Wednesday 18 July 2018

E - ഇടങ്ങളിലെ അസ്വസ്ഥതയും രാഷ്ട്രീയ അതിപ്രസരവും / അസ്ലം മാവില

E - ഇടങ്ങളിലെ
അസ്വസ്ഥതയും
രാഷ്ട്രീയ അതിപ്രസരവും

അസ്ലം മാവില

1800 ന്റെ മധ്യത്തിൽ അടിമത്വത്തിനെതിരെ നിലകൊണ്ട അമേരിക്കയിലെ കനപ്പെട്ട ശബ്ദമായിരുന്നു  Wendell Phillips. വിഖ്യാതനായ ആ  അബോലിഷനിസ്റ്റ്   പറഞ്ഞു: "We do not play politics; anti-slavery is no half-jest with us."

രാഷ്ട്രീയം കളിക്കുക എന്ന് നെഗറ്റീവ് അർഥത്തിൽ Politics നെ  ഉപയോഗിക്കാൻ തുടങ്ങിയത് അന്ന് മുതൽക്കാണത്രെ !

രാഷ്ട്രീയം ചെറിയ വിഷയമല്ല; അതിന് ചെറിയ അർഥവുമല്ല. പക്ഷെ, നാമധികവും എല്ലാത്തിനും നടേ പറഞ്ഞാർഥത്തിൽ രാഷ്ട്രീയം കളിക്കാൻ താൽപര്യം കാണിച്ചു തുടങ്ങി.

വേണം, വാദം. അതിന് പ്രതിവാദം. ചർച്ചകൾ. മറുചർച്ചകൾ. എല്ലാം നന്ന്.
പക്ഷെ, അവ കേൾക്കുന്ന ഇടങ്ങളിലെ അന്തരീക്ഷമുൾക്കൊള്ളണ്ടേ ആദ്യം ?

സോഷ്യൽ മീഡിയയിൽ ഇത്തരം നടപടികൾ ഏറ്റവും ഗുണപരമായും ഉത്പാദനപരമായും ഉപയോഗിക്കാവുന്നതാണ്. പക്ഷെ, എന്തോ നാം അക്ഷമരാണ്. ഇതറിയിച്ചേ അടങ്ങൂ എന്നത് ക്ഷമകെട്ട ഏർപ്പാടാണ്, ഒരാൾ പോസ്റ്റ് ചെയ്തില്ലെങ്കിലും അപരൻ അത് അടുത്ത നിമിഷത്തിൽ അറിയാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ട്. പക്ഷെ, ആദ്യമറിയിച്ചേ തീരൂ എന്ന വാശി.

പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങൾ - വാട്സ് ആപ്പ് , FB, Tweeter തുടങ്ങിയവ Play politics ന് മാത്രമായി പോകുന്നുണ്ട്. ഊഴം കാത്ത് അതിന് പതിന്മടങ്ങ് കുതിര ശക്തിയിൽ പ്രതിരോധ പോസ്റ്റും, ആ പോസ്റ്റിനു മറു പോസ്റ്റുകളുമായി ദ്വന്ദയുദ്ധ സമാനത സൃഷ്ടിക്കപ്പെടുന്ന ദുരവസ്ഥ ! യുദ്ധ പ്രതീതി ! വാട്സ് ആപ്പ് ഗ്രൂപ്പുകളിലൊക്കെ ബാക്കിയുള്ളവർ കാണികളുടെ റോളിൽ കണ്ടും കേട്ടുമിരിക്കേണ്ട ദുരവസ്ഥ !

അതുമിതും വണ്ടിലോഡായും തല ചുമടായും വാരി വലിച്ചു കൊണ്ടിടുന്ന "കേളിഗുഡ്ഡ"യുടെ സ്ഥാനത്തേക്ക് ഗ്രൂപ്പിടങ്ങളെ മാറ്റുമ്പോഴാണ് ഇത്തരം bad exercise സംജാതമാകുന്നത്. ഒരു തീപ്പെട്ടി കൊള്ളിയാകാൻ നിമിഷം മതി. ഉരസാനും ആളി കത്താനും അതിന്റെ പകുതിയും വേണ്ട.

സമയം നിശ്ചയിച്ച്, ആളുകളെ നിശ്ചയിച്ച് രാഷ്ട്രീയ കാഴ്ചപ്പാടുകൾ പറയാൻ ഗ്രൂപ്പു മാനേജർമാർ നടപടി എടുത്താൽ, കുറച്ചൊക്കെ നിയന്ത്രണ വിധേയമാകും. അവ നിരീക്ഷിക്കുവാൻ ഒരു ടീമുമുണ്ടാകണം. ഇല്ലെങ്കിൽ ഇത്തരം ആശാസ്യകരമല്ലാത്ത Pratices തുടർന്നു കൊണ്ടേയിരിക്കും.

പറയാനുള്ളത് പറയട്ടെ -  വിചാരം നഷ്ടപ്പെടുമ്പോൾ വികാരം സ്ഥാനം കയ്യടക്കും. ശുദ്ധാത്മാവ് ഓടി ഒളിക്കും. തൽസ്ഥാനത്ത് പിശാച് കയറിയിരിക്കും.  വിദ്വേഷവും വൈരാഗ്യവും വിളിക്കാതെ അതിഥികളായെത്തും. അന്നേരം "ഒച്ച" കൂടും. "ഒച്ച" വരുന്നതോടെ ലക്ഷ്യം വഴി തെറ്റും.

രാഷ്ട്രീയ പ്രബുദ്ധത എന്നാൽ അപരനെ ബഹുമാനിക്കുക എന്നാണർഥമാക്കേണ്ടത്. ഇടങ്ങളുടെ സ്വഭാവം തിരിച്ചറിയുക തന്നെ വേണം. ആ തിരിച്ചറിവ് ഇത്രയും കാലത്തെ കൂട്ടുകൂടലിൽ സിദ്ധിച്ചില്ലെങ്കിൽ നാം നമ്മെ പരിശോധനയ്ക്ക് വിധേയമാക്കാൻ നേരമായി. 

CP, RT ഇടങ്ങളിൽ തരക്കേടില്ലാത്ത സ്റ്റാൻഡേർഡ് നാം (നാം ഓരോരുത്തരും) തന്നെ വക വെച്ച് നൽകിയിട്ടുണ്ട്.  അതിന് ഭംഗം വരുമ്പോൾ എന്തോ മനസ്സിന് അസ്വസ്ഥത അനുഭവപ്പെടുന്നു.

മനസാക്ഷിയോട് ചോദിക്കുക, ആ അസ്വസ്ഥതയല്ലേ നമ്മുടെ ഔന്നത്യമെന്ന്, നമ്മുടെ ഓരോരുത്തരുടെയും വലിയ മനസ്സെന്നും. ആ മണ്ണിൽ രാഷ്ട്രിയം വിത്തിറക്കട്ടെ.

നന്മകൾ ! 

No comments:

Post a Comment