Wednesday 20 September 2017

നേര് പറഞ്ഞാൽ / SAP

*നേര് പറഞ്ഞാൽ*

SAP


നേര് പറഞ്ഞാല്‍ ഇവിടെ എഴുതി തുടങ്ങുന്നവര്‍ മാത്രമേ ഉള്ളൂ.  നമ്മുടെ ചുറ്റുപാടില്‍ എഴുത്തുകാരന്‍ എന്ന ദറജ (ശ്രേണി) യിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ തുലോം പരിമിതവും വിരലിലെണ്ണാവുന്നവരും മാത്രമാണ്. നമ്മില്‍ മിക്ക ആളുകളും ഭാഷയുടെ ബാലപാഠങ്ങള്‍ അറിയാത്തവരാണ്.

ഭാഷയുടെ ബാല പാഠങ്ങള്‍ അറിയാത്തവര്‍ തന്നെയാണ് എഴുതുക എന്ന സാഹസത്തിനു മുതിരുന്നത്. അത് തെറ്റല്ല എന്നു മാത്രമല്ല സ്വാഗതാര്‍ഹം കൂടിയാണ്. അത് കൊണ്ട് തന്നെ അക്ഷരതെറ്റുകളും ഭീമന്‍ അബദ്ധങ്ങളും സ്വാഭാവികം.  അതില്‍ ഒരു അപകര്‍ഷത തോന്നേണ്ടതില്ല. ആരെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും തിരുത്താനും അയാള്‍ക്ക് നന്ദി പറയാനും മറക്കരുത്. (അത് പൊതു മര്യാദകളില്‍ പെട്ടതാണ്). ഇവന്‍ എന്നെ തിരുത്താന്‍ മാത്രം വളര്‍ന്നോ ഇവനെ ഒരു പാഠം ഞാന്‍ പഠിപ്പിക്കും എന്ന മനോഭാവമാണെങ്കില്‍ പൊതു ഇടങ്ങളില്‍ മാത്രമല്ല, എവിടെയായാലും ഇത്തരക്കാര്‍ വലിയ ദുരന്തവും പരാജയവുമായിരിക്കും. തെറ്റു ചൂണ്ടിക്കാണിക്കാനുള്ള അവകാശവും അവസരവും ഇവിടെ എല്ലാവര്ക്കും ഉണ്ട്.  അത് ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഭാഷയെ ഭാഷയായി കാണുക എന്നതാണ് പ്രധാനം.  അനാവശ്യ പദങ്ങള്‍ ചേര്‍ത്ത് ആളുകളെ ചിന്താ കുഴപ്പത്തില്‍ ആക്കുന്നവര്‍ക്ക് വേണ്ടി ഭാഷയില്‍ ഭിന്നമായ ഒരു സാഹിത്യ ശാഖ തുടങ്ങേണ്ടി വരും.

പ്രഗത്ഭരായ പല സാഹിത്യ നായകന്മാരും തങ്ങള്‍ക്ക് മലയാളം കാര്യമായിട്ട് അറിയില്ല എന്നു വെട്ടി തുറന്നു പറഞ്ഞവരായിരുന്നു. എഴുത്തിന്റെ വഴിയില്‍ അവര്‍ അവരുടേതായ വഴി വെട്ടി തുറന്നു, വെളിച്ചം പകര്‍ന്നു തന്നു.  മലയാള വ്യാകരണം പഠിച്ചിട്ടു എഴുതി തുടങ്ങാം എന്നു വിചാരിച്ചാല്‍ വലിയ ബുദ്ധിമുട്ടായിരിക്കും.  നാമവും നാമവിശേഷണവും അലങ്കാരവും, ലോപസന്ധിയും അഗമസന്ധിയും ദ്വിതസന്ധിയും കൃത്യമായി മനസ്സിലാക്കിയവരും അതിനനുസരിച്ച് എഴുതുന്നവരോന്നുമല്ല മലയാളത്തിലെ മിക്ക എഴുത്തുകാരും. അതിലൊക്കെ പ്രാവീണ്യമുള്ളവര്‍ എഴുത്തുകാര്‍ എന്ന വിഭാഗത്തിലെ അല്ല ഉള്‍പ്പെടുന്നത് എന്നത് വേറെ കാര്യം! അവര്‍ വ്യകരണന്മാര്‍ എന്നറിയപ്പെടുന്നു. പ്രാദേശിക ഭാഷ വക ഭേദങ്ങള്‍ എഴുത്തില്‍ ഇടക്ക് കയറി വരുന്നതിനെയും ഭയപ്പെടേണ്ടതില്ല. നമ്മുടെതായ ഒരു ഭാഷ ശൈലി ഉരുത്തിരിഞ്ഞു വരുന്നത് അങ്ങിനെയൊക്കെ തന്നെയാണ് എഴുതേണ്ടത് എന്നാണ് എന്‍റെ പക്ഷം.  പതിയെ നമ്മുടെ എഴുത്ത് ശൈലിയെ അംഗീകാരം തേടിയെത്തും.

തുടക്കക്കാര്‍ എന്ന നിലക്ക് നമ്മുടെ പച്ചയായ അനുഭവങ്ങളും തോന്നലുകളും അങ്ങനെ തന്നെ എഴുതണം. സ്വയം വായിച്ചു നോക്കുക. തിരുത്തല്‍ ആവശ്യം ഉണ്ട് എന്നു തോന്നുന്നിടങ്ങളില്‍ തിരുത്തുക. സുഹൃത്തുക്കളില്‍ നിന്നോ മറ്റോ എത്ര പ്രകോപനങ്ങളും മോശം പ്രതികരണങ്ങള്‍ ഉണ്ടായാലും എഴുത്ത് നിര്‍ത്തരുത്.  നമ്മള്‍ എഴുതുന്നത് നമ്മുടെ തൃപ്തിക്ക് വേണ്ടിയായിരിക്കണം.. ഒരു വര്ഷം മുമ്പ് നമ്മള്‍ എഴുതിയത് ഇന്ന് വായിക്കുമ്പോള്‍ വെറും ചവറായിരുന്നു എന്നു തോന്നും, ആ ചവര്‍ മികച്ച സാഹിത്യമായിരുന്നു എന്നു ലോകം വാഴ്ത്തുന്ന കാലം വരില്ലെന്നാരു കണ്ടു!! അങ്ങിനെയും സംഭവിച്ചിട്ടുണ്ടല്ലോ!

ഇത് ഒരു തുടക്കക്കാരന്റെ ചില അഭിപ്രായങ്ങളായി കാണുക.  കൊള്ളുകയെ തള്ളുകയോ ചെയ്യാം.  തള്ളുക എന്നതിന് പുതിയ വ്യാഖ്യാനങ്ങള്‍ ഇപ്പോള്‍ സജീവമാണല്ലോ.  പണ്ട് ഖാദര്‍ അരമന ചോദിച്ചത് പോലെ ഇതൊന്നും പത്രങ്ങളില്‍ വരില്ലല്ലോ അല്ലെ?
----------------------------------------
Rtpen.blogspot.com
Emailtosa@gmail.com

No comments:

Post a Comment