Saturday 30 September 2017

RT യിലെ ഇടപെടലിന്റെ രാഷ്ട്രീയ മാനവും രാഷ്ട്രീയ അതിസാക്ഷരതയും / അസ്ലം മാവില

RT യിലെ ഇടപെടലിന്റെ
രാഷ്ട്രീയ മാനവും
രാഷ്ട്രീയ അതിസാക്ഷരതയും

അസ്ലം മാവില

ഒരു വർഷം മുമ്പ് സൂചിപ്പിച്ച  വിഷയമാണ് വീണ്ടും എഴുതുന്നത്. അതെന്താണെന്ന് തലക്കെട്ട് പറയും .

നടപ്പുശീലങ്ങൾ മാറ്റുക പ്രയാസകരമാണ്. എഴുതുന്ന കൈ മാറി മറ്റെ കയ്യാകുക, ധരിക്കുന്ന ഡ്രസ്റ്റ് കോഡ് മാറ്റുക, കഴിക്കുന്ന ഭോജന മെനു മാറ്റിപ്പിടിക്കുക മുതലങ്ങോട്ട്  സുപരിചിതമായ പറിച്ചെടുക്കൽ ശീലങ്ങൾ അഭിമുഖീകരിച്ചവർക്കറിയാം  പ്രയാണഘട്ടങ്ങളിലുണ്ടാകുന്ന "ദഹനക്കേടുകൾ". പക്ഷെ, ഇതൊരിക്കലും നടക്കുന്ന പണിയല്ലെന്ന് തോന്നിയ പ്രസ്തുത സന്നിഗ്ദ്ധ സന്ദർഭങ്ങളെ ഇച്ഛാശക്തി കൊണ്ട് അതികടന്നവരാണ് നാം.

ഈ ഒരു പലായനമാണ് നാമിടെയും ചെയ്യുന്നത്. രാഷ്ട്രീയ സംവാദങ്ങളിൽ അനുവർത്തിച്ച് പോരുന്ന നടപ്പു ശീലങ്ങളിൽ നിന്നുള്ള പലായനം. (പലായനത്തിൽ To പോലെ പ്രധാന്യമുണ്ട് from-നും).

"സ്മൃതിപഥ"മെന്ന എന്റെ രചന രാഷട്രീയവായനയ്ക്ക്  ഉപയോഗിച്ചതിൽ എനിക്ക് കുണ്ഠിതമില്ല. "പല മാനങ്ങൾ വായനക്കാർ കാണുമെന്നറിയാം. അവയെക്കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയാനാളുമല്ല" എന്ന് ഞാനാ കുറിപ്പിൽ മുൻകൂട്ടി എഴുതിവെച്ചിട്ടുണ്ട്.
അത് കൊണ്ട്,  മുള പൊട്ടി, പടർന്ന് പന്തലിക്കുന്നതിനുള്ള സ്വാഭാവിക / അനിവാര്യ യാദൃശ്ചികതയാകട്ടെ അതെന്നാശംസിക്കാൻ ഇപ്പോൾ തോന്നുന്നു.

ആഴ്ചയിൽ ഒരു വൈകിയ വൈകുന്നേരമാണ് (late evening) രാഷ്ട്രീയ സംവാദത്തിന് നല്ലത്. പ്രവാസികൾക്ക്  കൂടി ഇടപെടാൻ ആ സമയം നല്ലതാണ്. എഴുതി ഫലിപ്പിക്കാൻ അറിയുന്നവർ അത് ചെയ്യണം, ബ്ലോഗിൽ അവ ഇടം പിടിക്കും. മംഗ്ലിഷ് മാറി മലയാളം വരട്ടെ, മൊബൈൽ ഞെക്കാൻ പഠിച്ചവർക്ക് ഇതൊരു ആനക്കാര്യമേയല്ല.

ചർച്ചക്കാരെ പേരെടുത്ത് അഭിസംബോധന ചെയ്യുന്നതിന് പകരം സാർ / മാന്യ സഹോദരൻ / മാന്യ സുഹൃത്ത് / ബഹുമാന്യ അംഗം എന്നിങ്ങനെയായാൽ  നിങ്ങളുടെ ഔന്നത്യത്തിന്റെ ഗ്രാഫ് മുകളിൽ തന്നെയായിരിക്കും. (നിയമസഭയിൽ പോയാലും ഇതിന്നായി വേറെ ക്ലാസ്സിനിരിക്കുക വേണ്ട ). വികാരമാകരുത് പേനത്തുമ്പത്തും നാക്കിൻ തുമ്പത്തും, മറിച്ച് വിചാരമായിരിക്കണം.

നമുക്ക് കൂടിയാലോചിച്ച് ഒരു നാൾ നിശ്ചയിക്കാം, "സ്പീക്കറാ"യി ഒരു ജനകീയ മുഖവും. ചർച്ച ജയിക്കാനും തോൽക്കാനുമല്ല, മറിച്ച് ജയാപജയങ്ങളിൽ നാം "ഇടപെടൽ രാഷ്ട്രീയ " സാക്ഷരരാവാൻ വേണ്ടി മാത്രം ! ചർച്ച പ്രതിപക്ഷം പറയുന്നവരെ തിരുത്തിക്കാനല്ല, ബാക്കി വരുന്ന അംഗങ്ങളെ കേൾപ്പിക്കാനാണ്. നമ്മുടെത്  "ടൂത്ത് പേസ്റ്റ് ഞെക്കൽ" രാഷ്ട്രീയമാകരുത്. സംസാരം പിസ്ക്കുന്നതിന് പകരം , സംസാരം പിശുക്കാൻ നോക്കണം.

പല ഗ്രൂപ്പുകളിൽ പലവക, ഈ ഗ്രൂപ്പിൽ ഇങ്ങനെ. ഒരാവേശത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടു  ഇയ്യാംപാറ്റകളാകുന്നതിന് പകരം, അവധാനതയോട് കൂടി രാഷ്ട്രീയ എതിരാളിയെ അഭിമുഖീകരിക്കുവാൻ RT അംഗങ്ങൾക്കാകണം. പോയ വാക്ക് പിന്നെ ആവനാഴിയിലേക്ക് തിരിച്ചു വരില്ല.

എല്ലാത്തിന് ശേഷം ഒരാൾക്കോ ഒന്നിൽ കൂടുതൽ പേർക്കോ അവലോകനം പറയാം, എഴുതാം. തെരഞ്ഞെടുക്കുന്ന 20 അംഗങ്ങൾ ഇവാല്യേഷൻ  രേഖപ്പെടുത്തട്ടെ.

*പിൻകുറി:* ജീവിതത്തിലിത് വരെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും അംഗത്വമെടുക്കാത്ത ഞാൻ കാലങ്ങളായി ചേരണമെന്നാഗ്രഹിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഒരഭ്യുദയകാംക്ഷിയായി ഈ ചർച്ചകളിലെ വല്ലയിടങ്ങളിൽ ഞാനുമുണ്ടാകും. അകത്തും പുറത്തും പ്രസ്ഥാനത്തെ പറയാൻ, അക്കമഡേറ്റും അഡ്ജസ്റ്റും ചെയ്യാവുന്ന പാർടി കൂടിയാണല്ലോ INC.
______________________
Rtpen.blogspot.com

No comments:

Post a Comment