Saturday 23 September 2017

സാക്ഷരതാ ഓർമ്മകൾ (3) /അസ്ലം മാവില

സാക്ഷരതാ ഓർമ്മകൾ (3)

അസ്ലം മാവില

(നോട്ട്: സാക്ഷരതാ ഓർമ്മകൾ  മൂന്ന് ലക്കങ്ങളിൽ ഒതുക്കാനായിരുന്നു എന്റെ നേരത്തെയുള്ള ഉദ്ദേശം. കുറച്ച് കൂടി ലക്കങ്ങൾ വേണമെന്ന് നിലവിലെ സാഹചര്യങ്ങൾ എന്നോട് പറയുന്നു, അത് കൊണ്ട് തുടർ ആഴ്ചകളിലും വായിക്കാം. )

സാക്ഷരതാ ക്യാമ്പയിനിൽ, മാസ്റ്റർ ട്രൈനി എന്ന നിലയിൽ, എന്റെ ഉത്തരവാദിത്വമേഖല പട്ലയാണ്, ഇടയ്ക്കൊന്ന്  കൊല്ല്യ ഭാഗത്ത് കണ്ണെത്തണം.

ട്രൈനീസായി നമ്മുടെ വാർഡിൽ നിന്ന് കുറച്ച് ചെറുപ്പക്കാർ മുന്നോട്ട് വന്നു. എം. കെ. ഹാരിസ്, ടി.എച്ച്. മുഹമ്മദ്, ബക്കർ മാഷ് തുടങ്ങിയ  അഞ്ചാറു പേർ. കുറച്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. ( പേരുകൾ ഓർമ്മപ്പെടുത്തുന്നതനുസരിച്ച് ഞാൻ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യും).  നമ്മുടെ സ്കൂളിലെ അന്നുണ്ടായിരുന്ന ഒരു  അധ്യാപകനും ഈ ക്യാമ്പയിന് മുന്നിട്ടിറങ്ങിയില്ലെന്ന് മാത്രമല്ല; തിരിഞ്ഞു പോലും നോക്കിയില്ല.

അന്ന് പട്ല പൂർവ്വ വിദ്യാർഥി സംഘടന പ്രവർത്തന രംഗത്ത് വളരെ സജീവമായിരുന്ന കാലമായിരുന്നു.  ഈ വിഷയത്തിൽ ഒ.എസ്.എ നല്ല പിന്തുണ നൽകി. അന്നത്തെ ക്ലബുകളും പിന്തുണയുമായി മുന്നോട്ട് വന്നു.

അപ്രതീക്ഷിതമായ സപ്പോർട്ട് ലഭിച്ചത് അന്നത്തെ ചെറുകിട കടക്കാരിൽ നിന്നായിരുന്നു.  കാരണം നിരക്ഷരരെ കണ്ടെത്തിയാൽ പിന്നെ അവർക്ക് പഠനസൗകര്യമൊരുക്കുവാൻ ആദ്യം വേണ്ടത് പാഠശാലയായിരുന്നു.  

ഒ എസ് എ ഭാരവാഹികൾ സ്കൂൾ അധികൃതരുമായി സംസാരിച്ചു.  അങ്ങിനെ വൈകുന്നേരങ്ങളിൽ സ്കൂൾ മുറികൾ തുറക്കാൻ ധാരണയായി.  അന്ന് ഡേവിഡ് എന്ന പ്യൂണായിരുന്നു സ്കൂൾ വാതിലുകൾ തുറന്ന് തരിക. ഡേവിഡിനോട് മാത്രം സ്നേഹവും ആദരവും തോന്നിയ ദിനങ്ങൾ.  (ഡെവീഡിയൻ തമാശകൾ ഒരുപാടുണ്ട്,  അത് ഇവിടെ പരാമർശിക്കുവാൻ പരിമിതികളുണ്ട്).

സാക്ഷരതാ ക്ലാസ്സിൽ, സ്കൂളിൽ, നമ്മുടെ "വിദ്യാർഥികളെ " എത്തിക്കുക എന്നത് അതിസാഹസമായിരുന്നു. മമ്മിഞ്ഞി വന്നാൽ അന്തിഞ്ഞി   ഉണ്ടാകില്ല,അന്തിഞ്ഞിയെ
കണ്ടില്ലെങ്കിൽ അദ്ദിഞ്ഞി സ്ഥലം വിടും. ചുരുക്കിപ്പറഞ്ഞാൽ ആർക്കും അന്തിമോന്തിക്കുള്ള "സാലന്റെ അട്ക്കത്തേക്കുള്ള" പോക്ക് അത്ര തൃപ്തിയായിട്ടില്ല. ചിലർക്ക് തീരെ തൃപ്തിയുമല്ല.

അതിലും വലിയ വിഷയം  അക്ഷരം അറിയുന്ന ചിലരുടെ കുത്തു വെച്ചുള്ള നോട്ടവും കമന്റ്സുമായിരുന്നു. പ്രോത്സാഹിപ്പിക്കുക എന്നത് അന്നും ഇന്നും ഒരു വിഷയമാണല്ലോ.  കളിയാക്കുക, കുറ്റങ്ങൾ കണ്ടെത്തി ചൊറിഞ്ഞു കൊണ്ടിരിക്കുക എന്നത്  എല്ലാ കാലത്തും എല്ലാ സമൂഹവും അഭിമുഖീകരിച്ചിരുന്നു. ചിലർക്ക് ഈ മോശം സ്വഭാവം തായ്വഴിയായും മറ്റു ചിലർക്ക് കൂട്ട്കെട്ടിൽ നിന്നും ലഭിക്കുന്നതാണെന്ന് എല്ലാവർക്കുമറിയാം. "എനിക്കംഗീകരിക്കാൻ മനസ്സില്ലെ"ന്നിടത്താണ് ഈ പൊയത്താക്കാരുടെ വരണ്ട് വക്രിച്ച കുഞ്ഞു ലോകം കിടക്കുന്നത്!

