Saturday 23 September 2017

പുതു ദിനമാശംസിക്കുന്നു; പുതുവർഷപ്പിറവിയും /മാവില

പുതു ദിനമാശംസിക്കുന്നു;
പുതുവർഷപ്പിറവിയും
.
മാവില

ഇന്ന് 1439 ന്റെ ആദ്യം. ഹിജ്റ വർഷത്തുടക്കം. മുഹറം ഒന്നാം നാൾ. മുസ്ലിം കലണ്ടറിന്റെ ആരംഭം.

അറേബ്യൻ രാജ്യങ്ങളിൽ ഹിജ്റ വർഷമാണ് അവരുടെ നാക്കിൻ തുമ്പത്ത്, സഊദിയിൽ പ്രത്യേകിച്ച് .

നമ്മുടെ നാട്ടിൻ പുറത്ത് സ്ത്രീകൾ സംസാരിക്കുമ്പോൾ ഹിജ്റ മാസങ്ങൾ കടന്നു വരും. എനിക്ക് അറിയുന്ന കാലം മുതൽ എന്റെ ഉമ്മ കണക്കും കയ്യും പറയുക ഹിജ്റ മാസം കൂട്ടിയാണ്. ഉമ്മയുടെ കണക്കിൽ ഞങ്ങൾ അഞ്ച് പേരും ജനിച്ചത് ഹിജ്റ മാസങ്ങളിൽ, പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞതും ഹിജ്റയിൽ തന്നെ.

പ്രവാചകരും അവിടുത്തെ സഖാക്കളും ഹിജ്റ പോയതു മുതലുള്ളതാണ് അറബി മാസ തുടക്കം. വിവിധ ചരിത്ര സംഭവങ്ങൾ കൂടിയാലോചനകളിൽ വന്നപ്പോൾ  അമീറുൽ മുഅമിനീൻ  ആ നിർദ്ദേശത്തെയാണ് അംഗീകരിച്ചത്.

താസുആ-ആഷുറാഉകൾ ഈ മാസത്തിൽ. യഹൂദമത വിഭാഗക്കാർ പോലും ഈ മാസത്തെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നു. നൈൽ നദി പിളരുന്നതും മൂസ (അ) പ്രവാചകർ ഫിർആനെ മറികടക്കുന്നതും,  സത്യം വിജയിക്കുന്നതും ആദ്യത്തെ അഹങ്കാരിയായ  ആൾദൈവം ആറിൽ ( കടലിൽ ) കയ്കാലിട്ടടിക്കുന്നതും ആരും സഹായിക്കാനാളില്ലാതെ ആഴിയിലയാൾ മുങ്ങിതാഴുന്നതും നാം കണ്ടത് മുഹറത്തിൽ.  ആൾദൈവം കെട്ടി അതത് സമൂഹങ്ങളിൽ, പേടിപ്പിച്ചും, ചൂഷണം ചെയ്തും അപ്പോസ്തലനും വ്യാജപടച്ചോനും ചമഞ്ഞും,  അത് വർക്കൗട്ടാകാത്ത പഠിച്ച തരികിടകൾ, പടച്ചോന്റാളായി ചമഞ്ഞും നടന്നാൽ ഒരുനാൾ കടലല്ലെങ്കിൽ കണ്ട്നിൽക്കുന്നവർ പിടിക്കുമെന്ന സന്ദേശം നൽകിയതും, നൽകുന്നതും ഈ മാസമാണ്.  

പ്രവാചകചര്യകൾ  പദാനുപദം അനുകരിക്കുന്നവർക്ക് മുഹറമാചരണമുണ്ട്.

പക്ഷെ, മുസ്ലിംകളിലെ ഷിഅഇ വിഭാഗങ്ങളുടെ മുഹറമാചരണം പിന്നൊരു കൺസെപ്റ്റിലാണ്. ബഹ്റിനിൽ രണ്ട് വർഷത്തിലധികമുണ്ടായിരുന്ന എനിക്കത് നേരിട്ട് അറിയാം. നോഹയിൽ നിന്നും റൗളത്തുൽ ഷുഹദാഇൽ നിന്നുള്ള മദ്ഹ് വരികൾ പ്രത്യേക താളത്തിലും ഈണത്തിലും ചൊല്ലിയും ചൊല്ലിച്ചും ഷിയഇകൾ മുഹറമയാത്താക്കുന്നത് ബഹ്റിൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

കറുപ്പ് ആ മാസത്തിലാസഹോദരരുടെ നിറമാണ്. കർബലയിൽ രക്തസാക്ഷിയായ ഹുസൈൻ(റ) ഓർമ്മകളാണ്  അവർക്ക്  മുഹറം. സ്വയം താഡന - പീഡനങ്ങളിൽ (തത്ബീർ ) മുഹറമവർ സജിവമാക്കും. ചങ്ങലയിൽ ബ്ലേഡ് വെച്ച് പുറത്തും നെഞ്ചിലും നെറ്റിയിലും ആഞ്ഞടിച്ച് രക്തപങ്കിലമാക്കും. ചിലയിടങ്ങളിൽ, പ്രത്യേകിച്ച് ഇറാൻ ഗ്രാമങ്ങളിൽ, "കർബല രണാങ്കളം " രൂപകൽപന  ( തസീഹ് ) ചെയ്ത്  യുദ്ധ പ്രതിതിയുണ്ടാക്കുമത്രെ! ഇതിന്റെ നാല്പതാംനാൾ വലിയ ആeലാഷമാണവർക്ക്. ക്രിസ്മസ്സിന് പുൽക്കൂടുണ്ടാക്കുന്നത് പോലെ തെക്കനേഷ്യയിലൊക്കെ മുളയും കടലാസും കൊണ്ട് കർബല തീർക്കും.  ഹുസൈൻ ഷ്റൈൻ സന്ദർശനവുമവർക്ക് മുഹറ മാചരണത്തിന്റെ ഭാഗം തന്നെ.

പ്രവാചകരുടെയും അവിടുത്തെ സന്തത സഹചാരികളുടെയും പാത പിന്തുടരുന്നവർക്ക് മുഹറമങ്ങിനെ, ഇവർക്കിങ്ങനെ. ചിലതൊക്കെ അറിയാൻ വേണ്ടി മാത്രമാണീ കുറിപ്പ്.

എല്ലാവർക്കും പുതുവർഷം നേരുന്നു, നന്മ നിറഞ്ഞ ദിനങ്ങൾ മുഴുനീളമുണ്ടാകട്ടെ.

No comments:

Post a Comment