Sunday 10 September 2017

ബാസിത് ഓർമിപ്പിക്കന്നത്
യുവാക്കൾ ഓർക്കാൻ വിട്ട് പോകുന്നത്

അസ്‌ലം മാവില

ബാസിതിന് കേരള പോലീസിൽ അഡ്വൈസ് (for appointment) വന്നെന്നറിഞ്ഞപ്പോൾ ഒരു കുറിപ്പ് എഴുതാൻ പറ്റിയ സാഹചര്യമല്ലായിരുന്നു അന്നെനിക്ക്. അതിന്റെ കടം വീട്ടാൻ കൂടിയാണ് ഇന്നത്തെ എഴുത്ത്.

ഇതേപോലെ പോസ്റ്റ് ചെയ്തതോ പത്രത്തിൽ വന്നതോ ആയ ഒരു തൊഴിലവസര പരസ്യം കണ്ടാണ് ബാസിത് ജോലിക്ക് അപേക്ഷിക്കുന്നത്.  അതും ലക്ഷക്കണക്കിന് അപേക്ഷകരിൽ ഒരാളായി. അല്ലാതെ പൈതങ്ങൾക്ക് "ഇങ്ക" കൊടുക്കുന്നത് പോലെ ജോലി ഇങ്ങോട്ട് വച്ച് നീട്ടികൊടുത്തതൊന്നുമല്ല അവന് കിട്ടിയ പോലിസ് പണി.  

ബാസിത് യുവതലമുറക്ക് ഒരു മാതൃകയാണ്. അത് കൊണ്ട് പതിനെട്ട് കഴിഞ്ഞ പിള്ളേർക്ക് മുഴുവൻ ആൺ പെൺ വ്യത്യാസമില്ലാതെ PSC പരീക്ഷയെന്നത് ഹരവും ഉന്മാദവും ഒപ്പം വെല്ലുവിളിയുമാകണം.  അതെത്തിപ്പിടിക്കും വരെ പിന്മാറുകയുമരുത്.

പട്ല വായനശാലയും പാർടി ഓഫീസുകളും ക്ലബുകൾക്ക് ഇരിക്കാൻ ഇടമുണ്ടെങ്കിൽ അതും PSC പരീക്ഷാ പരിശീലനത്തിന് ഒന്നോരണ്ടോ മണിക്കൂറുകൾ ഓരോ ദിവസവും മാറ്റിവെക്കണമെന്നാണ് എന്റെ അഭിപ്രായം.  പാർടി കൊടിക്കൂറകൾക്ക് താഴെ അണിചേരുന്നവർക്കും ഇങ്ക്വിലാബ് വിളിക്കുന്നവർക്കും "നിങ്ങൾക്കും കൂടി പറഞ്ഞതാണ് സർക്കാർ പണി " യെന്ന് പ്രാദേശിക നേതൃത്വം കനപ്പിച്ചും കണ്ണുരുട്ടിയും പറയണം.

ബാസിത് വലിയ ഒരു കർഷകകുടുബത്തിലെ അംഗമാണ്. അവന്റെ ദൈനംദിന "പണിയും സെരവും" തുടങ്ങുന്നത് അതിരാവിലെ. അത് കഴിഞ്ഞ് നേരെ ഒരു വക്കീലാപ്പീസിൽ പാർടൈം പണി. വൈകുന്നേരം വീടെത്തുമ്പോൾ അനിയൻ ബാക്കി വെച്ച പണിയുടെ പൂർത്തിയാക്കൽ. അക്ഷരാർഥത്തിൽ His everey DAY is fully ENGAGED !

അതിന്നിടയിൽ കിട്ടുന്ന സമയത്താണ് ആ കൊമേഴ്സ് ബിരുദധാരി  തൊഴിൽ പരീക്ഷയ്ക്ക് തയ്യാറെടുത്തത്, കായിക പരിശീലനത്തിന് ദിവസവും സമയം കണ്ടെത്തിയത്.  അല്ലാതെ എന്തു പറഞ്ഞാലും "എൻക്കയ്യാ " ഉരുവിട്ട് തറവാട്ട് പേരും പെരുമയും പറഞ്ഞ്,  ഉമ്മറത്തുള്ള സോഫാ സെറ്റിലിരുന്ന് കാൻഡീസും നീലച്ചീങ്കണ്ണിയും കളിച്ചിരിക്കുന്നത് കേട്ടറിഞ്ഞ് ഡിപാർട്മെൻറ്കാർ തളികയിൽ കൊണ്ട് വന്ന് കൊടുത്തതല്ല ഈ സ്ഥിരം ജോലി.

