Sunday 10 September 2017

ഇവരാണ് ആമ്പിള്ളേർ ഇവരെപ്പോലുള്ളവർ കുറെയൊന്നും വേണ്ട /അസ്ലം മാവില

ഇവരാണ് ആമ്പിള്ളേർ
ഇവരെപ്പോലുള്ളവർ
കുറെയൊന്നും വേണ്ട

അസ്ലം മാവില

ഏത് വിപത്തുകളും രണ്ട് തരത്തിലാണ് വരിക. SWIFT & SLOW ( പതുക്കെ & ത്സടുതിയിൽ). ഫാസിസവും ലഹരിയും മറ്റും പതുക്കെ വരുന്ന വിപത്തുകളാണ്, വരുന്നത് അറിയില്ല, അറിഞ്ഞാൽ അത്ര മൈൻഡ് ചെയ്യില്ല,  വന്നാലോ പിന്നെ പെട്ടെന്ന് പോവുകയുമില്ല.

നാമിന്ന് ഇവ രണ്ടുമനുഭവിച്ചു തീർക്കുന്നു. ഫാസിസത്തെ അതിന്റെ "ബെലിമാക്ക് പാടി " ലഹരിയിലേക്ക് വരാം. അതാണെന്റെ കുറിപ്പിലെ വിഷയം.

ഇന്നലെ അർധരാത്രിയിൽ CP യിൽ ഒരു സുഹൃത്ത് ( ഇല്യാസ്  അബ്ദുല്ല) പോസ്റ്റിയ കുറിപ്പ് ഇന്ന് രാവിലെയാണ് വായിക്കാനിടയായത്. ഇന്ന് രാവിലെയോടെ പല ഭാഗത്ത് നിന്നും തുരുതുരാ എനിക്ക് പേർസനലായി ഫോർവേഡ് മെസ്സേജായും വന്നു കൊണ്ടേയിരുന്നു.

ശരിയാണ്, അത്രമാത്രം ശല്യം തുടങ്ങിയിരിക്കണം ലഹരി അഡിക്റ്റുകൾ. പുതിയ കസ്റ്റമർസ് വിഹരിക്കാൻ സ്ഥലം പോരാഞ്ഞ് പുറംപോക്കുകളിലേക്കും ഒഴിഞ്ഞ കെട്ടിടങ്ങളിലേക്കും നീങ്ങിത്തുടങ്ങിയിരിക്കണം, ഇല്ലെങ്കിൽ നീങ്ങാൻ ഒരുക്കൂട്ടുന്നുണ്ടാകും. വിദ്യാർഥികൾ പോലും  ഈ നീരാളി പിടുത്തത്തിൽ നിന്നൊഴിവല്ല എന്നത് കൊണ്ടാകണം നന്മ ആഗ്രഹിച്ച കുറച്ച് യുവാക്കൾ ഈ ഒരു ലഹരിവിരുദ്ധ കൂട്ടായ്മയ്ക്ക് ധൃതി കൂട്ടിയത്. ഈ ധൃതിയെ ഞാൻ എഴുന്നേറ്റ് നിന്ന് അഭിനന്ദിക്കുന്നു.

ഒന്നൊര വർഷം മുമ്പ് C P യൂടെ ലഹരി വിരുദ്ധ കാമ്പയിന് ലീഫ്-ലെറ്റ് തയ്യാറാക്കിയത് ഞാനായിരുന്നു. അതിലെ അവസാന ഖണ്ഡികകൾ പറ്റുമെങ്കിൽ എല്ലാവരും വായിക്കണം, കെവാർത്തയ്ക്ക് വേണ്ടി ഒരു നെടുനീളൻ ലഹരിവിരുദ്ധ ലേഖനവും എഴുതിയതും  നിങ്ങൾ RTPEN ബ്ലോഗിൽ പോയി വായിക്കണം.

