Saturday 28 July 2018

ചെറുകഥ / പെരുമഴക്കാലം.. / അസീസ്‌ പട്ള

ചെറുകഥ
പെരുമഴക്കാലം...💦💧☔*


അസീസ്‌ പട്ള
_______________________________



തൊള്ളായിരത്തിഎഴുപത്തഞ്ച്, ചക്കോന (മിഥുനം) മാസത്തിലെ ഒരു പ്രഭാതം, സമയം ഏതാണ്ട് എട്ടുണിയോടടുക്കുന്നു, പുലര്‍ച്ചയ്ക്ക് പെയ്ത പെരുമഴയുടെ ബാക്കിയെന്നോണം ചാറ്റല്‍മഴ തുടര്‍ന്നു.

നിരത്തില്‍ കുട്ടികള്‍ മദ്രസ്സയില്‍ പോകുന്ന വെപ്രാളം, അരക്കയറില്‍ കുരുക്കിക്കെട്ടിയ മുണ്ടിലൂടെ  ഗോപ്യഭാഗം ദൃശ്യമായെങ്കിലും മുണ്ട് ഉരിഞ്ഞു പോയില്ലല്ലോയെന്നാശ്വാസം;

തലയില്‍ തൊപ്പിയണിഞ്ഞതും ടവല്‍ കെട്ടിയതും ചുളുങ്ങിയ പ്ലാസ്റ്റിക്‌ കവര്‍ കൊണ്ട് മൂടിയതും സ്ലൈറ്റും, വാഴയിലയും കൊണ്ട് മഴയ്ക്ക് പ്രതിരോധം തീര്‍ത്തതും, സര്‍വ്വോപരി ഒരു കുടയില്‍ തല മാത്രം നൂഴ്ത്തി ലിംഗഭേദമില്ലാതെ മൂന്നോ, നാലോ കുട്ടികള്‍ ഒക്കെ അക്കൂട്ടത്തിലുണ്ട്.

കദീശുമ്മ ദോശ കമിഴ്ത്തിയിടാന്‍ “ശ്ശ്” ശബ്ദത്തിന് കാതോര്‍ത്തിരിക്കുന്നു, അഞ്ചാം ക്ലാസും മദ്രസ്സ പഠിപ്പും കഴിഞ്ഞ ബിയാത്തു തൊട്ടപ്പുറത്തുള്ള കിണറില്‍ നിന്ന് വെള്ളം കൊരിനിറയ്ക്കുന്നു, കിണറെന്നു പറഞ്ഞൂട,
പണ്ടെങ്ങാണ്ടോ കാക്കക്കരണവന്മാര്‍  തോണ്ടിയ ഒരു കുഴി, ഒരറ്റത്ത് ഉണക്ക മരത്തടി പാകിയ പാലം, കുരുക്കിട്ട കുടം  കുനിഞ്ഞു കിണറില്‍ താഴ്തിയപ്പോള്‍ പഴകി ദ്രവിച്ച മരത്തില്‍ പതിഞ്ഞ പല ധാരകളിലോന്നില്‍ കയര്‍ കല്പണിക്കാരുടെ “തൂക്കു” പോലെ അനായാസം താഴ്ന്നിറങ്ങി,

പൊങ്ങിയ പേടതേങ്ങയിലും മരക്കഷ്ണങ്ങളിലും വിശ്രയണരായ മാക്രിക്കുഞ്ഞുങ്ങള്‍ ഉലച്ചലില്‍ നെട്ടോട്ടമോടി, തക്കം പാര്‍ത്തിരുന്ന നീര്‍കോലി മുങ്ങിയൊളിച്ചു, പടിഞ്ഞാട്ടു ഒരു പേമാരിക്കുള്ള കോപ്പ് കൂട്ടുകയാണ് ഇരുണ്ട മാനം...

പെട്ടെന്നാണ് കദീശുമ്മ  ആ നിലവിളി കേട്ടത്

“യാ അല്ലാഹ്......”


