Sunday 10 September 2017

ചാന്ദ്രദിനത്തിൽ ആകാശവിസ്മയമൊരുക്കി പട്ല സ്കൂൾ /അസ്ലം മാവില

ചാന്ദ്രദിനത്തിൽ
ആകാശവിസ്മയമൊരുക്കി
പട്ല സ്കൂൾ

അസ്ലം മാവില

മണ്ണിലവർ വിണ്ണും
വിസ്മയവും തീർത്തു
പട്ല സ്കൂൾ അങ്കണം
സൂര്യനും ഭൂമിയും ചന്ദനും
നക്ഷത്രങ്ങളും കൊണ്ട് നിറഞ്ഞു.



ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നു. ക്ലാസ്സ് മുറിവാതിലുകൾ മലക്കെ തുറന്നു. കേട്ടവർ കേട്ടവർ സ്കൂൾ അങ്കണത്തിലേക്കോടി,  വട്ടത്തിൽ കൂടി. അവർ മുറ്റത്ത് തിളങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു നക്ഷത്രങ്ങളെ നോക്കി വിസ്മയം പൂണ്ടു. കണ്ണുകൾ പരതിയിടത്ത് സൂര്യനെയും ഭൂമിയെയും ചന്ദ്രനെയും അവർ കൺകുളിർക്കെ കണ്ടു.

അതെ ജൂലൈ 21 നമുക്ക് ചാന്ദ്രദിനമായിരുന്നു. 1969ലെ ഒരു ജൂലൈ മാസത്തിലാണ്   മനുഷ്യ പാദസ്പർശമേറ്റ് ചന്ദ്രൻ നമ്മുടെ കണ്ണിലുണ്ണിയാകുന്നത്.

ചാന്ദ്രദിനത്തിന്റെ ഓർമ്മ പുതുക്കിയാണ് ഇന്നലെ നമ്മുടെ സ്കൂളിലെ കുഞ്ഞുമക്കൾ വിസ്മയക്കാഴ്ചയൊരുക്കിയത്. അതും വർണ്ണശബളമായി, പ്രൊഫഷനൽ ടച്ചോടെ ...

ഒന്നാം ക്ലാസ്സിലെ പിഞ്ചു പൈതങ്ങളാണ് ഇന്നലെ നമ്മുടെ സ്കൂളിലെ , അല്ല, വിണ്ണിലെ താരകങ്ങളായത്. സൂര്യൻ സംസാരിച്ചു. ഭൂമിക്കും പറയാനേറെയുണ്ടായിരുന്നു. ചുറ്റും കൂടി നിന്നവർക്ക് ചോദിക്കാനുണ്ടായിരുന്നത് പക്ഷെ,  അമ്പിളിമാമനോടായിരുന്നു.

സ്കൂൾ സയൻസ് ക്ലബായിരുന്നു ചാന്ദ്രദിനാഘോഷത്തിന്റെ സംഘാടകർ.  നേരത്തെ, സ്കൂൾ അസംബ്ലിയിലും ചാന്ദ്രദിനം പരാമർശിക്കപ്പെട്ടു. ശാസ്ത്ര വിദ്യാർഥികൾ തയാറാക്കിയ സ്പെഷ്യൽ പതിക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ കയ്യടികളുടെ  അകമ്പടിയോടെ പ്രകാശനം ചെയ്തു.

"ചന്ദ്രനും ബഹിരാകാശവും" വീഡിയോ പ്രദർശനം കുട്ടികൾക്ക് പുതിയ അറിവുകൾ നൽകി. ക്വിസ്സ് മത്സരവും കൊളാഷ് നിർമ്മാണവും ചാന്ദ്രദിനത്തിന് മാറ്റുകൂട്ടി.  അമ്പിളി മാമനെ നോക്കി കുഞ്ഞുമക്കൾ കുഞ്ഞു കവിതകൾ ചൊല്ലി, ഈരടികൾ നീട്ടി പാടി. അത് കേട്ടവർ താളം പിടിച്ചു.

സയൻസ് ക്ലബ് കൺവീനർ സാബിറ ടീച്ചറും മലയാളം അധ്യാപകൻ ഷരീഫ് ഗുരിക്കൾ മാഷുമാണ് വർണ്ണശബളമായ ചാന്ദ്രദിന പരിപാടിക്ക്  നേതൃത്വം നൽകിയത്. മുഴുവൻ അധ്യാപകരുടെയും നിർല്ലോഭ സഹകരണം പരിപാടിയെ ധന്യമാക്കി. 

No comments:

Post a Comment