Wednesday 18 July 2018

ബെല്ലടിയുടെ നാളുകൾ എല്ലാവർക്കും നന്മകൾ / അസ്ലം മാവില

ഇനി
ബെല്ലടിയുടെ നാളുകൾ
എല്ലാവർക്കും നന്മകൾ

അസ്ലം മാവില

ഇന്ന് മക്കൾ എത്തും, സ്കൂൾ പടിക്കൽ. ഇന്നലേക്ക് അവരുടെ വേനലവധി കഴിഞ്ഞു.

ഇക്കഴിഞ്ഞ രണ്ടു  മാസക്കാലം കളിയും ചിരിയുമായി വർണ്ണങ്ങളുടെ ലോകത്തായിരുന്നു ആ ചിത്രശലഭങ്ങൾ. എല്ലാ ചിട്ടകളും അവർ മറന്നു. നേരത്തെ കിടന്നു. നേരം വൈകി എണീറ്റു. ഉറക്കിലും കളിവർത്തമാനം പറഞ്ഞു.  പിച്ചും പേയും പറഞ്ഞപ്പോഴും കളി തന്നെ വർത്താനം.   ബാറ്റും പന്തും കളിപ്പാട്ടങ്ങളും അവർക്ക്  കൂട്ടായി കിടന്നു.

അടുക്കള പാത്രങ്ങൾ തല്ലിപ്പൊളിച്ചു. അതാ പൂച്ചയുടെ കണക്കിൽ പറ്റു ചേർത്തു. പൊക്കാനായി തുറന്ന ഫ്രിഡ്ജ് ദിവസവും അടക്കാൻ മറന്നു.  പാവം കുഞ്ഞനിയത്തിയുടെയോ കുഞ്ഞനിയന്റെയോ മേൽ ചാർത്തി ആ കുസൃതികൾ തടിയൂരി.

പിടിക്കപ്പെട്ടതിന് മാത്രം അവർ നിവൃത്തിയില്ലാതെ കുറ്റമേറ്റെടുത്തു.  പിടിക്കപ്പെടാത്തതിന് വീട്ടിലെ വാ വരാത്ത പൈതങ്ങളായി കുറ്റവാളികൾ.  ജന്നൽ ഗ്ലാസ് എറിഞ്ഞുടച്ചും മുറ്റം കുഴി തോണ്ടിയും പണി തന്ന മക്കൾ.  ഷെഡിൽ നിന്ന് അറിയാരെ ഇരു ചക്ര വാഹനങ്ങൾ തള്ളി നീക്കി ഓടിച്ചു കുഴിയിൽ വീഴ്ത്തിയവർ. ഊഫ് ! എന്തെന്ത് തൊന്തരവായിരുന്നു ഇക്കഴിഞ്ഞ മാസങ്ങൾ മുഴുവൻ.

ആൺ പിള്ളേർ മാത്രമുള്ള എന്നെപ്പോലുള്ളവർക്ക് ക്ഷമയുടെ നെല്ലിപ്പട പരീക്ഷിക്കപ്പെട്ട ദിനങ്ങൾ ! രസകരം, അതിലേറെ ആസ്വാദ്യകരം !  മിസ്സായ ദിവസങ്ങൾ! ഒരു ഉപദേശിക്ക് പഠിക്കാൻ കിട്ടിയ നാളുകൾ ! ഒന്ന് കഴിഞ്ഞാൽ അടുത്ത ഉപദേശത്തിന് പാകത്തിന് പണിയും തീർത്ത് ചെവി വെച്ചു തന്ന മണിക്കുറുകൾ ! തീൻ മേശയിൽ തീരുന്ന മെഗാ സന്ധി സംഭാഷണങ്ങൾ !

ഇനി അവരെ ഇങ്ങനെ കിട്ടണമെങ്കിൽ അടുത്ത മാർച്ച് വരണം. നമ്മുടെ നീണ്ട ഉപദേശങ്ങൾക്ക് തൽക്കാലം വിട. ഇന്ന് മുതൽ അവർ പള്ളിക്കൂടത്തിലെത്തുകയാണ്,  കുടയും വടിയും "പാക്കും" "തോക്കു "മായി. 

ഒരു ക്ലാസ് അധികത്തിലാണ് ഇനി അവർ, അരുമ മക്കൾ ഇരിക്കുക. തുടക്കക്കാർ ലോവർ KGയിലും. എന്റെ വീട്ടിലെ ഏറ്റവും ചെറിയവൻ മൂന്നിൽ പോയിരിക്കും.

പട്ല സ്കൂളിന് ഇന്നാഘോഷമായിരിക്കും. പ്രീസ്ക്കൂൾ സജീവമാകും, ഒന്നാം ക്ലാസും.  പിഞ്ചു പൈതങ്ങളെയും കാത്ത് അധ്യാപകരും PTA ഭാരവാഹികളും യുവജന കൂട്ടായ്മകളും സ്കൂൾ കവാടത്തും പരിസരത്തുണ്ടാകുമായിരിക്കും.

ഇന്നലെ തന്നെ പുതിയ എച്ച്. എം. ചാർജെടുത്തു. സ്കൂൾ നാഥനായ പ്രശാന്ത് മാഷ് സുന്ദര മുഖത്തോടെ ഇനിയുള്ള നാല് വർഷം പട്ലക്കാരോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് കൊല്ലത്തിന് പട്ലക്ക് ലഭിക്കുന്ന Male എച്ച്. എമ്മാണ് പ്രശാന്ത് മാഷ്.  പുതിയ പുതിയ അധ്യാപകരും ഇക്കഴിഞ്ഞ ആഴ്ച ജോയിൻ ചെയ്തു കഴിഞ്ഞു. പഴയ അധ്യാപക വൃന്ദവും തങ്ങളുടെ അരുമ ശിഷ്യരുടെ വിശേഷമറിയാൻ ഇന്ന് രാവിലെ തന്നെ പടി കടന്നെത്തും.

വിശേഷങ്ങൾ പറഞ്ഞും ഇല്ലാ കഥകൾ ചൊല്ലിയും ഇന്നത്തെ ദിവസം ബഹളമയം തന്നെ.

നന്മകൾ എല്ലാ അധ്യാപകർക്കും.
ഭാവുകങ്ങൾ, പ്രശാന്ത് മാഷിന്, സ്നേഹാന്വേഷണങ്ങൾ  അക്ഷരം പഠിക്കാനായി അവധിക്കാലവും കഴിഞ്ഞെത്തുന്ന  കുഞ്ഞുമക്കൾക്ക്, പുതുമക്കൾക്ക് !

അറിവിന്റെ ലോകത്ത് നിങ്ങൾ എല്ലവരും ഉന്നതങ്ങളിലെത്തട്ടെ

No comments:

Post a Comment