Wednesday 18 July 2018

മൗനമിതായിരുന്നു / അസ്ലം മാവില

മൗനമിതായിരുന്നു

അസ്ലം മാവില

2011 ലാണ് ഗെയിൽ പൈപ്പ് ലൈൻ പ്രൊജക്ട് നമ്മുടെ നാട്ടുകാർ കേൾക്കുന്നത്. പഞ്ചായത്ത് നോട്ടിസ് ബോർഡിൽ പതിച്ച ഒറ്റ പേജ് നോട്ടിഫിക്കേഷൻ. അതിൽ മായിപ്പാടി, പട്ല, മധൂർ, മുട്ടത്തൊടി എന്നീ പരാമർശങ്ങൾ മാത്രം. സർവ്വെ നമ്പർ പോകട്ടെ ഈ പ്രദേശങ്ങളിലെ ഏത് എരിയ എന്ന് വരെ അതിലില്ല.

പിന്നീടാണറിഞ്ഞത് ഏതോ ഒരു ഡിസംബറിൽ ഒരു വണ്ടി വന്നതും റോഡിൽ മാർക്കിട്ട് പോയതും. അത് അന്ന് ചിലർ ശ്രദ്ധിച്ചതും.

ഇതിന്റെ ഭവിഷ്യത്തു  മനസ്സിലാക്കാൻ യുട്യൂബ് നോക്കി. വരും തലമുറയ്ക്ക് ഇതിന്റെ പ്രത്യാഘാതം ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് അന്ന് മായിപ്പാടി, പട്ല, മുട്ടത്തൊടി ഭാഗങ്ങളിലുള്ളവരെ ചെറിയ ഒരു വിംഗ് പറഞ്ഞ് ബോധ്യപ്പെടുത്തി. അന്നും ഇത് കേൾക്കാനും കേൾപ്പിക്കാനും ഓടിച്ചാടി ഇറങ്ങാനും കുറച്ചു പേർ മാത്രം.

ഈ മൂന്ന് പ്രദേശങ്ങളിലുള്ളവർ ഒരുമയോടെ എല്ലാ വിഭാഗിയതയും സൗന്ദര്യപിണക്കങ്ങളും മറന്ന് ഒന്നിച്ചാൽ നമ്മുടെ ഏരിയയിൽ നിന്ന് ജനവാസമില്ലാത്ത ഏതെങ്കിലും നാടുകളിലേക്ക് ഈ പദ്ധതി മാറ്റാനുള്ള സാധ്യതയുണ്ട്, അത് നാം നമ്മുടെ വരും തലമുറയോട് ചെയ്യുന്ന വലിയ നീതിയായിരിക്കും എന്നായിരുന്നു അന്ന് പ്രത്യേകം എടുത്ത് പറഞ്ഞ വിഷയം.

10% ആളുകൾ പോലും അപ്പറഞ്ഞത് ചെവി കൊണ്ടില്ല. സംഘടിച്ചവരാകട്ടെ എണ്ണത്തിൽ വളരെ കുറവും. വില്ലേജ് പിക്കറ്റിംഗ് മുതൽ ഗെയിൽ മാർച്ച് വരെ നടത്തി. സംബന്ധിച്ചത് വളരെ ചുരുക്കം പേർ. പിന്നെ പിന്നെ ആ എണ്ണവും കുറഞ്ഞ് കൊണ്ടേയിരുന്നു. 

മറ്റു ചില കാരണങ്ങളാൽ  കഴിഞ്ഞ സർക്കാർ ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാതെ ഫ്രീസ് ചെയ്ത് വെച്ചു. തമിഴ്നാട്ടിൽ ജയലളിത ശക്തമായി എതിർത്തിരുന്നു.  കേരളത്തിൽ പുതിയ സർക്കാർ അത് പൊടി തട്ടി കൊണ്ട് വന്നു.

