കമ്മറ്റി പോലെ ആവല്ലീന്ന്..* ഇനി ആ പറഞ്ഞ ലീവ് തരാൻ പറ്റുല്ലാന്നെച്ചാ കാൻസൽ ചെയ്താളാ.. പിന്നെന്താ പറയാ "

ഒരു ഒഴിവ്ദിവസം ഞാൻ സൈനുക്കയോട് ചോദിച്ചു - അന്നാ സംഭവം  ഇത്ര കിറുകിറുത്യായിട്ട് മറ്റേ കാര്യവുമായി ഉപമിക്കാൻ കാരണം ?

സൈനുക്കയുടെ ഉപ്പ പള്ളി മുഅദ്ദിൻ ആയിരുന്നു പോൽ. ഒരു പള്ളിയിലും ഒരു കൊല്ലത്തിൽ കൂടുതൽ നിൽക്കാറുമില്ലത്രെ. ആഗ്രഹമുണ്ട്. പക്ഷെ,  കമ്മറ്റിക്കാർ ആവശ്യത്തിന് ലീവ് തരില്ല. നിങ്ങൾ പോയാൽ സമയത്തിന് ആരാ ബാങ്കും (ഇ) ഖാമത്തും കൊടുക്കുക എന്ന് അവർ ചോദിക്കും പോൽ. അത് കൊണ്ട് പെരുന്നാൾ വൈകിട്ട് മൂപ്പർ പെട്ടീം കിടക്കെയുമായി വീട്ടിൽ എത്തും പോലും, അപള്ളിലെ അക്കൗണ്ടും ക്ലോസ് ചെയ്ത് .

NB :  ദുബായിലിരിക്കെ, 2009 -2011 കാലയളവിൽ  *ഗൾഫ് മനോരമ*യുടെ ഓൺലൈൻ പേജിൽ *ഡിസേർട്ട് ഡയറി* എന്ന നർമ്മ തുടർപംക്തിയിൽ സൈനുക്ക എന്റെ ഒരു പ്രധാന കഥാപാത്രമായിരുന്നു.
______________________
Rtpen.blogspot.com

No comments:

Post a Comment