Wednesday 18 July 2018

ബഹു. കാസർകോട് ജില്ലാ കലക്ടർക്ക് / , Pre : അസ്ലം മാവിലെ

ബഹു. കാസർകോട് ജില്ലാ കലക്ടർക്ക് ,
Pre : അസ്ലം മാവിലെ
വിഷയം: പട്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഗയിൽ പൈപ്പ് ലൈനിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സംബന്ധമായത്

സാർ,

കേരളത്തിൽ കൂടി കടന്ന് പോകുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ കുറിച്ച് കേട്ടത് മുതൽ പട്ലവാസികൾ ആശങ്കയിലാണ്. കാരണം ജനവാസ കേന്ദ്രമായ ഞങ്ങളുടെ നാടായ പട്ലയുടെ  ഹൃദയ ഭാഗത്ത് കൂടിയാണ് ഈ പൈപ്പ് ലൈൻ മുന്നോട്ട് പോകുന്നത്.

2011 മുതൽ ഞങ്ങൾ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടിരിക്കുകയാണ്. അധികൃതരെ ഇതിന്റെ ഗൗരവം അറിയിക്കാൻ വേണ്ടി   വില്ലേജ് ആഫീസ് പിക്കറ്റിംഗ് മുതൽ വളരെ സമാധാനപരമായി നിരവധി സമരങ്ങൾ ചെയ്തിരുന്നു.

ബഹു. എം. എൽ. എ, അന്നത്തെ കളക്ടർ തുടങ്ങിയവർ ഉൾപെട്ട യോഗത്തിൽ കാസർകോട്ടുള്ള  ഗെയിൽ വിക്ടിംസിനോടും നാട്ടുകാരോടും ഉറപ്പ് നൽകിയത് ജനവാസ കേന്ദ്രത്തിൽ കൂടി ഗ്യാസ് പൈപ്പ് കൊണ്ട് പോകില്ല എന്നായിരുന്നു.

പട്ലയെ സംബന്ധിച്ചിടത്തോളം രണ്ട് ജമാഅത്ത് പള്ളികളുടെ ഇടയിൽ കൂടിയാണ് ഈ പൈപ്പ് ലൈനിന്റെ മാർക്കിംഗ് ഇട്ടിരിക്കുന്നത്. എല്ലാ ദിവസവും അഞ്ച് നേരം പട്ലവാസികൾ ഈ വഴിയിൽ കൂടിയാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നത്. ആയിരകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന പട്ല GHS സ്ക്കൂൾ, പട്ല ന്യൂ മോഡൽ സ്കൂൾ, പട്ല എം. എച്ച്. മദ്രസ്സ, പട്ല ഇസ്ലാഹി മദ്രസ്സ, പട്ല ഭഗവതി ക്ഷേത്രം തുടങ്ങി ഒരുപാട് സ്ഥാപനങ്ങൾ ഈ പൈപ്പ് ലൈനിന്ന്  വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുഭാഗത്തും നിരവധി വീടുകൾ, അതിന്നോടനുബന്ധിച്ചുള്ള അവശ്യ സൗകര്യങ്ങൾ,  കായ്കനികളും വരുമാനവും നൽകുന്ന വൃക്ഷങ്ങൾ തുടങ്ങിയവ വേറെയും.

നാട്ടുകാർക്ക് അന്നത്തെ ജില്ലാകലക്ടർ നൽകിയ ഉറപ്പ് ലംഘിച്ചു കൊണ്ട് 20 മീറ്ററിനകത്തുള്ള കമുക്, തെങ്ങ് തുടങ്ങി നിരവധി മരങ്ങൾ വെട്ടാൻ വേണ്ടി ഗെയിൽ അധികൃതർ ഇപ്പോൾ മാർക്കിട്ട് കഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ ഗെയിൽ പൈപ്പ് ലൈൻ റൂട്ട് മാപ് ബന്ധപ്പെട്ടവർ തദ്ദേശിയർക്ക് കാണിച്ചു കൊടുക്കുകയോ അറിയിപ്പായി  നോട്ട്സ് നൽകുകയോ ചെയ്തിട്ടില്ല. പത്ത് - പതിനഞ്ച് ദിവസം മുമ്പ് റൂട്ട് മാർക്കിടുവാൻ ഗെയിൽ ഉദ്യോഗസ്ഥർ വരുന്നതോട് കൂടിയാണ് നിർദ്ദിഷ്ട റൂട്ടിനെ കുറിച്ച് നാട്ടുകാർ അറിയുന്നത്  തന്നെ. 

എത്ര തന്നെ ഗെയിൽ ഉദ്യോഗസ്ഥർ ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും വാർത്താമാധ്യമങ്ങളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കിയ സത്യങ്ങൾ വാതക പൈപ്പ് ലൈൻ പരിസരങ്ങൾ ഞങ്ങൾക്ക് ഭീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ജോലി ചെയ്യുന്ന എഞ്ചിനീയർമാർ,  ടെക്നീഷ്യന്മാർ തുടങ്ങിയവർ പോലും വരും തലമുറക്ക് ഇത് ഭീഷണി തന്നെയാണെന്നാണ് സൂചിപ്പിക്കുന്നത്.

നിലവിൽ ജനസാന്ദ്രമല്ലാത്ത മറ്റു റൂട്ടുകൾ ഉണ്ടായിരിക്കെ, അവയെ കുറിച്ച് ആലോചിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.   എങ്ങിനെ, ഏത് റൂട്ടിൽ, പൊതുജനം നിലവിൽ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾ മാക്സിമം ഒഴിവാക്കി ലൈൻ എങ്ങിനെ ഡൈവേർട്ട് ചെയ്യാമെന്നൊക്കെ നാട്ടുകാരല്ല മറിച്ച് ഇതിന് നിയോഗിക്കപ്പെട്ട  ഉദ്യോഗസ്ഥമാരാണ് മുൻകൈ എടുത്ത് കൂടിയാലോചിക്കേണ്ടതും സമവായത്തിൽ എത്തേണ്ടതും.

വികസനത്തിന് എല്ലാവരെയും പോലെ പട്ലയിലെ നാട്ടുകാരും അനുകൂലമാണ്. പക്ഷെ, ഇത്തരം പ്രത്യാഘാതമുണ്ടായേക്കാവുന്ന  പദ്ധതികൾ  ജനവാസ കേന്ദ്രങ്ങളിലായാൽ പൗരന്മാർ എങ്ങിനെയാണതിനെ പിന്തുണക്കുക. കുടുംബ സ്വത്തായി വീതിക്കപ്പെട്ട സ്ഥലങ്ങളിൽ തല ചായ്ക്കാൻ  വീടെന്ന സ്വപ്നങ്ങൾ വരെ  ഇത് വഴി ഇല്ലാതായിരിക്കുന്നു. സ്വന്തം നാട് വിട്ട് ഞങ്ങൾ എവിടെ വീടെടുക്കും?

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ അടിയന്തിര പ്രാധാന്യം  പരിഗണിച്ച് പട്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ കൂടി കടന്ന് പോകുന്ന ഗെയിലിന്റെ വർക്ക് നിർത്തി ജനവാസമില്ലാത്ത ഭാഗങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ബഹുമാനപ്പെട്ട കലക്ടർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

No comments:

Post a Comment