Thursday 14 September 2017

രാഹുൽ ഗാന്ധി പറഞ്ഞത്: ഭാവി ഇന്ത്യ ഉറ്റു നോക്കുന്നത് / അസ്ലം മാവില

രാഹുൽ ഗാന്ധി പറഞ്ഞത്:
ഭാവി ഇന്ത്യ ഉറ്റു നോക്കുന്നത്

അസ്ലം മാവില

അഴിക്കോട് സാർ ഒരിക്കൽ പറഞ്ഞു - ഞാൻ മരിക്കുന്നതിന്ന് മുമ്പേ കോൺഗ്രസ്സ് മരിച്ചെന്ന് ! അതൊരാലങ്കാരിക പദപ്രയോഗമായിട്ടാണ് അന്ന് പലരും കരുതിയത്. ഇടത് പക്ഷ സാംസ്കാരിക വേദികളിൽ വെച്ചായിരുന്നു അഴിക്കോട് സാർ  കൂടുതലത് പറഞ്ഞ് കൊണ്ടിരുന്നത്.
ഫലത്തിൽ ക്രമേണ അഴിക്കോട് സാർ പറഞ്ഞത് പോലെ സംഭവിക്കുന്നത് നാം വളരെ പതുക്കെ കണ്ടു.

മനുഷ്യനിർമ്മിത പ്രസ്ഥാനങ്ങൾക്ക് പരിമിതമായ ആയുസ്സാണുള്ളത്. സ്വജനപക്ഷപാതവും അഴിമതിയും സാമ്പത്തിക ക്രമക്കേടും മാത്രമല്ല ഒരു പ്രസ്ഥാനം ക്ഷയിക്കാനോ ഭിന്നിക്കാനോ കാരണങ്ങൾ. അടുത്ത തലമുറകൾക്ക് ആശയങ്ങൾ കൈമാറുമ്പോൾ കാണിക്കുന്ന സൂക്ഷമതാക്കുറവും നേതൃ ധാർഷ്ട്യവും തലമുറകളുടെ വിടവും ഇടനിലക്കാരോടമിത ആശ്രിതത്വവും പ്രധാന കാരണങ്ങളാണ്.

അവയാണ് പഠിച്ചോ പഠിക്കാതെയോ രാഹുൽ ഗാന്ധി തന്റെ അമേരിക്കൻ സന്ദർശനത്തിടെ,  തന്നെ കാണാൻ വന്നവരുമായി പങ്കിട്ടത്. വൈകിയാണെങ്കിലും ശക്തി ചോർന്ന ഒരു രാഷ്ടിയ പ്രസ്ഥാനത്തെക്കുറിച്ച് ഏവരും പറഞ്ഞ് കൊണ്ടിരുന്ന അടിസ്ഥാന കാരണങ്ങൾ ഏറ്റ് പറഞ്ഞതിൽ രാഹുലിനെ അഭിനന്ദിക്കാതെ വയ്യ.

അധികാരമത്ത് തലയിൽ പിടിക്കുമ്പോൾ വന്ന വഴിയും വഴിതെളിച്ച അണികളും അടിസ്ഥാന വർഗ്ഗങ്ങളും വിസ്മൃതിയിലാകുക സ്വാഭാവികം. പിന്നെ ഉപഗ്രഹങ്ങളും കൃതൃമ ഉപഗ്രഹങ്ങളും വലയം തീർക്കും. കോൺഗ്രസ്സ് പോലുള്ള സ്വാതന്ത്ര്യ പ്രസ്ഥാനത്തറവാടിത്തം പറയുന്ന, ചക്രയും നൂലും പറയുന്ന പാർടികൾ ഇക്കഴിഞ്ഞ യു.പി., പഞ്ചാബ് തിരഞ്ഞെടുപ്പുകളിൽ ഇവൻറ് മാനേജ്മെന്റിനെ ഏൽപ്പിച്ചാൽ ഭരണം കയ്യാളാമെന്ന ശുദ്ധ മണ്ടത്തരം വിശ്വസിച്ച് എട്ട് നിലയിൽ പൊട്ടിയത് ഇതേ കുമ്പസാരം നടത്തിയ വ്യക്തിക്ക് ഓർമ്മ വേണം. അതാകട്ടെ കോൺഗ്രസ്സ്  എന്നാൽ സംഭാഷണമെന്  പറഞ്ഞ ഇതേ രാഹുലിന്റെ തന്നെ നേതൃത്വത്തിലാണ്.

പാർട്ടിക്ക് ആവശ്യം വേണ്ടത് കേൾക്കാനുള്ള സന്മനസ്സാണ്. മറ്റേത് കോൺഗ്രസ്സ് നേതാക്കളിൽ നിന്നും ശ്രീ ഉമ്മൻ ചാണ്ടിയെ വ്യത്യസ്ഥനാക്കുന്നത് ഈ ഒരു ഗുണമാണല്ലോ (അദ്ദേഹത്തിന്റെ തീരുമാനം മറ്റെന്തെങ്കിലുമാകട്ടെ). ധാർഷ്ട്യം കുറയാനും എളിമ വർദ്ധിക്കുവാനും അന്യനെ കേൾക്കുന്നത് വഴിവെക്കും. സാധാരണക്കാരനാണല്ലോ അവന്റെ പ്രശ്നങ്ങൾ പറയേണ്ടത്.  അതിന്റെ പരിഹാരങ്ങളും അവരുടെ ഭൂമികയിൽ നിന്ന് നിർദ്ദേശിക്കുകയും ചെയ്യും. അലകും പിടിയും മാറ്റി ഒന്നു കോർഡിനേറ്റ് ചെയ്യണം, അതിന് നേതൃഗുണമുള്ളവർക്കേ സാധിക്കുകയുള്ളൂ. ഗാന്ധിജി സാധാരണജനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമിറങ്ങിയത് അതിനായിരുന്നു. അവിടെയാണ് അദ്ദേഹം രാഷ്ട്രത്തിന്റെ ആത്മാവ് കണ്ടെത്തിയതും.

