Thursday 21 September 2017

സൗഹൃദവലയത്തെ ഹൃത്തില്‍ ചേര്‍ത്ത പ്രതിഭ... /അസീസ് പട്ല

സൗഹൃദവലയത്തെ  ഹൃത്തില്‍ ചേര്‍ത്ത  പ്രതിഭ...
___________________

അസീസ് പട്ല

എസ്. അബൂബക്കറുമായുള്ള ചങ്ങാത്തം എനിക്ക്  ആള്‍ക്കാരുടെ രൂപം തിരിച്ചറിയാന്‍ പാകമാകുന്നതിനേക്കാള്‍ പഴക്കമുണ്ട്., വിദ്യാരംഭത്തിന്‍റെ ഒന്നാം ക്ലാസ്സില്‍ ഒന്നിച്ചയപ്പോള്‍ ചില വൈജാത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു,ഒന്ന് മിതഭാഷിയും മറ്റൊന്ന് കൈപ്പട നന്നാക്കുകയെന്ന തുടര്‍യാത്ജ്ഞവും!,

വെറുതെയിരിക്കുമ്പോഴെല്ലാം ഒന്നുകില്‍ സ്ലൈട്ടില്‍ എഴുത്ത് അല്ലെങ്കില്‍ സ്ലൈട്ടു പെന്‍സിലിനെ (ഗഡഡി) കൂര്‍പ്പ് കൂട്ടുക എന്നതായിരുന്നു, ഞങ്ങളെയൊക്കെ അസൂയാവഹമാക്കും വിധത്തില്‍ കറുത്ത സ്ലൈട്ടില്‍, വൃത്തിയുള്ള  അക്ഷരങ്ങള്‍ തെളിയിക്കുമായിരുന്നു., ഇണങ്ങിയും പിണങ്ങിയും മൂന്നാം ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചു., നാലും അഞ്ചും ഞാന്‍ വേറെ സ്കൂളിലാ പഠിച്ചത്, വീണ്ടും പട്ള  സ്കൂളില്‍ ആറാം ക്ലാസ്സില്‍ മാത്രം ഒറ്റ വര്ഷം ഒന്നിച്ചുപഠിച്ചു, അപ്പോഴേക്കും അധ്യാപകരുടെ പ്രീതിപാത്രമായിക്കഴിഞ്ഞിരുന്നു ഇന്നത്തെ സാപ്.

എഴുത്തിന്‍റെ ലോകത്തില്‍ ഇത്രയധികം വിരാജിച്ച/ വിരാജിക്കുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങളുടെ ഉടമയാണ് അദ്ദേഹം എന്ന് പറയാതെ നിവൃത്തിയില്ല, സംസാരത്തിനിടയില്‍ ഒരിക്കല്‍ എന്നോട് സാപ് അഹംകാരത്തിന്റെ കലര്‍പ്പ് ഒട്ടും ദ്യോതിപ്പിക്കാതെ പറഞ്ഞു “ഞാന്‍ അത്യാവശ്യ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്”, മറുവശത്ത്‌ ഞാന്‍ കടുകുമണിയോളം ചെറുതായിപ്പോയി, ജീവിതത്തില്‍ ആകെ വായിച്ചു തീര്‍ത്തതു “ഇന്ടുപ്പപ്പാക്കൊരാനണ്ടാര്‍ന്ന്” എന്ന ഒറ്റ നോവല്‍, അതും യാദൃശ്ചികം ജിദ്ദയില്‍ താമസിക്കുന്ന കാലത്ത് സഹധര്‍മ്മിണി എം.ജി.എമ്മിന്‍റെ ലൈബ്രറിയില്‍ നിന്നും കൊണ്ടുവരുന്ന കൂട്ടത്തില്‍ കണ്ടതാണ്,, അതിലെ ആഖ്യാന ശൈലി എന്നെ ഏറെ സ്വാധീനിച്ചിരുന്നു.

ഭാഷകളെ പ്രണയിക്കുന്ന ഞാന്‍,  അക്ഷരക്കൂട്ടങ്ങളിലമ്മാനമാടുന്ന സാപിന്‍റെയും, മാവിലയുടെയും  എഴുത്തിലെ  മാസ്മരികതയിലഭിരമിച്ച നിമിഷം മാവിലയോട് ചോദിച്ചു “താങ്കളത്രയില്ലെങ്കിലും, ഒരു ആവറേജ്  എഴുത്തുകാരനാകാന്‍ എന്താണ് ചെയ്യേണ്ടത്?”, ഉടനെ അദ്ദേഹം പറഞ്ഞു :പരന്ന വായന.
 ഭക്ഷണപ്രിയനായ രോഗിയോട് “ഡയറ്റ്” നിര്‍ദ്ദേശിക്കപ്പെട്ടമാത്രയില്‍ ഞാന്‍ പിന്മാറി...വായിക്കാനുള്ള സമയക്കുറവു, അതാണ്‌ മടിയെക്കാളും എന്നെ പിന്തിരിപ്പിച്ചത്.

പിന്നെ ബി. മഹമൂദ് പറഞ്ഞത് പോലെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കുത്തിക്കുറിക്കുവാന്‍ തുടങ്ങിയിരുന്നു., വളരെ മുമ്പ്തെന്നെ...
സപ്പിനെ പരാമര്‍ശിച്ച മാവിലയുടെ എഴുത്ത് കടമെടുക്കുകയാണെങ്കില്‍....
“ഒരിക്കലും എന്നെ ചെവി  കൊടുക്കാത്ത  മനുഷ്യനാണ് SAP. ചെവികൊടുത്തിരുന്നെങ്കിൽ മലയാളത്തിന് തെറ്റില്ലാത്ത രീതിയിൽ നാലഞ്ച് കവിതാ സമാഹാരങ്ങൾ ലഭിക്കുമായിരുന്നു!”

ശരിയാണ്, എനിക്കും തോന്നിയിട്ടുണ്ട്, പക്ഷേ ഞാന്‍ മനസ്സിലാക്കുന്നത് പദവിയെക്കാളും മറ്റെന്തിനെക്കാളുമേറെ അദ്ദേഹം സുഹൃത്ത്‌ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു, ഒരു പക്ഷെ കവിതാലോകത്ത് പ്രശസ്തിയാര്‍ജ്ജിക്കുമ്പോള്‍ സുഹൃത് വലയം നഷ്ടപ്പെടുമോയെന്ന ഭീതിയുടെകരിനിഴല്‍ സാപ്പിനെ മ്ലാനപ്പെടുത്തിയിട്ടുണ്ടായേക്കാം.

സമപ്രായക്കാരുടെ ഇടയില്‍ സാപ് എന്ന വ്യക്തി നര്‍മ്മത്തിന്‍റെയും നൈര്‍മാല്യത്തിന്‍റെയും പ്രതീകമാകും, വളരെ ലോലഹൃദയനായ അദ്ദേഹം ആരും തന്‍റെ നര്‍മ്മത്തിലൂടെ വേദനിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷ്മതപാലിക്കുന്ന കൂട്ടത്തിലാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

സുഹൃത്തേ... എഴുത്തിന്‍റെ ലോകത്തെ ഇനിയും കീഴടക്കി മുന്നോട്ടു പ്രയാണിക്കൂ......... ഭാവുകങ്ങള്‍.

🔸🔸🔸🔸🔸

No comments:

Post a Comment