Wednesday 20 September 2017

വായനാവഴി▫/ SAP ▫

*വായനാവഴി*

SAP


തനിക്ക് കുഴപ്പമില്ലാതെ എഴുതാനറിയാമല്ലെടോ എന്നാദ്യമായി പറഞ്ഞത് ഫ്രാന്‍സിസ് മാഷായിരുന്നു.  ഒന്‍പതാം ക്ലാസ്സിലെ മലയാളം അധ്യാപകന്‍. മദ്യം എന്ന വിഷയത്തില്‍ ഉപന്യാസം എഴുതിത്തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍ അന്ന് മനസ്സില്‍ തോന്നിയതൊക്കെ എഴുതി. പത്തില്‍ എട്ടു മാര്‍ക്ക് തന്നു മാഷ്‌ പറഞ്ഞ വെരി ഗുഡ് ആയിരുന്നു പിന്നീടുള്ള കുത്തിക്കുറികള്‍ക്ക് പ്രചോദനം. ശേഷം ഓള്‍ഡ്‌ സ്റ്റുഡണ്ട് ഡേ ക്ക് അവതരിപ്പിക്കാനുള്ള നാടകത്തിനു ഗാനം എഴുതണം എന്നു ആവശ്യപ്പെട്ടു.  എനിക്കറിയില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വിട്ടില്ല.  നാടക പുസ്തകം വായിക്കാന്‍ തന്നിട്ട് പറഞ്ഞു.  "ഒരു മാസം സമയമുണ്ട്.  എന്തെകിലും എഴുതി കൊണ്ട് വരൂ ഞങ്ങള്‍ തിരുത്തി കൊള്ളാം". നാടകം മുഴുവന്‍ നാലഞ്ചു പ്രാവശ്യം വായിച്ചിട്ടും ഒന്നും എഴുതനാവുനില്ല.  വല്ലാത്ത ഭയം.  എനിക്ക് തന്ന ഒരുമാസം ഏതാണ്ട് കഴിയാറായി. രണ്ടും കല്‍പ്പിച്ചു കുത്തിക്കുറിച്ചു..

“മര്‍ത്ത്യനെ മര്‍ത്ത്യന്‍ മനസ്സിലാക്കത്തൊരു സംസ്കാര ശുന്യതയിതാ മുന്നില്‍’  എന്നു തുടങ്ങുന്ന പതിനാലു വരികള്‍ എഴുതി തയ്യാറാക്കി മാഷെക്കാണിച്ചു. അപ്പോഴും മാഷ് പറഞ്ഞു.  കൊള്ളാം കുഴപ്പമില്ല.. ചില തിരുത്തലുകള്‍ക്ക് ശേഷം സംഗീതം നല്‍കി ഗാനമായി അവതരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സന്തോഷം വിവരണാതീതം!


പിന്നെടെപ്പോഴോ ഒരു കവിത ആദ്യമായി പത്രത്തില്‍ അച്ചടിമഷി പുരണ്ടപ്പോള്‍ ഫോണ്‍ വിളിച്ചു അഭിനന്ദനം അറിയിച്ച ഒരാളുണ്ട്.  എന്നെ തിരിച്ചറിഞ്ഞ ബഹുമാന്യ സുഹൃത്ത് എച് കെ മാഷ്.  എന്തൊക്കെയോ കുത്തി കുറിക്കുകയും ഒക്കെയും കീറിക്കളയും ചെയ്യുന്നത് കണ്ടു കൊണ്ടിരുന്ന എന്നും ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്തുക്കളായ അസ്ലം മാവിലയുടെയും, ബി.ബഷീറിന്‍റെയും സ്ഥിരമായ സ്നേഹ ശകാരങ്ങള്‍.  സര്‍വോപരി ജനകീയ ഉസ്താദ് എന്നു വിളിക്കാന്‍ അര്‍ഹനായ ഒരേ ഒരാള്‍ എ.പി അബൂബക്കര്‍ മൌലവി, ആനുകാലികങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയും നിരന്തരം ശകാരിക്കുകയും എന്നില്‍ വായനാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത സ്നേഹനിധിയായ പണ്ഡിത ശ്രേഷ്ടന്‍. വളരെ ചെറുപ്പം മുതല്‍ തന്നെ മാതൃഭൂമി, കലാകൌമുദി പോലുള്ള വാരികകള്‍ വായിക്കാന്‍ പ്രേരിപ്പിച്ച ഉസ്താദ്!  അന്നൊക്കെ വായിക്കുന്നതോന്നും മനസ്സിലാവാറുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം!  കുറെ കഴിഞ്ഞപ്പോള്‍ കലാകൌമുദിയിലെ എം കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം എന്ന സമാനതകളില്ലാത്ത പ്രതിവാര പംക്തിയുടെ ആരാധകനായി മാറി.

ഇതൊക്കെ പറഞ്ഞു വരുന്നത് ഞാന്‍ വലിയവനാണെന്ന് സ്ഥാപിക്കാനല്ല. മറിച്ച് അല്പമെങ്കിലും കുത്തിക്കുറിക്കാന്‍ പ്രചോദിപ്പിച്ച എന്‍റെ വായനാവഴിയിലെ ദീപസ്തംഭങ്ങളായിരുന്നു ഇവരൊക്കെയും എന്നു പറയാനാണ്.  നല്ലൊരു വാക്ക് അല്ലെങ്കില്‍ ഒരു പ്രശംസ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്‌. ആത്മവിശ്വാസത്തിന്‍റെ താക്കോലുകളാണത്. ഒരു പിശുക്കും കൂടാതെ നല്ലതിനെ നല്ലത് എന്നു തുറന്നു പറയാനുള്ള മനസ്സുണ്ടാകണം. വിമര്‍ശങ്ങള്‍ പോലും ക്രിയാത്മകവും പ്രചോദനം നല്‍കുന്ന തരത്തിലുമാകണം. വിമര്‍ശനമെന്നത് തിരസ്കാരമല്ല. ഒപ്പം അതിന്റെ മേന്മ കൂടി പറയുന്നതാകണം. ഒരു കലാസൃഷ്ടിയുടെ പോരായ്മകള്‍ പറയുന്നതോടൊപ്പം അതിന്‍റെ നല്ല വശങ്ങളെ കൂടി പറഞ്ഞാല്‍ ആത്മ വിശ്വാസത്തോടെ കൂടി നന്നായി പ്രവര്‍ത്തിക്കാന്‍ അത് പ്രചോദകമാകും.

കഠിനമായ പ്രയത്നവും ആഗ്രവും ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന് സംശയമൊന്നുമില്ല. പോരായ്മകള്‍ ഇല്ലത്തവരയാരുമില്ല. പോരായ്മകളെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. എഴുത്തിലെ പോരായ്മകള്‍ തിരിച്ചറിയുക നിരന്തരമായ വായനയിലൂടെയാണ്. വായനയില്ലത്തവര്‍ക്ക് എഴുതാനാവില്ല. കത്തെഴുത്ത് പോലും ഒരു കലയാണ്‌. പുതിയ കാലത്ത് അന്യംനിന്നു പോയെങ്കിലും സുറാബിനെ പോലുള്ള ചില എഴുത്തുകാരെ വാര്‍ത്തെടുത്തത് തന്‍റെ പ്രവാസകാലത്ത് ഭാര്യക്കും സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകളിലൂടെയായിരുന്നു എന്നു വായിച്ചിട്ടുണ്ട്.

(തുടരും)

No comments:

Post a Comment