ഒന്നിച്ച് ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് മുതൽ കേരളക്കാർ വരെയുള്ളവരുടെ മക്കളോ അടുത്ത ബന്ധുക്കളോ ലഹരിക്കുടുക്കിൽ പെട്ട്, ഊരാൻ പറ്റാതെ,  അവരനുഭവിക്കുന്ന വേദനയും ഒറ്റപ്പെടലുകളും കണ്ടപ്പോഴും കേട്ടപ്പോഴുമായിരുന്നു എന്റെ നാട്ടിൻ പ്രദേശമടക്കമുള്ളവർക്ക് ഒരു ജാഗ്രതയാകട്ടെ എന്ന സദുദ്ദേശത്തിൽ അവ എഴുതാൻ ഞാൻ അതീവ താൽപര്യം കാണിച്ചത്. നമ്മുടെ ഗ്രാമത്തിന്റെ വെളിംപ്രദേശങ്ങളിലും ഈ കാളകൂടമെത്തിയെന്ന വാർത്തകളും ചെറുതായി വന്നുകൊണ്ടിരിക്കുന്ന സമയവുമായിരുന്നല്ലോ അന്ന്.

സന്തോഷം തോന്നി, യുവാക്കൾ ഇപ്പോഴെങ്കിലും ഒരുങ്ങിയതിൽ. ഇതൊരരുക്കാക്കാതെ ഇനിയവർ തുടങ്ങിയ പണി നിർത്തില്ല എന്നത് തന്നെയാണ് എന്റെ സന്തോഷത്തിന് കാരണം. ആൺപിള്ളേർ നിങ്ങളാണ്.  നിങ്ങൾ ഒരുങ്ങിയെന്നറിഞ്ഞപ്പോൾ തന്നെ അത് പുകക്കുന്നവന്റെ ലഹരി "മോര് മോന്താതെ" ഇറങ്ങിയിരിക്കണം. വലി നിർത്തി അവർ നിങ്ങളോടൊപ്പം പ്രവർത്തിക്കട്ടെ, അല്ലെങ്കിൽ അടങ്ങിയൊതുങ്ങിക്കഴിയട്ടെ.

"നിർത്തിക്കോ " എന്ന് ചുണക്കുട്ടികൾ പറഞ്ഞ് കഴിഞ്ഞു. ലഹരിപ്പയ്യന്മാർക്ക്  മാത്രമല്ല,  അറിഞ്ഞിട്ടും പിള്ളർക്ക് കൈ നിറയെ കാശും കൊടുത്തു, "ചെക്കനങ്ങൻത്തെ അല്ലപ്പാ" എന്ന് സെർടിഫിക്കറ്റുമായി,   32 പല്ലും കാട്ടി വെളുക്കെ ചിരിച്ച് നടക്കുന്ന ഇവന്മാരുടെ ബാപ്പാർക്കുമുള്ള മുന്നറിയിപ്പ് കൂടിയാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു.

ബോധമില്ലാത്ത ഒരു ദുരന്ത തലമുറയുണ്ടാകുന്നതിന് മുമ്പ് , സ്വന്തം മാതാപിതാക്കളുടെ മരണവാർത്ത കേട്ടാൽ പോലും പുകച്ചുരുളിന്റെ ലഹരിയിൽ,  തിരിച്ചറിയാത്ത ഒരു ട്രാജഡി-ജനറേഷൻ ഉണ്ടാകുന്നതിന് മുമ്പ് , ബോധമുള്ള ഒരു കൂട്ടായ്മ നമ്മുടെ നാട്ടിലുണ്ടായതിൽ വലിയ പ്രതീക്ഷയുണ്ട്.

പട്ലയുടെ അതിർത്തി ഗ്രാമങ്ങളിൽ കഞ്ചാവിന്റെ ചിന്നവീട് തീർത്തവർക്ക് ഒന്നുകിൽ പണി നിർത്താം. ഇല്ലെങ്കിൽ ആൺ പിള്ളേരുടെ പണി കിട്ടാൻ കാത്തിരിക്കാം. ചോദിക്കാൻ പോയവനെയും വിടില്ല എന്ന് പറഞ്ഞത് വെറുതെയുമായിരിക്കില്ല.

ആ ആമ്പിള്ളേർ പറഞ്ഞത് ഒന്നു കൂടി വായിച്ചല്ലോ, ഇനി കണ്ടില്ലാ, പറഞ്ഞില്ലാന്ന് വേണ്ട.

No comments:

Post a Comment