Sunday 10 September 2017

ടി. പി. മൊയ്തീൻച്ച എന്ന വേണ്ടപ്പെട്ടവൻ /അസ്ലം മാവില

ടി. പി. മൊയ്തീൻച്ച
എന്ന വേണ്ടപ്പെട്ടവൻ

അസ്ലം മാവില

മമ്മ്ണ്ച്ചാന്റെ കുടുംബം ഞങ്ങൾക്ക് "പൊതു"വോർ  ആകുന്നത് 1982 മുതലാണ് .

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്  എന്റെ മൂത്ത പെങ്ങളുടെ വിവാഹം. പെങ്ങളെ വിവാഹം ചെയ്തത് ടി. പി.  മൊയതിൻച്ചാന്റെ അനിയൻ ടി.പി. അബ്ബാസും. അന്ന് മുതൽ ആ കുടുബത്തിലെ ഓരോരുത്തരും ഞങ്ങൾക്കങ്ങോട്ടുമിങ്ങോട്ടും വളരെ വേണ്ടപെട്ടവരാണ്.

മൊയ്തീൻച്ച  ദിർഘകാലം ബഹ്റിനിലായിരുന്നു. മക്കളൊക്കെ പറക്കമുറ്റുന്ന കാലമായപ്പോൾ   അദ്ദേഹം പ്രവാസ ജീവിതമവസാനിപ്പിച്ച് നാടു പിടിച്ചു. കുടുംബത്തോടും നാട്ടുകാരോടുമൊപ്പം അദ്ദേഹമിത്രയും കാലം സ്നേഹത്തോടും സന്തോഷത്തോടെയും കഴിഞ്ഞുവെന്നത് തന്നെ വലിയ സൗഭാഗ്യമാണ്.

കലർപ്പില്ലാത്ത പെരുമാറ്റമാണ് മൊയ്തീൻച്ചാനെ വ്യത്യസ്തമാക്കുന്നത്. എന്നെയും എന്റെ പ്രസംഗത്തെയും അദ്ദേഹം ഒരു പോലെ ഇഷ്ടപ്പെട്ടിരുന്നു.  എന്നോട് തമാശ രൂപേണ പറയാറുമുണ്ട്. ഏറ്റവും അവസാനം ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ പ്രക്ഷോഭ സമയത്ത് ഞാൻ പ്രസംഗിക്കാൻ പോയ സ്ഥലങ്ങളിലൊക്കെ മൊയതിൻച്ച കേൾവിക്കാരൻ മാത്രമായല്ല അഭ്യുദയകാംക്ഷിയുമായാണ്  സംബന്ധിച്ചത്.

വ്യക്തി ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ശ്രദ്ധ കാണിച്ചിട്ടുണ്ട്.  "ഞങ്ങൾ നിങ്ങൾ " വേർതിരിവില്ലാത്ത പച്ചയായ ഒരു മനുഷ്യൻ. വേദനിപ്പിക്കാത്ത നേരം പോക്കുകാരൻ.   നാട്ടിൽ ബന്ധനങ്ങളില്ലാത്ത ബന്ധം ആഗ്രഹിച്ച മനുഷ്യൻ. നല്ലൊരു കർഷകൻ! ഒപ്പം, ഒരു നല്ല ഇടത് പക്ഷ രാഷ്ട്രീയ സഹയാത്രികനും.

അസീസ് സൂചിപ്പിച്ചത്  പോലെ സമയവും നേരവും ബാങ്കൊലിയുമായി ബന്ധപ്പെടുത്തിയ മനുഷ്യരിൽ ഒരാളാണ് മൊയ്തീൻച്ച! സാപ് പറഞ്ഞത് പോലെ ഗ്രാമീണസ്നേഹം  ഒസ്യത്ത് കൊണ്ട് നടന്ന മനുഷ്യനാണ് മൊയ്തീൻച്ച !

ബഷീറിന്റെയും ഷാഫിയുടെയും ഹാരിസിന്റെയും അഫ്നാസിന്റെയും അസിഫിന്റെയും മുസ്തഫയുടെയും മൈമൂനയുടെയും സക്കീനയുടെയും പ്രിയപ്പെട്ട ഉപ്പയ്ക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെയെന്ന് പ്രാർഥിക്കാം ! ആ മക്കൾക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഈ വേർപാട്  താങ്ങുവാനുള്ള ക്ഷമയും സഹനവും പടച്ചവൻ നൽകുമാറാകട്ടെ, ആമീൻ

പ്രാർഥിക്കാം -  നമ്മിൽ നിന്ന് വിട്ട് പോയ നമ്മുടെ മാതാപിതാക്കളെ പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ , ആമിൻ. 

No comments:

Post a Comment