Wednesday 20 September 2017

ആരും അങ്ങിനെ മരിച്ചിട്ടില്ല /മാവില

*ആരും അങ്ങിനെ മരിച്ചിട്ടില്ല*
________________

.          മാവില
________________
.  
എങ്ങിനെ മരിച്ചിട്ടില്ല ? തിരിഞ്ഞ് നോക്കി. പ്രവാസിയായാലും പാസ്പോർട്ടില്ലാത്തവനായാലും. അങ്ങിനെ തിരിഞ്ഞും തെരഞ്ഞും മരിക്കേണ്ട കാര്യമെന്ത് ?

പ്രവാസിയെ വെറുതെ കൊതിപ്പിക്കാനും ടെൻഷനടിപ്പിക്കാനും ചിലർ നാട്ടിൽ നിന്നും പുട്ടും കടലയും ചുട്ട ഉണക്കമീനും വറുത്തചെമ്മീനും പുഴുങ്ങിയ കിഴങ്ങും ഫോട്ടോ എടുത്ത് , വാട്സാപ്പിലും എഫ്.ബി.യിലും,  അതിന് മുമ്പ് ഓർക്കൂട്ടിലും പോസ്റ്റ് ചെയ്യാറുണ്ട്. അമ്മാതിരി ഒന്നാണ് ഈ അടുത്ത് കാലത്തായി കണ്ട് വരുന്ന തിരിഞ്ഞ് നോക്കാനാളില്ലാത്ത പ്രവാസി ഗതികിട്ടാപ്രേതവും സൂക്കേട്മരമെന്ന് പേടിപ്പിച്ച്,  പ്രവാസിക്ക് മാത്രമായി നൽകുന്ന ആരോഗ്യ ടിപ്സും.   ഇവ രണ്ടും കണ്ടപാതി കാണാപാതി ഫോർവേർഡ് ചെയ്യാൻ കുറച്ച് ഉത്കണ്ഠക്കാരുമുണ്ടെങ്കിൽ പിന്നെ ബേജാറ് ഏഴ് കടല് കടക്കാൻ നേരം കൂടുതലെടുക്കണോ?

ഞാൻ മനസ്സിലാക്കിയത് വെച്ച് ചോദിക്കട്ടെ, തിരിഞ്ഞ് നോക്കാനാളില്ലാതെ പ്രവാസി മാതൃരാജ്യത്ത് ഇഹലോകവാസം വെടിഞ്ഞ ഏതെങ്കിലും ഒരുദാഹരണം കാണിക്കാമോ ?

നാട്ടിലായാലും പുറം നാട്ടിലായാലും പണി എടുത്തേ മതിയാവൂ. ചിലർ അത് പ്രവാസം തെരഞ്ഞെടുക്കുന്നു.  പത്താം ക്ലാസ്സ് കഴിയുമ്പോൾ തന്നെ "ക്ക് നാടൊന്നും പുട്ച്ചൂലാ, പേർസ്യാന്നെ പുട്ച്ചണം" എന്ന് പറയുന്നത് ആരാ ?   പിള്ളേർ തന്നെ.  അപ്പോൾ അതിന്റേതായ പരിമിതികൾ പ്രവാസ ലോകത്ത് അവർ അനുഭവിക്കണം. അനുഭവിച്ചേ തീരൂ.

ഇനി പിരിവായാലും  എന്തായാലും ഉദാരമനസ്കർ എവിടെയുണ്ടെങ്കിലും നൽകും. പ്രവാസികൾക്ക് പൊതുവെ ബാക്കിയിരുപ്പ് കുറച്ച് കൂടുതൽ ഉള്ളത് കൊണ്ടും മറ്റൊരു പ്രവാസി വന്ന് കാര്യം ബോധിപ്പിച്ച് പൈസ ആവശ്യപ്പെടുന്നത് കൊണ്ടും അവർ  നൽകുന്നു. അതും ഇവിടെ കുറച്ച് കാണുന്നില്ല.  പക്ഷെ, കാണാതെ പോകുന്നത് പ്രവാസി അത് നൽകി, ഇത് നൽകി എന്ന് പറയുന്നതിന്റെ കാൽ ശതമാനം വെയിറ്റേജും കവറേജും  നാട്ടിൽ ഇതേ പോലെ നൽകുന്നവരുടെ കാര്യത്തിൽ കാണുന്നില്ല എന്നതാണ്.

കുറെ കാലമായി ഈ ടെക്സ്റ്റ് ഓടാൻ തുടങ്ങിയിട്ട്.  ചെറിയ എഡിറ്റിംഗ് മാത്രം വിരുതന്മാർ അപ്പപ്പോൾ നടത്തും. ഇന്ന് ചീങ്കണ്ണി (ബ്ലൂ വെയിലിന് എന്റെ ഭാഷ്യമാണ്, അതിന്റെ അർഥം നീലത്തിമിംഗലമെന്ന് തന്നെയാണ് ) ; നാളെ ഒരു പക്ഷെ, പെരുച്ചാഴി  ആയിരിക്കും തലക്കെട്ട്.

തിരിഞ്ഞ് നോക്കാതെ മരിക്കുന്ന പ്രവാസിയെന്നത്  എന്റെ അഭിപ്രായത്തിൽ പ്രതികരിക്കാൻ മടി കാണിക്കുന്ന പ്രവാസികളെ നോക്കിയുള്ള കൊഞ്ഞനം  കുത്തലാണ്.

പ്രവാസികൾ തന്നെ അത്തരം ടെക്സ്റ്റുകളുടെ ഫോർവേർഡിംഗ് മെസെൻജേർസ് (ഉന്തൽ സന്ദേശകർ) ആകുന്നതിൽ *ക്ക് സങ്കട്ണ്ട്*.
____________________
Rtpen.blogspot.com

No comments:

Post a Comment