Saturday 23 September 2017

ഈ ഗ്രാമത്തിലെ നന്മ മരങ്ങൾ ഇനിയും പൂക്കട്ടെ / SHAREEF KURIKKAL/CH/SAP/Mavilae

ഈ ഗ്രാമത്തിലെ
നന്മ മരങ്ങൾ ഇനിയും പൂക്കട്ടെ

SHAREEF KURIKKAL
______________________

അണ്ണാറക്കണ്ണനും തന്നാലായത്, പലതുള്ളി പെരുവെള്ളം എന്നൊക്കെ കേട്ടിട്ടുണ്ടെന്ന് മാത്രമല്ല അവ ക്ലാസുകളിൽ  പല തവണ വിശകലനം ചെയ്തിട്ടുമുണ്ട്. എന്നാൽ അതൊരു മാന്ത്രിക വിദ്യപോലെ കൺമുന്നിൽ നടക്കുന്നത് അത്ഭുതപരതന്ത്രനായി നോക്കി നിൽക്കുകയായിരുന്നു ഇന്നത്തെ ദിവസം.

രണ്ട് ലക്ഷത്തിനടുത്ത് ചിലവഴിച്ച് പാവപ്പെട്ട ഒരു കുടുംബത്തിനായി വീട് നിർമിച്ചു നൽകിയ കാര്യം ആർ റ്റിയിൽ വായിച്ചിരുന്നു. എന്നാൽ പകുതി പണവും കടമായിരുന്നുവെന്ന കുറിപ്പ്‌ എന്നെ അൽപമൊന്നുമല്ല അമ്പരപ്പിച്ചത്. ഒരു ലക്ഷത്തോളം രൂപ ഇനിയും പിരിച്ചെടുക്കേണ്ടതുണ്ടെന്നും അത് നിസ്സാരമായി സാധിക്കാവുന്ന കാര്യമാണെന്നുമുള്ള ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ മാവിലയുടെ കുറിപ്പിൽ കണ്ടു.

രണ്ട് ദിവസമായി 500 മുതൽ മേലോട്ട് പലരായി നൽകിയ തുക കൊണ്ട് നല്ലൊരു ഭാഗവും കണ്ടെത്തുകയും അവസാനം ബാക്കി തുക മുഴുവൻ ഒരു സുമനസ്സ് ഒറ്റയ്ക്ക് നൽകുകയും ചെയ്തു. സത്യം, ഇതൊരു മാന്ത്രിക വിദ്യ തന്നെ. പട്ലക്കാർക്ക് മാത്രം സാധിക്കുന്ന ഒന്ന്.
ഈ കൂട്ടായ്മകൾ നീണാൾ വാഴട്ടെ എന്നാശിക്കുന്നു.
പട്ലയിലെ നന്മ മരങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു,

SAP
_______________

നാടിന്റെ ഓരോ ചലനങ്ങളിലും ഇടപെടുകയും അഭിപ്രായം  രേഖപ്പെടുത്തുകയും ചെയ്യുന്ന താങ്കളുടെ നല്ല മനസ്സിന് നന്ദി.

താങ്കളെപ്പോലുള്ള അധ്യാപകർ വഴിയാണ് നല്ല വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.  അത് വഴി നല്ല സമൂഹവും.

കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കിക്കൊണ്ട് വരാനും അവർക്ക് പാഠപുസ്തകങ്ങൾക്കപ്പുറത്ത് ജീവിതം പഠിപ്പിക്കാനും കഴിവുള്ള നല്ല അധ്യാപകനാണ് താങ്കൾ.

താങ്ക്യൂ സർ..

C H
_____________

തീർച്ചയായും ഉസ്മാൻ, തികച്ചും നിരാലംബയായ നമ്മുടെ നാട്ടിലെ ഒരു സഹോദരിക്ക് സുരക്ഷിതമായ്  കഴിഞ്ഞുകൂടാൻ പാകത്തിൽ ഒരു വീടുണ്ടാക്കി കൊടുക്കാൻ നമുക്ക് സാധിച്ചു, ഈ പിരിവിന്റെ ആദ്യത്തിൽ തന്നെ ഒരുപാട് പേരു് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്, ഇതിന് വേണ്ടി സഹകരിച്ച പലർക്കും അവരുടെ പേര് വെളിപ്പെടുത്തുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ല, എങ്കിലും ഇത് ഒരു പ്രചോദനമാവട്ടെ എന്ന ഉദ്ദേശത്തോട് കൂടിയാണ് നാം പേരു് എഴുതിയത്, ഇപ്പോൾ വീടിന്റെ പണി പൂർത്തിയായി, കടം വന്ന സംഖ്യ cp യിൽ അവതരിപ്പിച്ചപ്പോൾ  വീണ്ടും നേരത്തെ തന്നവരിൽ പലരും മുൻപോട്ട് വരികയുണ്ടായി, അവസാനം സംഖ്യ തികയാതെ വന്നപ്പോൾ പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് പോലെ ബാക്കി കടമുള്ള സംഖ്യ നാസർ തന്ന് മുഴുമിപ്പിച്ചു. അൽഹംദുലില്ലാഹ്, ഈ സംരഭത്തിന് ഭാഗവാക്കായ എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലുള്ള അവസരങ്ങളിൽ സഹായിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

അസ്ലം മാവില
_______________

നമ്മുടെ നാടിന്റെ നന്മകൾ മറ്റുള്ളവർ തിരിച്ചറിയുന്നത്  എത്ര പെട്ടെന്നാണ് !

നാടിന്റെ നന്മകൾ അവിടെയുള്ള ഭൂപ്രകൃതിയല്ല ; അതെല്ലാ നാട്ടിലുമുണ്ടാകുമല്ലോ. മനുഷ്യപറ്റുള്ള മനുഷ്യരും  അപരനെ കേൾക്കാനും കാണാനുമുള്ള അവരുടെ സന്നദ്ധതയുമാണ് ഈ നന്മകൾ.

ഷരീഫ് കുരിക്കളെ പോലുള്ള മനഷ്യസ്നേഹികൾ ഇത് പറയുമ്പോൾ അതിന്റെ മാനം നമ്മുടെ ആലോചനയുടെ ചക്രവാളങ്ങൾക്കുമപ്പുറത്താണ്. ഒരധ്യാപകൻ ഒരിക്കലും പാഴ്വാക്ക് പറയില്ലെന്നൊരു ചൊല്ലുണ്ട്. അത് അടിവരയിടുന്നു കുരിക്കളുടെ വാക്കുകൾ.

പുതിയ തലമുറയ്ക്ക് മാഷിന്റെ വാക്കുകൾ ഒസ്യത്ത് പോലെ  കൈമാറപ്പെടണം, പുതു തലമുറകളാണ് ഞാനടക്കമുള്ള തല നരച്ച, തല നരയ്ക്കുന്ന തലമുറയ്ക്ക് പിന്നാലെ വഴി നോക്കി വരുന്നവർ.

ഒസ്യത്തുകൾ പാവനമത്രെ! സാമൂഹിക നന്മകളടക്കം ചെയ്ത ഒസ്യത്തുകൾ പരിപാവനവും.
_________________

No comments:

Post a Comment