Thursday 21 September 2017

മൊഴിമാറ്റം നടത്തിക്കൂടേ ? / മാവില

വിദ്യാർഥികൾക്കും
ഉപരിപഠനം നിർത്തിയർക്കും
മൊഴിമാറ്റം നടത്തിക്കൂടേ ?

.      മാവില

കോളേജ് വിദ്യാർഥികൾ ഈ ഫോറം വായിക്കുന്നുണ്ടെങ്കിൽ, അവർക്ക് ഞാൻ  ഒരു നല്ല നിർദ്ദേശം വെക്കട്ടെ. ഇംഗ്ലിഷ് രചനകളുടെ മലയാളമൊഴിമാറ്റം.

GBS മുതൽ ശശി തരൂരിനെ പോലുള്ള പ്രതിഭകളുടെ എഴുത്തുകൾ സൈറ്റ് ബ്രൗസ് ചെയ്താൽ ലഭിക്കും. അവ നിങ്ങളുടെ അറിവും  ഭാഷാ പരിചയവും (പാണ്ഡിത്യമെന്ന് തെറ്റിദ്ധരിക്കരുത്) മുൻനിർത്തി മലയാളത്തിൽ, പദാനുപദമല്ലെങ്കിലും, മൊഴി മാറ്റാൻ ശ്രമം നടത്തുക.

ക്ലാസ്സിൽ ഏറ്റവും നന്നായി ഭാഷ കൈകാര്യം ചെയ്യുന്ന സഹപാഠികളുടെ അഭിപ്രായമാരായുക, ഏറ്റവും അവസാനം നിങ്ങളുടെ ഭാഷാധ്യാപകനെ കാണിച്ച് തെറ്റുകളും തിരുത്തുക.

കുറച്ച് മെനക്കെടേണ്ടി വരും. അത് ട്രോൾ പോലെ അത്ര സുഗമമായ  ഏർപ്പാടല്ല. സ്വയം ബഫൂൺ ആകുന്നതിന് പകരം, ആഗ്രഹിക്കാതെ ആദരവ് ലഭിക്കും. വായനക്കാരുടെ ഒരു വൃന്ദം അവരെ കാത്തിരിക്കും. ഇളിഭ്യത മാറി, സഭ്യതയുടെ രാജപാത തെളിയും. തിരിനാളമെത്ര തന്നെ ചെറുതാകട്ടെ,  എത്ര ചെറിയ ചുറ്റുവട്ടമാണെങ്കിലും, അത് പരത്തുന്ന പ്രകാശം ഇരുട്ടൽപ്പമെങ്കിലും മായ്ക്കുമല്ലോ !

ഭാഷയുടെ മാത്രമല്ല സംസ്കാരത്തിന്റെയും ജീവിത രീതികളുടെയും ഇഴപിരിയാത്ത  പറിച്ചുനടലാണ് മൊഴിമാറ്റം. പരിമിതികളയുടെ സങ്കീർണ്ണതകളിൽ നിന്നും വിടുതി നേടുന്നവർക്കാണ് മൊഴിമാറ്റത്തിൽ അജയ്യതയും സ്വീകാര്യതയും ജനകീയതയും കൈവരിക്കാനാവുക.

  * GBS - George Bernad Shaw

No comments:

Post a Comment