Sunday 10 September 2017

കുഞ്ഞിക്കൈകൾ അഭിനന്ദനമർഹിക്കുന്നു ഓർമ്മപ്പെടുത്തുന്നു / അസ്ലം മാവില

കുഞ്ഞിക്കൈകൾ
അഭിനന്ദനമർഹിക്കുന്നു
ഓർമ്മപ്പെടുത്തുന്നു

അസ്ലം മാവില

എന്റെ കയ്യിൽ ഇപ്പോൾ ഒരു കയ്യെഴുത്ത് പ്രസിദ്ധികരണമുണ്ട്. *കുഞ്ഞിക്കൈകൾ*. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പട്ല ഇസ്ലാഹി മദ്രസ്സയിലെ കുട്ടികൾ തയ്യാറാക്കിയതാണീ വായനാ വിഭവം. ഇന്നായിരുന്നു കുഞ്ഞിക്കൈകൾ പ്രകാശനം യുവകവി സാൻ മാവില നിർവ്വഹിച്ചത്.

50 പേജുകൾ. അതിൽ നിറയെ കഥ, ചെറുലേഖനം, കവിത, ചിത്രങ്ങൾ അടക്കം മദ്രസ്റ്റ കുട്ടികളുടെ കലാ -സാഹിത്യ സൃഷ്ടികളാണ്. ധൃതി പ്രസ്തുത പ്രസിദ്ധികരണത്തിന്റെ ടോട്ടാലിറ്റിയെ ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും അങ്ങിനെയൊന്നു ആലോചിക്കാനും തുടങ്ങാനും പൂർത്തികരിക്കാനും സ്വാതന്ത്ര്യ ദിനത്തിൽ തന്നെ പ്രകാശനം ചെയ്യുവാനുമെടുത്ത ഉദ്യമത്തെയും അതിന് പിന്നിലെ അണിയറ പ്രവർത്തകരെയും അഭിനന്ദിക്കാതെ വയ്യ. സാംസ്കാരിക പട്ലയുടെ മുതൽകൂട്ടിൽ കുഞ്ഞിക്കൈകളും തുടർ ലക്കങ്ങളും ഭാവിയിൽ ഇടം പിടിക്കുക തന്നെ ചെയ്യും.

കയെഴുത്ത് പ്രസിദ്ധികരണങ്ങളാണ് ഒരു ഗ്രാമത്തിൽ, ഒരു സമൂഹത്തിൽ എഴുത്തിന്റെ ലോകത്തിലേക്ക് തുടക്കക്കാർക്ക് പ്രവേശന കവാടമൊരുക്കുന്നത്. അങ്ങിനെയൊരാശയം വിദ്യാർഥികളിൽ മുളപൊട്ടുകയും അതിനായി ശ്രമങ്ങളാരംഭിക്കുകയും ചെയ്യുന്നത് തന്നെ, വൃഥാവിലാകാത്ത ബൗദ്ധിക വ്യായാമമത്രെ -

80 ന്റെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും പട്ല കയ്യെഴുത്ത് പ്രസിദ്ധികരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. തൂലിക , ജാലകം , വീഥി തുടങ്ങി ഒരു പാട് കയെഴുത്ത് പ്രസിദ്ധീകരണങ്ങൾ ഒഴിഞ്ഞു മാറാത്ത വിവാദങ്ങളോടൊപ്പം വായനയുടെ നല്ല പ്രതലവും തീർത്തിരുന്നു. പട്ല സ്കൂളിൽ  രമേശ് ദാസടക്കമുള്ള മൂന്ന് ദാസ് മാഷന്മാരുടെ പരിശ്രമം കൊണ്ടുണ്ടായ കയ്യെഴുത്ത് പ്രസിദ്ധീകരണം (പേര് ഓർക്കുന്നില്ല) കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ചു നിന്നിരുന്നു. അതായിരിക്കും പടലയിലെ ആദ്യ കയ്യെഴുത്ത് പ്രസിദ്ധീകരണം. രണ്ടാമതൊന്നിന് അധ്യാപകർ ശ്രമം തുടങ്ങിയെങ്കിലും വർക്കൗട്ടായില്ല.

സമകാലീന വിഷയങ്ങൾ നിരന്തരം ചർച്ച ചെയ്തും വായനാ ലോകത്തുമല്ലാതെയും വിവാദങ്ങൾക്ക് വഴിമരുന്നിട്ട,  ദ്വൈവാരിക രൂപത്തിൽ 89-90 ൽ ഒരു വർഷത്തോളം എതിർപ്പുകളതിജീവിച്ച് പ്രസിദ്ധികരിച്ച ജാലകത്തിന്റെ പഴയ ലക്കങ്ങൾ ഇന്നും ലഭ്യമാണ്.

ഉറി ചിരിച്ചാലും ഉള്ളത് പറയട്ടെ, എഴുത്തിന്റെ വിഷയത്തിൽ നമ്മുടെ നാട്ടിലെ കുട്ടികൾ ഇനിയും വളരെ പിന്നിലാണ്.  വായനയുടെ കുറവാണ് കാരണം. അതൊരു ഗൗരവമുളള  വിഷയമായി കുഞ്ഞു / യുവതലമുറകൾക്ക് ഇത് വരെയും തോന്നിയിട്ടേയില്ല.

നമ്മുടെ മക്കൾക്ക് മതിയായ ബോധമിക്കാര്യത്തിലുണ്ടാക്കിയെടുക്കുക എന്നത് ഒരേ പോലെ അവശ്യവും വെല്ലുവിളിയുമാണ്. കുഞ്ഞിക്കൈകൾ പോലുളള പ്രസിദ്ധീകരണങ്ങൾ നമുക്കീ വിഷയത്തിലുള്ള  ഓർമ്മപ്പെടുത്തലാകട്ടെ.

No comments:

Post a Comment