ഇടനിലക്കാരെ വെച്ചതു മാത്രമല്ല അവരെ മാത്രം കേൾക്കാനിരുന്ന് കൊടുത്തതാണ് കോൺഗ്രസ്സിന്റെ പ്രധാന പരാജയ കാരണങ്ങളിലൊന്ന്. ശ്രീ ആന്റണിയെപ്പോലുള്ള നേതാക്കൾ കൃതൃമ തിരക്കഭിനയിച്ച് പോക്ക് വരവുകളിലൊതുങ്ങി. (ഇപ്പോഴും അദ്ദേഹം തിരക്കിലാണല്ലോ, കണ്ട വരാരുമില്ല). പ്രസ്താവന നടത്തി അദ്ദേഹം കുറെ കാലം കഴിച്ചു. ഡൽഹിയിലിരുന്ന് കുറെ ആശ്രിതക്കാർ ഔദ്യോഗിക വക്താവ് ചമഞ്ഞ് വിടുവായിത്തം പറഞ്ഞതും പാർടിയുടെ ഇമേജ് യുവാക്കളിൽ  മങ്ങാനും ഇടയായി.

ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമായ തിരഞ്ഞെടുപ്പുകളിൽ പരാജയം രുചിക്കുമ്പോൾ അതുൾക്കൊള്ളാൻ ശരീര ഭാഷ വഴങ്ങാത്ത ഒരുപാട് കോൺഗ്രസ്സ് നേതാക്കൾ ഇന്നുമുണ്ട്. വോട്ടെണ്ണുമ്പോൾ തന്നെ ടൈലറിംഗ് കടയിലേക്കല്ല ഓടേണ്ടത് എന്ന് തിരിയാത്ത മനുഷ്യർ.  തോറ്റാലും ജയിച്ചാലും അതെണ്ണുന്നതിന് മുമ്പ് തന്നെ കാലേകൂട്ടി അറിയുന്ന ഒരു നേതൃനിര വരണമെങ്കിൽ, ഇടനിലക്കാരില്ലാത്ത, ജനങ്ങളോട് ഇഴകിചേർന്ന നേതാക്കൾ ഉണ്ടാകണം. കൂടിയാലോചനകൾക്ക്  പ്രധാന്യം നൽകുന്ന നേതാക്കൾ. ഇക്കഴിഞ്ഞ ഗോവ പോലും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഭരണ സാധ്യത നഷ്ടപ്പെട്ടത് അത്തരമൊരു നേതൃ നിരയുടെ അഭാവമാണല്ലോ.

തെരഞ്ഞെടുപ്പ് ജനാധിപത്യ രാജ്യത്ത് തങ്ങൾ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ എക്സിക്യൂട്ട് ചെയ്യാൻ ഒരുക്കൂട്ടുന്ന പ്രക്രിയയാണ്.  അത് മാത്രമാണ്, അതിന് മാത്രമാണ്  പാർടിപ്പണി എന്ന് ചിന്തിച്ചതും അതിൽ അടയിരുന്നതുമാണ് കോൺഗ്രസ്സിന് പറ്റിയ രാഷ്ടിയ അബദ്ധങ്ങളിലൊന്ന്.  കോൺഗ്രസ്സ് ജനകീയമാകുമ്പോൾ ബ്രിട്ടിഷ്കാരാണ് ഭരണത്തിൽ, ഒരു പഞ്ചായത്ത് പോലും ഭരണത്തിലില്ല. അന്ന് പാർടിയുടെ കരുത്ത് ആവശ്യങ്ങൾക്ക്  വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പൊതുജന പങ്കാളിത്തത്തോടെയുള്ള നിഖില മേഖലകളിലുമുള്ള സക്രിയ ഇടപെടലുകളുമായിരുന്നു.

ഇന്ന് രാജ്യം ഫാസിസത്തിന്റെയും "ഷോ "യിസത്തിന്റെയും നിരാളിപിടുത്തത്തിലാണ്. അൾട്രാ മതേതരക്കാരായ എം. ജെ. അക്ബറും കൃഷ്ണയും നജ്മയും പാസ്വാനും തിവാരിയുമെല്ലാം അപ്പുറത്തെ ചേരിയിൽ കാവി പുതിപ്പിനടിയിലാണു റക്കം. ധാർഷ്ട്യവും ദന്തഗോപുരവാസവും വെടിഞ്ഞ് തലമുറകളുമായി ഇഴകിച്ചേർന്ന് അവരെ കേൾക്കാനും തിരുത്താനും തിരുത്തൽ ശക്തിയാകാനും കോൺഗ്രസ്സും നേതൃത്വം തയ്യാറുണ്ടോ എന്നതാണ് ജനാധിപത്യ മതേതര ഇന്ത്യൻ സമൂഹം ഉറ്റുനോക്കുന്നത്.

No comments:

Post a Comment