Wednesday 18 July 2018

ഒച്ച / അസ്ലം മാവിലെ

ഏതാനും ദിവസം മുമ്പ് PC സി പി യിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് അനുബന്ധമായി ഞാനെഴുതിയ വിചാരം ഇവിടെ അങ്ങിനെ തന്നെ കോപ്പി ചെയ്യട്ടെ.

ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ട വിഷയം. ഈ കുറിപ്പ് റമദാനിന് ഒരാഴ്ച മുമ്പായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

ഒരു പാട് മനുഷ്യർ മാറാനുണ്ട്,  മാറേണ്ടതുണ്ട്.

വെറുപ്പ് കൂട്ടികൊണ്ടേയിരിക്കുക എന്ന പൊതുവെ എല്ലാ മതവിശ്വാസികൾക്കും ഒരു നിർബന്ധം പോലെ തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് " ഒച്ച ".

നിങ്ങൾ എന്നെ എന്തും പറഞ്ഞോളൂ - ഒച്ച ഒരു ശല്യമാണ്. അട്ടഹസിക്കുന്നവർ ശ്രദ്ധിക്കുക - നിന്റെ മൈക്കിന്റെ ശബ്ദ പരിധിക്കകത്ത് ഒരു പ്രായമായ മനുഷ്യൻ ഹൃദ്രോഗബാധിതനായി /ബാധിതയായി തിരിഞ്ഞും മറിഞ്ഞും വേപഥു പൂണ്ടു കിടക്കുന്നുണ്ട്. നീ രോഗം മാറ്റണേ എന്ന് ഒച്ചയിട്ട്, മുതലക്കണ്ണിരൊഴുക്കുന്നത് അല്ല എന്ന് ഉറപ്പാണെങ്കിൽ, ആത്മാർഥമാണെങ്കിൽ - ഒച്ചവെച്ച് മൈക്കിൽ കൂടി അലറുന്നത് നിർത്തണം, സാന്ത്വനമായി ആ രോഗിയുടെ അടുത്തിരുന്ന് ശാന്തമായി പ്രാർഥിക്കൂ. ദൈവം ചെകിട് പൊട്ടനല്ല ഭായി.

അല്ലെങ്കിലും ആരാധനാലയങ്ങളിലെ പ്രാർഥനകൾ എന്തിന് മൈക്കിൽ വിടണം ? മുമ്പിൽ വന്നിരിക്കുന്നവനെ ഉപദേശിക്കാൻ പുറത്ത് അത്ര ശബ്ദത്തിൽ മൈക്കിൽ ഒച്ചവെക്കണോ പോയത്തക്കാരാ ?

3 മിനിറ്റ് ബാങ്ക് പ്രാർഥനാ സമയം അറിയിക്കാനാണ്.  അത് കേട്ടാണ് ആരാധനാലയത്തിലേക്ക് എത്തുന്നത്. ഒരോർമ്മപ്പെടുത്താൻ മൈക്കിലൂടെ ചെയ്യുന്നു.  ബാങ്ക് തീരുന്നതോടെ ആ ഉദ്യമം കഴിഞ്ഞു. അത് ബാങ്കുമായി മറ്റു ഒച്ചകളെ താരതമ്യം ചെയ്തേക്കരുത്.

ചിലത് പറയാതെ പറ്റില്ലല്ലോ. വെള്ളിയാഴ്ച പള്ളിക്ക് പോകാത്ത ആൺ വിശ്വാസികൾ ഏതായാലും ഉണ്ടാകില്ലല്ലോ (ഏത് വിഭാഗത്തിലായാലും). എന്നിട്ടും ചിലയിടത്ത് കാണാം ഖുതുബ പുറത്തേക്ക്. കേൾക്കേണ്ടവനൊക്കെ പള്ളിയിൽ എത്തി ഹാജ്യാരേ. ഇല്ല, എന്നാലും പുറത്ത് കേൾപ്പിച്ചേ അടങ്ങൂ.

പ്രസംഗത്തിന് ഇന്ന് ഒരു ലിങ്ക് കിട്ടിയിൽ മതി. ഇഷ്ടമുള്ള വിഷയം. ഇഷ്ടപ്പെട്ട പ്രഭാഷകർ. എല്ലാം വിരൽ തുമ്പിൽ. പോരാത്തതിന് ചിലർ കുടുംബ ഗ്രൂപ്പുകളില്യം ചങ്ങായി ഗ്രൂപ്പുകളിലും പ്രസംഗങ്ങൾ അടിച്ചേൽപ്പിക്കും. സാരമില്ല, വേണമെങ്കിൽ കേൾക്കാം.

ഇതൊക്കെ ഉണ്ടായിട്ടും എന്തേ സംഘാടക പോയത്തക്കാരും അതിലും വലിയ പോയത്തക്കാരനായ പ്രസംഗകന്യം എപ്പോഴും മൈക്ക് (ശബ്ദം) പുറത്തിട്ട് ഇങ്ങനെ പൊതു ശല്യം ചെയ്യുന്നത് ? എന്തിനാണ് ? അത് പോലെ ചില ആരാധനാ ഏർപ്പാടുകൾ !

ചില സ്ഥലങ്ങളിൽ ഭാഷയെ കൊല്ലാകൊല ചെയ്യുന്നത് കാണുമ്പോൾ (കേൾക്കുമ്പോൾ ) അതിലും പരിതാപകരം ! ഇങ്ങിനെയൊക്കെ തന്നെയായിരിക്കുമോ മറ്റു ഭാഷകളും ഇവർ കൈ കാര്യം ചെയ്യുന്നത് ?

ഒതുക്കി ചെയ്യുക, ശല്യം ചെയ്യാതിരിക്കുക. താൽപര്യമുള്ളവൻ ആ സ്പോട്ടിൽ എത്തും. ഇല്ലെങ്കിൽ എത്തിക്കേണ്ടത് സംഘാടകരാണ്.

ശരിയാണ്, അതിന്,  നിങ്ങൾ ഒച്ചക്കാരനായത് കൊണ്ട് നാട്ടുകാർ എന്ത് പിഴച്ചു !

നിയമം ഉണ്ടാക്കുന്നത് സാഹചര്യമാണ്. ഒരുത്തന് വിചാരിച്ചാൽ, കോടതിയിൽ ഒരു പൊതു താൽപര്യ ഹരജി കൊടുക്കാൻ. രാത്രിയെ പകലാക്കുന്ന വക്കീലന്മാർ ഉള്ള കാലമാണ്. മിതത്വം പാലിച്ചാൽ അവനവന് അല്ല, ഒരു സമുദായത്തിന് നന്ന്.

ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ ഒരു കൂറപ്പി മതി. ഒച്ചയിടുന്നവർ കൂറപ്പികളാകരുത്. നിങ്ങളുടെ ബുദ്ധി ക്കുറവും സാമാന്യ ബോധമില്ലായ്മയും അനാവശ്യ വിവാദങ്ങൾക്കും നിയമ ഇടപെടലുകൾക്കും വഴിവെക്കും, വഴിവെപ്പിക്കരുത് പ്ലീസ്.

ചില ഭാഗങ്ങളിൽ നിന്നും ഇപ്പോൾ മുകളിൽ കണ്ടത് പോലെ ഉള്ള കുറിപ്പുകൾ വരാൻ തുടങ്ങി കഴിഞ്ഞു.
ശ്രദ്ധിച്ചാൽ എല്ലാവർക്കും കൊള്ളാം

*അസ്ലം മാവില*

No comments:

Post a Comment