പലരും തോന്നിന്ന് വരുത്തി തീർത്തത് പോലെ ഈ കിട്ടിയ പണിയിൽ മാത്രം ഒതുങ്ങിത്തീരുന്നതുമല്ല അവന്റെ ശിഷ്ടകാല സർവീസ്. ഒരു പാട് പ്രൊമോഷൻസ് ഉണ്ട്, ശമ്പള സ്കൈൽ ഉയർന്ന് കൊണ്ടേയിരിക്കും. ബിരുദമുള്ളത് കൊണ്ട് SI (സബ് ഇൻസ്പെക്ടർ ) തസ്തികക്കുള്ള അപേക്ഷ ക്ഷണിച്ചാൽ പരീക്ഷ നേരിട്ട്  എഴുതുകയും ചെയ്യാം. അതൊക്കെ ഡിപാർട്മെന്റിനകത്തുള്ളവർക്ക് കിട്ടാനാണ് സാധ്യത കൂടുതൽ. അതൊക്കെ ഇതേ പോലെ കയ്പിടിയിൽ വന്നാൽ DySP റാങ്കിൽ വരെ എത്താനുമാകും.

ഇതൊക്കെ വായിച്ചാകട്ടെ ഇന്ന് CP/RT യിൽ പോസ്റ്റിയ തൊഴിലവസര വാർത്ത യുവാക്കൾ കണ്ണോടിക്കാൻ. അത് കൊണ്ട് അവസരങ്ങളുടെ പൂക്കാലത്തെ DELETE ബട്ടൺ കൊണ്ട് നിങ്ങൾ പാഴാക്കരുത്. STAR പ്രസ്സ് ചെയ്ത് തൊഴിൽ വാർത്തകൾ സൂക്ഷിക്കുക, നിങ്ങൾ അപേക്ഷിക്കുന്നത് വരെ അത് മൊബൈലിൽ ഉണ്ടാകട്ടെ.

എത്രകാലം നമുക്ക് ആഷ്പുഷിൽ ജീവിക്കാൻ പറ്റും ? സർക്കാർ തൊഴിൽ ഓറിയന്റഡ് ജിവിത ശൈലിയിലേക്ക് നമുക്കിനിയും മാറി ചിന്തിക്കാൻ പറ്റില്ലേ ? രാവിലെയും വൈകുന്നേരവും ഓടുന്ന ബസ്സിലും ട്രൈനിലും ബങ്കാളി - ആസാമിമാർ മാത്രമല്ല, സർക്കാർ - അർധ സർക്കാർ ജീവനക്കാരാണധികവും. അവരാരും സർവീസിലിരിക്കെ മരിച്ച മാതാപിതാക്കളുടെ ആശ്രിത ജോലിക്കാരായി ഓസിക്ക് PSC എഴുതാതെ പണി കിട്ടിയവരല്ല. എഴുതി എടുത്തവരാണ്.

CP പോലുള്ള ഓൺലൈൻ ഗ്രൂപ്പുകൾ തുടക്കത്തിൽ ഒരു പ്രോത്സാഹനമെന്ന നിലയ്ക്ക് സമ്മാനങ്ങൾ ഓഫർ ചെയ്യണമെന്ന് എനിക്ക് നിർദ്ദേശമുണ്ട്, പതിനെട്ട് കഴിഞ്ഞ യുവാക്കൾ PSC യിൽ രജിസ്റ്റർ ചെയ്ത് പ്രൂഫ് കാണിച്ചാൽ ഒരു സമ്മാനം. കബഡി മത്സര കപ്പുകളും കിട്ടാവായ്പകളും  കൊടുക്കുന്നതിനേക്കാളും നല്ലത് ഇതായിരിക്കും കൂടുതൽ പ്രായോഗികവും ഉപകാരവുമാവുക,  പിള്ളേർക്കൊരു പ്രാത്സാഹനവുമാകും.

ക്ലബ്ബുകളിലും യുവജന സംഘങ്ങളിലും യുവാക്കൾക്ക് മെംബർഷിപ്പ് കൊടുക്കാൻ PSC -ONE -TIME രെജിസ്ട്രേഷൻ ഒരു നിബന്ധന പോലെ വെച്ചാലും അധികമാകില്ല.

ശരിക്കും തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ ബാസിതിന് ഒരു സർക്കാർ ജോലി തരപ്പെടുത്താൻ പറ്റിയിട്ടുണ്ടെങ്കിൽ അങ്ങിനെ പറയത്തക്ക  പണിയൊന്നുമില്ലാതെ,  കൃതൃമത്തിരക്ക് കാണിച്ച് വൈകുന്നേരമാക്കുന്ന നല്ലൊരു ശതമാനം യുവാക്കൾക്കു ,  മനസ്സുവെച്ചാൽ ഇതത്ര വലിയ ആനക്കാര്യമൊന്നുമല്ല.  തെക്കൻ ജില്ലയിലൊക്കെ പണ്ട് മുതലേ കല്യാണാലോചന സമയത്ത്  "പെണ്ണും ചെറുക്കനും മൂന്നാല് PSC യൊക്കെ എഴുതീട്ടുണ്ട്, കിട്ടാതിരിക്കത്തില്ല " എന്നത് കാരണവന്മാരുടെ മാമൂൽ പറച്ചിലിലായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

ഇത്
വായിച്ച് തള്ളരുത്; വായിൽ കൊള്ളാത്തത് പറഞ്ഞതല്ല. ഈ ആർടിക്കിൾ ബാസിതിന്റെ ശ്രമഫലത്തിനു മുമ്പിലുള്ള സമർപ്പണം കൂടിയാണ്.

No comments:

Post a Comment