സ്വാഭാവികമായും വികസനപദ്ധതികളിൽ ഏത് സർക്കാറും ഇത് വലിയ അക്ഷരത്തിൽ പെടുത്തും. നമ്മുടെ നാട്ടിൽ എല്ലായിടത്തും ഗെയിൽ വിഷയം വരുമ്പോൾ പറഞ്ഞ് കേട്ടത് - ഇങ്ങനെയൊക്കെയല്ലേ വികസനം വരുന്നത് ? വലിയ വിഷയമാക്കേണ്ട ആവശ്യമില്ല. കുറച്ച് പേരെ സ്ഥലം പോകും. അത്രേയുള്ളൂ. വേറെ എവിടെയെങ്കിലും സ്ഥലം പോകുമ്പോൾ ഇപ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരെ കാണുമോ? ഇന്ന് കാണുന്ന പല വികസനങ്ങൾക്ക് പിന്നിലും പല വ്യക്തികളുടെയും നഷ്ടക്കഥകളുണ്ട്. വരും തലമുറയ്ക്ക് എന്തായാൽ നമുക്കെന്ത് ?1964 ൽ തന്നെ വാതക പൈപ്പ് ലൈൻ എന്നത് ഒരു സ്വപ്ന പദ്ധതിയല്ലേ? നമ്മുടെ  ആധാരത്തിൽ അതില്ലേ, ഇതില്ലേ...?
അതും കുടി കേട്ടതോടെ ആർക്കും ഗെയിൽ വിഷയം കേൾക്കുന്നതേ താൽപ്പര്യമില്ലാതായി. സ്ഥലം നഷ്ടപ്പെടും എന്ന് കണക്ക്കൂട്ടപ്പെട്ടവർ അതോടെ  ഒറ്റപ്പെട്ടു.

അതേസമയം പദ്ധതി നിർവ്വഹണം  എന്ന നിലയിൽ,  പകുതി നിർത്തി വെച്ച പണി എതിർപ്പുകൾ അവഗണിച്ച് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് പോയിത്തുടങ്ങുകയും ചെയ്തു.

ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമാകുന്നു എന്ന തിരിച്ചറിവ് ഇക്കഴിഞ്ഞ ആറുമാസം മാധ്യമങ്ങൾ ശ്രദ്ധിക്കുന്ന ആർക്കും ഉണ്ടാകാനാണ് സാധ്യത. അത്ര ധൃതിയിലാണ് പണി നടന്നത്.  വാട്സ് ആപ് ഗ്രൂപ്പിൽ പലവട്ടം ഗെയിൽ വാർത്തകൾ പോസ്റ്റ് ചെയ്തപ്പോഴും ഞാൻ മന:പൂർവ്വം മൗനം പാലിച്ചിട്ടുണ്ട്. ഇനി NO എന്ന് പറയാൻ സ്കോപ്പില്ല എന്നത് തന്നെ കാരണം.  അത് നടക്കും, അത്രമേൽ  ഉറപ്പായിരുന്നു.

പൈപ്പ് അലൈൻമെന്റിന് മുന്നോടിയായുള്ള മാർക്കിംഗ്, ഡിഗ്ഗിംഗ് വർക്ക്സ്, വെൽഡിംഗ്‌ വർക്ക്സ്, എക്സ്റേ പ്രോസസ്സ്, പൈപ്പ് ഇൻസ്റ്റലേഷൻ എല്ലാം പട്ലയിൽ ഇനി സമയബന്ധിതമായി നടക്കുമെന്ന് തൊട്ടടുത്ത പ്രദേശമായ മായിപ്പാടി വരെ എത്തിയ പൈപ്പിടൽ വർക്ക് പ്രോഗ്രസ്സ് കണ്ടാൽ ആർക്കും അറിയാം.

ഗൈൽ അധികൃതർ മതിയായ ഹോം വർക്ക് ചെയ്താണ് വരുന്നത്. നഷ്ടപരിഹാരമായി സ്ഥലം ഉടമകൾക്ക് കോമ്പൻസേഷൻ നടപടികൾ കൂടെ നടക്കും. മുറിക്കുന്ന മരങ്ങൾ, മതിൽ, കൃഷി തുടങ്ങിയവയുടെ എണ്ണമെടുക്കൽ, അവയ്ക്ക് അവർ നിശ്ചയിക്കുന്ന തുക നൽകുവാനുള്ള പേപ്പർ നടപടികൾ ഇതൊക്കെ ഒരു ഭാഗത്ത് നടക്കും. മറ്റൊരു ഭാഗത്ത് പൈപ്പ് ലൈനിടലും നടക്കും.

