Sunday 10 September 2017

ഞങ്ങളുടെ ഒരയൽക്കാരൻ കൂടി വിടവാങ്ങി /മാവില

ഞങ്ങളുടെ
ഒരയൽക്കാരൻ കൂടി
വിടവാങ്ങി

മാവില

ഈ റമദാനിന്റെ അവസാനത്തെ പത്ത്; ഖിയാ മുല്ലൈൽ നമസ്കാരം പാതിരാവിൽ, രണ്ട് മണികഴിഞ്ഞ് തുടങ്ങിയതേയുള്ളൂ. നേരത്തെ തറാവീവ് കഴിഞ്ഞ് അവിടെ തന്നെ ഖുർആൻ പാരായണത്തിൽ മുഴുകിയിരുന്ന കുറച്ച് പേർ ധൃതിയിൽ ഏണിപ്പടി ഇറങ്ങി ഓടുന്ന ശബ്ദം .  നമസ്ക്കാരമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അറിഞ്ഞത് കണ്ണാടി ഔക്കുച്ചാക്കെന്തോ അസ്വസ്ഥയുണ്ടായി; അയാളെ വീട്ടിൽ നിന്ന് കുട്ടികൾ  വന്ന് പറഞ്ഞതാണ്; കരിമുച്ച, നാസർ, കപ്പൽ അബ്ബാസ്, റഷീദ്ച്ച തുടങ്ങിയവർ ഇറങ്ങി ആ വീട്ടിലേക്ക് ഓടിയതാണ്.

നാല് ദിവസം മുമ്പും സമാനമായ സംഭവമുണ്ടായി.  കുഞ്ഞിപ്പളളിയിൽ മഗ്രിബ് നിസ്കാരം കഴിഞ്ഞതേയുള്ളൂ. കണ്ണാടി ഔക്കുചാക്ക് വീണ്ടും ശാരീരിക അസ്വാസ്ഥ്യമെന്ന് ആരോ വന്ന് പറഞ്ഞു. എല്ലാവരും ഉടനെ ആ വീട്ടിലെത്തി.  ഒരാൾക്കൂട്ടം  രോഗിക്ക് അനാവശ്യ അസ്വസ്ഥതയും ഉത്കണ്ഠയുമുണ്ടാക്കാൻ ഇടവരരുതെന്ന് കരുതി വന്നവരിൽ അധികം പേരും കുറച്ച് മാറി നിന്നു.

കിടക്കപ്പായയിൽ നിന്ന് നടന്നായിരുന്നു അദ്ദേഹം  വണ്ടിയിൽ കയറി ഇരുന്നത്. അതത്രമാത്രം വലിയ സീരിയസ് പോലെ തോന്നുകയും ചെയതില്ല.
എന്റെ അവസാനത്തെ നോക്കും സ്നേഹസ്പർശവും അതായിരിന്നു. ഇന്നാലില്ലാഹ്... ഞങ്ങളുടെ നല്ല അയൽക്കാരൻ, ഔക്കുച്ച,  ഇന്നലെ വൈകുന്നേരത്തോടെ മംഗലാപുരം ആസ്പത്രിയിൽ വെച്ച് പടച്ചവന്റെ സന്നിധിയിലേക്ക് മടങ്ങി.

ആദ്യകാല പ്രവാസികളിൽ ഒരാളാണ് കണ്ണാടി അബൂബക്കർ സാഹിബ്. അബൂദാബിയിൽ ദീർഘകാലം. പത്തിലധികം വർഷമായിക്കാണണം അദ്ദേഹം ഗൾഫ് ജിവിതം വിട്ട് . നാട്ടിൽ സ്വന്തം കൃഷിയും കാര്യവുമായി പിന്നീട് ഒരു ഒതുങ്ങിയ ജീവിതം.

പ്രവാസ കാലത്തും നാട്ടിലുള്ളപ്പോഴുമദ്ദേഹം  കുടുംബ ബന്ധം കണ്ണി മുറിയാതെ കാത്തു.  പലരും മറന്ന് പോകുന്ന ഒന്നാണിത്.

ഗഫൂറിനും അഷ്റഫിനും അസ്ലമിനും പോക്കർച്ചാന്റെ അദ്രാൻച്ചാന്റെ വീട്ടുകാർക്കും എസ്. എ. അദ്ലച്ചാക്കും സിറാറിനും കരീമുച്ചാക്കും മുനീറിനും അദ്ലൻചാക്കും കായിഞ്ഞിക്കും സലിമിനും ഞങ്ങൾക്കും മമ്മദുൻച്ചാക്കും റഷീദ്ചാക്കും ആസിഫിനും എം. പി. ക്കും നാസറിനും ബഷീറിനും, എല്ലാം അദ്ദേഹം നല്ല അയൽക്കാരനുമായി, ഏറ്റവും നല്ല അയൽ വീട്ടുകാരൻ.

പട്ല സെന്ററിനെയും ബൂഡിനെയും  ബന്ധിപ്പിക്കുന്ന ഊട് വഴി - വെസ്റ്റ് ലൈൻ - ഇപ്പോൾ അനാഥയായത് പോലെ ഞങ്ങൾക്ക് തോന്നുന്നു. എന്നും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ആ വഴിയിൽ  വളഞ്ഞവടിയോ കുടയോ കൈ സഹായി നടക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഞങ്ങളെയൊക്കെ, വീടിന്റെ മുൻവശത്ത് കണ്ടാൽ തന്റെ വടിയൂന്നി നിന്ന് കുശലാന്വേഷണവും തമാശയും പറഞ്ഞ് സന്തോഷിപ്പിച്ചിരുന്ന ഒരു സാധാരണ മനഷ്യൻ. റസിയയുടെയും റഷിദയുടെയും ഫംസീനയുടെയും മൊയ്തിഞ്ഞിയുടെയും റിഷാന്റെയും അബ്ദുല്ലയുടെയും സ്നേഹനിധിയായ  പിതാവ്. ഞങ്ങളുടെ അയൽക്കാരി നബിസിഞ്ഞാന്റെ പ്രിയപ്പെട്ട ഭർത്താവ്.

ആ മക്കൾക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഈ വേർപാട്  താങ്ങുവാനുള്ള ക്ഷമയും സഹനവും പടച്ചവൻ നൽകുമാറാകട്ടെ, ആമീൻ

മരണം ഇയിടെയായി നാട്ടിൽ നിന്ന് ഇടവിട്ട് കേൾക്കുന്ന വാർത്തയായി മാറുന്നു. ഈ ഒരു മാസത്തിനിടക്ക് എത്രയെത്ര  ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുമാണ് എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടത്!  എത്രയെത്ര ജനാസയെയാണ് നാമനുഗമിച്ചത്!  തീർത്തും മനസ്സും ശരീരവും അനാഥമാകുന്ന അവസ്ഥ!

പ്രാർഥന മാത്രമാണ് നമ്മുടെ കൈ മുതൽ, അവരുടെ പരലോക വിജയത്തിന്, നമ്മുടെ മനശ്ശാന്തിക്കും ക്ഷമയ്ക്കും.

പ്രാർഥിക്കാം -  നമ്മിൽ നിന്ന് വിട്ട് പോയ ഔക്കുചാനെയും നമ്മുടെ മാതാപിതാക്കളെയും പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ , ആമിൻ.

No comments:

Post a Comment