പരിഹസിക്കുകയും അത് വഴി പിന്തിരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി അവർക്ക് ഡോസ് കൊടുക്കുക എന്നത് സി.എച്ച്. സ്വയം ഏറ്റെടുത്തു. (അന്നും ഇന്നും CH ഈ വിഷയത്തിൽ അഗ്രഗണ്യനാണ്, അത് കൊണ്ട് അനഭിമതനുമാകുകയും ചെയ്യും).

കുത്തുവാക്കുകളടങ്ങിയിട്ടും വിദ്യാർഥികൾ വരുന്നതിൽ പിന്നെയും  മടി കാണിച്ചപ്പോൾ, "പൊര്ക്കാര്ത്തി"യോ ബന്ധുക്കളോ ആണ് അടുത്തതായി തലപൊക്കിയ "പ്രധാനവില്ലിഞ്ഞമാരെന്ന്" ഞങ്ങൾക്ക് വളരെ വൈകിയാണ് മനസ്സിലായത്.  അവരെ ഒതുക്കാൻ ഞങ്ങൾ കണ്ടെത്തിയ കുരുട്ടു പരിപാടിയാണ് , അക്ഷരം പഠിക്കാത്തവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് വെട്ടാനും, ആ കാർഡിൽ ബാക്കിയുള്ളവർക്ക്  അരി - പഞ്ചസാര -മണ്ണെണ്ണയുടെ അളവ് കുറക്കാനും പദ്ധതിയുണ്ടെന്ന ലുങ്കി ന്യൂസ്. അത് ഫലിച്ചു തുടങ്ങിയതോടെ  ആ തലവേദനയും മാറിമാറി വന്നുകൊണ്ടിരുന്നു.

ഈ വിഷയങ്ങൾ നിരന്തരം മാസ്റ്റർ ട്രൈനീസ് മീറ്റിലും ദ്വൈവാര മോണിറ്ററിംഗ് യോഗങ്ങളിലും ചർച്ചയ്ക്ക് വന്നുകൊണ്ടിരുന്നു. പലയിടങ്ങളിലും ഇതൊക്കെ തന്നെയായിരുന്നു പൊതുവായ വെല്ലുവിളികളും.  "റേഷൻ കാർഡ് പേര് വെട്ടൽ " തിയറി മറ്റു വാർഡുകളിലും വിജയകരമായി പരീക്ഷിക്കുവാൻ മാസ്റ്റർ ട്രൈയിനിമാരും ഇൻസ്ട്രക്റ്റർമാരും സംയുക്ത ധാരണയായി.

നിൽക്കക്കള്ളിയില്ലാതായപ്പോൾ ചിലർ ഉറപ്പ് പറഞ്ഞു - വേറെ എവിടെയും വരാം,  സ്കൂളിലേക്കില്ല. അവിടെയായിരുന്നു, നമ്മുടെ നാട്ടിലെ ചെറുകിട കടക്കാർ കാണിച്ച വലിയ മനസ്സ് ഇവിടെ എടുത്ത് പറയാൻ ഞാൻ ഉദ്ദേശിന്നത്.

ഞങ്ങൾ കുറച്ച് പേർ ഓരോ കടക്കാരെയും സമീപിച്ചു.  ബിസിനസ്സ് ഹൗർസ് കഴിഞ്ഞാൽ രാത്രി 10 -15 മിനിറ്റ് ഈ കടയുടെ ഒരു ഒഴിഞ്ഞമൂല സാക്ഷരതാ ക്ലാസ്സിന് ഒഴിഞ്ഞ് തരണമെന്ന ആവശ്യം അവരോട് മുന്നോട്ട് വെച്ചു. വലിയ പ്രതീക്ഷയില്ലായിരുന്നു.  പക്ഷെ, കടക്കാരുടെ പ്രതികരണം ഞങ്ങളെ വളരെ ചെറുതാക്കി. "ഞങ്ങളുടെ കട അതിനായി എപ്പോഴും നിങ്ങൾക്ക് ഉപയോഗിക്കാം" എന്ന നല്ല വാക്കുകൾ
അവരെ ഏറ്റവും വലിയ അനൗപചാരിക - വിദ്യാഭ്യാസ പ്രവർത്തകരുടെ മുൻനിരയിലെത്തിച്ചു.
TH അബ്ദുൽ റഹിമാൻ, കുന്നിൽ അമ്പാച്ച, ഇല്യാസിന്റെ ഉപ്പ അദ്ലൻച്ച, കൊല്യയിൽ മുഹമ്മദ്ക്ക തുടങ്ങിയവരെ ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ കടത്തിണ്ണകളും കടമുറികളുടെ ഒറ്റമൂലകളുമായിരുന്നു പിന്നിട് ഞങ്ങളുടെ പാഠ്യലയം.

(തുടരും)    

No comments:

Post a Comment