2011 മുതൽ നാലഞ്ച് വർഷക്കാലം നമുക്ക് ചാൻസുണ്ടായിരുന്നു, സ്ഥലം പോകുന്ന വിഷയത്തിലല്ല, വരും തലമുറക്ക് വന്നേക്കാവുന്ന ഒരു ദുരന്തത്തിൽ നിന്ന് ഒരു പ്രദേശത്തെ ആകെ രക്ഷപ്പെടുത്താൻ.  സമ്മർദ്ദങ്ങൾ ഉണ്ടായപ്പോൾ ചില ഏരിയകൾ അവർ അപ്പാടെ മാറ്റിയിട്ടുണ്ടെന്ന് കേൾക്കുന്നു.  ഇനി ഇപ്പോൾ, അവസാന മണിക്കൂറിൽ,  പട്ലക്ക് വേണ്ടി  ഗെയിൽ കമ്പനി പൈപ്പ് ലൈൻ മാറ്റികൊണ്ടിടുമെന്ന് എന്റെ സെൻസ് പറയുന്നില്ല.

മൂന്നാഴ്ച മുമ്പ് വാർഡ് മെമ്പർ എന്നെ മായിപ്പാടിയിലേക്ക് വിളിച്ചപ്പോഴും മനസ്സില്ലാമനസ്സോടെയാണ് ഞാൻ പോയത്. പോയിട്ട് കാര്യമില്ല. ഒന്നും നടക്കില്ല, അവർ കേൾക്കുമില്ല. എന്നിട്ടും മായിപ്പാടി പാലത്തിന്നടുത്ത് നിന്ന് പുഴയിൽ കൂടി പൈപ്പിടുന്നതിന്റെ സാധ്യത വരെ ഞങ്ങൾ ആരാഞ്ഞു. അത് അവർ ചിരിച്ചു തള്ളി. പത്ത് നാല്പത് പേർ ഒപ്പിട്ട് മറ്റൊരു നിർദേശം വേറെ ചിലർ അവർക്ക് കൊടുത്തു. അതും അവർ പരിഗണിച്ചില്ല. കാരണം, അവർ എല്ലാത്തിലും well planned ആണ്. ഏറ്റവും സൗകര്യപ്രദമെന്ന് അവർക്ക് നൽകിയ നിർദ്ദേശികയിൽ ഒത്തുവരുന്നതുമായി എന്തുണ്ടോ അതുമായി അവർ മുന്നോട്ട് പോകും, ആര് സഹകരിച്ചാലും ഇല്ലെങ്കിലും.

അത് കൊണ്ടാണ് നിലവിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഞാൻ ഇടപെടാത്തത്. വെറുതെ സംസാരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല. അബദ്ധത്തിന് എന്തെങ്കിലും നാക്കുപിഴ വന്നാൽ അതോടെ എല്ലാം തീരുകയും ചെയ്യും.

ഗെയിൽ അധികൃതരോട് സ്ഥല ഉടമകൾക്ക് എപ്പോഴും സംസാരിക്കാം. അതവർ കേൾക്കാൻ തയ്യാറെങ്കിൽ.   ബാക്കിയുള്ളവരെ അവർ കേൾക്കുമോ എന്തോ ?  സാധ്യത വളരെ വളരെ കുറവാണ്. രണ്ട് ദിവസം അവരെ ഞാൻ പഠിച്ചിടത്തോളം അങ്ങിനെയാണ് തോന്നിയത്. ഞാൻ മനസ്സിലാക്കിയടത്തോളം പദ്ധതി ഝടുതിയിൽ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട വെറും ഉദ്യാഗസ്ഥർ മാത്രമാണ് ഈ വന്നിരിക്കുന്നത്.

കുഴിച്ചിട്ടത് എവിടെയാണെന്നറിയാത്ത വരും തലമുറകൾക്ക് ഒരു പക്ഷെ, ഏതെങ്കിലും ഒരു ദിവസം വന്നേക്കാവുന്ന ദുരന്തമായിരുന്നു ഞങ്ങൾ അന്ന് പറഞ്ഞത്, ആ അഭിപ്രായത്തിൽ തന്നെ ഞാൻ ഇന്നുമുണ്ട്. അല്ലാതെ ഉടമസ്ഥർക്ക് സ്ഥലം നഷ്ടപ്പെടുന്ന ജംഗമ വസ്തുക്കളെ പറ്റി ഒരിടത്തും പറഞ്ഞിട്ടില്ല. കുഴിച്ചിടുമ്പോൾ അതൊക്കെ നഷ്ടപ്പെടുമെന്ന് ഞങ്ങളേക്കാളേറെ ബാക്കി എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.

