Wednesday 18 July 2018

ചിലതുണ്ട് / അസ്ലം മാവിലെ

മരണത്തെ കുറിച്ച്,
ആത്മാവ് വിട്ട് പോകുന്നതിനെ കുറിച്ച്,
വളരെ നന്നായി പറഞ്ഞ വരികൾ !

ഒരിക്കൽ കൂടി ആ വരികൾ വായിക്കാം : *ശരീരത്തിന്റെ കൂടുപേക്ഷിച്ച്‌ ആത്മാവ്‌ പുതിയൊരു കിളിവാതിൽ കടന്നുപോവുകയാണ്‌. ഇന്ദ്രിയങ്ങളിൽ നിന്നെല്ലാം അതോടെ ആത്മാവ്‌ പിൻവലിയും. ചുമരും മേൽക്കൂരയും ദ്രവിച്ച പഴയ വീടുവിട്ട്‌ പുതിയൊരിടത്ത്‌ താമസം തുടങ്ങുകയാണ്‌. ആത്മാവിന്റെ ഈ കൂടുമാറ്റത്തെ തിരിച്ചറിയുമ്പോൾ മരണത്തെക്കുറിച്ച ഭയമില്ലാതാകുന്നു.*

RT യിൽ ഇത്തരം ലേഖനങ്ങൾ വരുമ്പോൾ അവധാനതയോട് കൂടി വായിക്കുക.

......................................

*കൂട്ടത്തിൽ ചിലത് കൂടി :*
ചില നേരമ്പോക്കുകളും ഒളിയമ്പുകളുമൊക്കെ അത്യാവശ്യമാകാം. *ഇത് , ഈ കുറിപ്പ്, ഈ ചർച്ചകൾ എന്നെ മാത്രം, എന്റെ വിഭാഗത്തെ / വിഭാഗങ്ങളെ മാത്രം ഉദ്ദേശിച്ചണെന്ന് പരീതപിക്കുന്നതിൽ സഹതാപം പോലും അർഹിക്കുന്നില്ല.*

27/12/2014 ന് ഈ കൂട്ടായ്മ പത്ത് പേരിൽ ഒതുങ്ങി ഉണ്ടായതാണ്. നല്ല വായനകൾ, സ്വയം വിമർശനങ്ങൾ, സക്രിയ ചർച്ചകൾ, അവലോകനങ്ങൾ, അനുഭവങ്ങൾ, ചുറ്റുപാടുകളോടുള്ള നിരീക്ഷണങ്ങൾ, സാംസ്ക്കാരിക ചലനങ്ങൾ,  കൊക്കിലൊതുങ്ങുന്ന എഴുത്തുകൾ ... ഇതൊക്കെയാണ് RTക്ക് എന്നും വിഷയം.

ഇത്തരം വേദികളിൽ (അത് ഏത് ഉപഭൂഖണ്ഡത്തിലായാലും)  ഭിന്നസ്വരങ്ങൾ കേൾക്കാൻ മനസ്സ് പാകപ്പെടാത്തവർക്ക് ഒരു റോളുമില്ല. "ഇതൊക്കെ പറയാൻ, എഴുതാൻ ഇവൻ ആരെടാ ?" എന്ന വ്യർഥചോദ്യങ്ങൾ മാത്രം കുന്നു കൂടിക്കൊണ്ടിരിക്കും.

RT ഇടങ്ങളിൽ നിറങ്ങൾ തേച്ച കണ്ണടകൾ മാറ്റി വെക്കണം. *ശരിയാണ്, ഇതിൽ വരുന്ന മിക്ക അഭിപ്രായങ്ങളും പുരോഗമനപരം തന്നെയാണ്.* അതിനർഥം മനുഷ്യപുരോഗതി ആഗ്രഹിക്കുന്നവർ ഈ കുഞ്ഞുവട്ടത്തിലും ഉണ്ടെന്നാണ്. നാം സ്വയം തീർത്ത മതിൽ കെട്ടും, അനാവശ്യമായി നിർമ്മിച്ചെടുത്ത ഭീതിയും അർഥമില്ലാത്ത ആശങ്കയും കുറച്ചു നേരത്തേക്ക് മാറ്റി വെച്ചു നോക്കൂ. നമ്മുടെ ചിന്തകളിൽ പുതു വെളിച്ചം താനേ വരും,  അതിന് "പുരോഗമന പരം" എന്ന് പേര് വിളിച്ചാലും ഇല്ലെങ്കിലും.

വാക്കിലും വരയിലും ഭാഷയിലും മാന്യത എന്ന് നമ്മുടെ മനസാക്ഷി പറയുന്നതെന്തും ഇവിടെ സ്വീകാര്യമാണല്ലോ. വിമർശനങ്ങളും ഭിന്നാഭിപ്രായങ്ങളും  പാഠഭേദങ്ങളായി കരുതുന്നതോടെ സൗഹൃദങ്ങൾ നില നിൽക്കുകയും ചെയ്യും.

RT ഇടം ഇല്ലാത്തപ്പോഴും നാമൊക്കെ പുരോഗമന ചിന്തയും വെച്ച് നടന്നിരുന്നു, വായനയും ഉണ്ടായിരുന്നു - ആലോചനയും.

ഒന്നും മാറരുതെന്ന് പറയാൻ നമുക്കധികാരമില്ല. മാറിയതു കൊണ്ടാണ് ഈ ഭൂമിലോകത്ത് ഇങ്ങിനെയൊക്കെ കാണുന്നതും, അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുന്നതും.
നമുക്ക് ചുറ്റും ഷെല്ലും ഷീൽഡും പണിയാതിരിക്കുക. വാൽമീകം തീർക്കാൻ സമയം മെനക്കെടുത്തരുത്, സമയവും കർമ്മവും IDLE സ്റ്റേജിൽ ഉണ്ടാകുമ്പോൾ പുറ്റുകൾ (മൺകൂനകൾ) സ്വയം തീർക്കും.

ചിതലുകൾ ചിന്തകാർന്ന് തിന്ന് മൺകൂനകൾ തീർക്കുന്നുവെന്നത് ജൈവ സത്യം. നാട്ടിലെ ഒ.എസ്.എയുടെ പുസ്തക കൂട്ടങ്ങൾ,  ആളനക്കമില്ലാതായപ്പോഴാണ് ചിതലുകൾ കാർന്ന് തിന്ന് പുറ്റുകൾ തീർത്തത്.

നന്മകൾ !

*അസ്ലം മാവില*

No comments:

Post a Comment