Sunday 10 September 2017

മഹമൂദ് സാഹിബ് പട്ലക്കാരുടെ എക്സി. ഓഫീസർ /അസ്ലം മാവില

മഹമൂദ് സാഹിബ്
പട്ലക്കാരുടെ
എക്സി. ഓഫീസർ

അസ്ലം മാവില

ദീര്‍ഘകാലം കാസര്‍കോട് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന  പള്ളം മഹ് മൂദ് സാഹിബ് വിടപറഞ്ഞു - ഇന്നാലില്ലാഹ്!

ബഹ്റിൻ പ്രവാസികളായ മിക്ക പഴയ കാല പട്ലക്കാർക്കും അദ്ദേഹത്തെ അറിയാം. എക്സിക്യൂട്ടിവ് ആപിസർ മഹ്മൂസ്ച്ച എന്നാണ് അവിടെയും അദ്ദേഹമറിഞ്ഞിരുന്നത്. 18 വര്‍ഷക്കാലം ബഹ്റൈനില്‍ അദ്ദേഹം  ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു.

പ്രവാസ ജീവിതത്തിന് മുമ്പ് അദ്ദേഹം ബി.എം. അബ്ദുറഹിമാൻ സാഹിബ് എം.എൽ.എയുടെ കൂടെ നിഴൽ പോലെ ഒന്നിച്ചുണ്ടായിരുന്നു. അന്നൊന്നും എം.എൽ.എമാർക്ക് പി.എ. തസ്തിക വകവെച്ചു കൊടുത്തിരുന്നില്ലല്ലോ. ഫലത്തിൽ അദ്ദേഹം ബി എമ്മിന്റെ പി.എ.ആയിരുന്നു. സേവന രംഗത്ത് മർഹൂം ബി.എം. സാഹിബിന് ഒരു കൈത്താങ്ങായിരുന്നു അദ്ദേഹം.

പട്ല സീത്ചാന്റെ ഉറ്റ സുഹൃദ് വലയത്തിലെ ഒരാളായിരുന്നു മഹ്മൂദ് സാഹിബ്. ആ ഒരു തലമുറയിൽ പെട്ട മിക്ക പട്ലക്കാർക്കും മഹ്മൂദ് സാഹിബിനെ നന്നായി അറിയാം.

ബഹ്റിൻ പ്രവാസ ജീവിതം മതിയാക്കി  സർവീസിൽ തിരിച്ചു വരുമ്പോൾ അന്ന് തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നത്  പാലോളി മുഹമ്മദ് കുട്ടിയായിരുന്നു. അർഹപ്പെട്ട തസ്തിക അദ്ദേഹത്തിന്  ലഭ്യമാക്കുവാൻ  വേണ്ടി സീത്ച്ചാന്റെ  വ്യക്തിപരമായ ഇടപെടലുകൾ അന്നുണ്ടായെങ്കിലും
തദ്ദേശ വകുപ്പിൽ  ഉന്നത ഉദ്യോഗത്തിലെത്താൻ മഹ്മൂദ് സാഹിബിന് അന്ന് തടസ്സമായത് അദ്ദേഹത്തിന്റെ സർവ്വീസിന്നിടയിലെ ദീർഘ ഇടവേളയായിരുന്നു.  എങ്കിലും
വിരമിക്കുന്നതിന് അല്‍പം മുമ്പ് പാലക്കാട് പഞ്ചായത്ത് ഡയറക്ടറായി അദ്ദേഹത്തിന് നിയമനം ലഭിച്ചു.

മുസ്ലിം പുരോഗമന കാഴ്ചപ്പാട് മനസ്സിൽ കൊണ്ട് നടന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (MSS ) കാസർകോട്  യൂനിറ്റ് രൂപികരിക്കുവാൻ അദ്ദേഹം മുന്നിൽ പ്രവർത്തിച്ചു. MSS ന്റെ  കാസര്‍കോട് യൂണിറ്റ് സ്ഥാപക പ്രസിഡന്റ് പദവി അദ്ദേഹത്തെയാണ് ഏൽപിച്ചത്. തന്റെ സ്വാധീനമുപയോഗിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക്  അർഹിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

ഭാര്യ: സുഹറ. മക്കള്‍: പി.എം. മുഹമ്മദ് ഹനീഫ്, ഷംസാദ് ബീഗം, നൗഷാദ് പി.എം, സാഹിദ, മെഹ്ബൂബ. ജാമാതാക്കൾ: അന്‍സാര്‍ മണ്ണംകുഴി, സുലൈമാന്‍ ചെങ്കള, നായിദ ബജ്പെ, സഫീറ.

പട്ലയുമായും അദ്ദേഹത്തിന്  സൗഹൃദ ബന്ധത്തോടൊപ്പം കുടുംബ  ബന്ധവുമുണ്ട്. ബൂഡിലെ മർഹൂം അമ്മൻച്ചയുടെ ഭാര്യ അദ്ദേഹത്തിന്റെ സഹോദരിയാണ് ( ഹാഷിമിന്റെ ഉമ്മ) . പട്ല ടി.പി. ആസിഫിന്റെ ഭാര്യയുടെ വല്യുപ്പ കൂടിയാണ് മഹ്മൂദ് സാഹിബ്.

മഹ്മൂദ് സാഹിബിന്റെ പരലോക വിജയത്തിന് വേണ്ടി നമുക്ക് പ്രാർഥിക്കാം.

No comments:

Post a Comment