ഇത്തരം പദ്ധതികൾ വരുമ്പോൾ എവിടെയും ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും ഉലച്ചിൽ തട്ടാറുണ്ട്. അത് പോലെ തെറ്റുധാരണകൾ, അനാവശ്യ മിസ്അണ്ടർസ്റ്റാൻഡിംഗ്സ് മുതലായവ ഉണ്ടാകും. ഒരു കാര്യം ശ്രദ്ധിക്കുക. ലോകത്ത് നടന്ന   ഭാഗികമോ/ പൂർണ്ണമോ ആയ സ്ഥലം അക്വയർഡ് പദ്ധതികളിൽ മനുഷ്യബന്ധങ്ങൾക്ക് എപ്പോഴും ഉലച്ചിൽ ഉണ്ടായിട്ടുണ്ട്.  എന്റെ അഭ്യർഥന, ബന്ധങ്ങൾ നില നിർത്താൻ എല്ലാവർക്കും ശ്രമിക്കാം.

ഒരു പിടി മണ്ണോ നട്ടുവളർത്തിയ ഒരു കായ്തയ്യോ വീടിന്റെ ഒരു ജനൽ പാളിയോ നഷ്ടപ്പെടുന്നതിന്റെ പ്രയാസം അതിന്റെ ഉടമസ്ഥനേ അറിയൂ. അത് റോഡിനായാലും ഗയിലിനായാലും മറ്റെന്തിന്  വേണ്ടിയായാലും ശരി.   അങ്ങിനെ നഷ്ടപ്പെടുന്നവരുടെ കൂടെയാണ് എന്റെ മനസ്സ്. അവരെ നോക്കി പരിഹസിക്കാൻ ഞാനില്ല.

2011 മുതൽ ഈ ഗെയിൽ കാര്യത്തിൽ എം.എ. മജിദിനെ പോലെയുള്ളവരോടൊപ്പം പ്രത്യക്ഷമായും പരോക്ഷമായും ഞാനും കുറെ പരിഹാസവും മോശം വാക്കുകളും കേൾക്കാറുണ്ട്, അതൊക്കെ പ്രതീക്ഷിച്ചതുമാണ്. അതും കൂടി ഇവിടെ പറയണമല്ലോ.

വാൽകഷ്ണം : ഒരു ഉത്തരേന്ത്യക്കാരൻ പറഞ്ഞത്.  രണ്ട് കുടുംബങ്ങൾ തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കം. കുറ്റം പറച്ചിൽ, മോശം പറച്ചിൽ. അയൽക്കാർ ആരും അത് നിർത്താൻ ശ്രമിച്ചില്ല. അയാളുടെ നാട്ടിൽ 4 വരി പാത വന്നു പോൽ. അന്ന് കടന്ന് പോയത് മുഖാമുഖം തല്ലുകൂടുന്ന ഈ രണ്ട് വീടുകൾക്കിടയിൽ കൂടി. പക്ഷെ, ആ പാത വന്നതോടെ അവിടെ വലിയ വിഭജനം നടന്നു. റോഡിനപ്പുറവും ഇപ്പുറവും എന്നും കണ്ടിരുന്നവർ, ബന്ധുക്കൾ, മിത്രങ്ങൾ എല്ലാം അതോടെ രണ്ടായി , പരസ്പരം കാണാതെയായി. പിന്നെ വല്ലപ്പോഴും പരസ്പരം വിടുകൾ സന്ദർശിക്കാൻ 10 കിലോ മീറ്റർ അപ്പുറമുള്ള Flyover കടന്ന് തിരിച്ച് വീണ്ടും 10 കിലോ മീറ്റർ ഇങ്ങോട്ട് യാത്ര ചെയ്യണമത്രെ. (സമാനമായ ഒരു നോവൽ ഞാൻ വായിച്ചിട്ടുമുണ്ട്)
വികസനങ്ങൾ ഇങ്ങനെയും ചില ചിത്രങ്ങൾ കീഴ്മേൽ മറിക്കാറുണ്ടെന്ന് കൂട്ടത്തിൽ പറയട്ടെ.

No comments:

Post a Comment