കിണറില്‍ നിന്ന് നിറകുടം വലിച്ചു പൊക്കുമ്പോഴുണ്ടായ കാലിലെ മര്‍ദ്ദം ദ്രവിച്ചു പൂപല്‍ പിടിച്ച തടിപ്പാലം മദ്ധ്യത്തില്‍ നിന്ന് രണ്ടായി മുറിഞ്ഞു, ബിയാത്തു “യാ അല്ലാഹ്” നിലവിളിയോടെ മുമ്പിലുള്ള ശീമക്കൊന്നില്‍ ചേര്‍ത്തുപിടിച്ചു, അറ്റത്തായാതിനാല്‍ വേരോടെ കടപുഴകി ബീയാത്തുവും പാരച്യൂട്ടിലിറങ്ങുന്ന പ്രതീതിയോടെ വെള്ളത്തില്‍ പതിച്ചു, മാക്രികള്‍ ചക്രശ്വാസം വലിച്ചു കുറെ പൊങ്ങി താഴ്ന്നു.

തൊട്ടു മുമ്പ് റോക്കറ്റ് പ്രയാണത്തില്‍ വെള്ളത്തിനടിയില്‍ പതിഞ്ഞ മരത്തടി പൊങ്ങി വന്നതു നീന്താനറിയാത്ത  ബീയാത്തുനു ഒരു കച്ചിത്തുരുംബായി., കക്ഷങ്ങളില്‍ തടിക്കഷ്ണത്തെ ചേര്‍ത്തു പിടിച്ചു നില്‍കുന്ന കാഴ്ചകണ്ട്‌ കദീശുമ്മ സ്ഥലകാലബോധമില്ലാതെ ഉച്ചത്തില്‍  നിലവിളിച്ചു.

കന്നു പൂട്ടാന്‍ പോകുന്ന കര്‍ഷക തൊഴിലാളികള്‍ കന്നിനെ  ഉപേക്ഷിച്ചു നിലവിളി കേട്ട ദിക്കിലെക്കോടി, ആവേശത്തിന് എടുത്തു ചാടാന്‍ നോക്കിയെങ്ങിലും ആരോ പിന്നില്‍ നിന്നും വലിച്ചത് പോലെ പിന്തിരിഞ്ഞു, മറ്റൊന്നുമല്ല, കിടക്കുന്നത് ഒരു മങ്കയാണ്, നാട്ടുകാര്‍ കൈ വെക്കും, അയാളും കദീശുമ്മയുടെ നിലവിളിയില്‍ പങ്കു ചേര്‍ന്ന്, കൂട്ട നിലവിളി!

കേട്ടവര്‍ കേട്ടവര്‍ ആ പ്രദേശത്തെ മുങ്ങല്‍ വിദഗ്ദ്ധനായ ചെറുപ്പക്കാരനെ തിരഞ്ഞുപിടിച്ച് കൊണ്ടു വന്നു, തണുത്തു വിറയ്ക്കുന്നതിനിടയില്‍ ബീയാത്തു സ്നിസ്സഹായയായി മേല്പോട്ടൊന്നു നോക്കി, ചുണ്ടില്‍ ആവി പറന്നു..

ഇറങ്ങാന്‍ ശങ്കിച്ചു നിന്ന ചെറുപ്പക്കാരനോട്‌ കദീശുമ്മ യാചിച്ചു..

“മോനേ.. ഇങ്ങക്കോള് പെങ്ങളെപ്പോലല്ലേ... ജ്ജ്ഒന്നും ആലോയിച്ചണ്ട, വെക്കം  ഓളെ കരേ കേറ്റാന്‍ മാണ്ട എന്താന്നെച്ച ചെയ്താളാ, അന്‍ക്ക് പടച്ചോന്‍റെ ആട്‌ത്ത്ന്ന് കൂലിട്ടും..”

ചെറുപ്പക്കാരന്‍ പിന്നൊന്നും ആലോചിച്ചില്ല, വേഗം ഒരു മരക്കസേര കയറില്‍ കെട്ടി താഴ്ത്താന്‍ പറഞ്ഞു അയാള്‍ കിണറില്‍ ഇറങ്ങി, നാളിതുവരെ പുരുഷസ്പര്‍ശമേല്‍ക്കാത്ത ബീയാത്തുന്‍റെ തോളിലേറ്റ കരസ്പര്‍ശം നാണത്താല്‍ അവളുടെ മുഖം ചുമപ്പിച്ചു, മേലാകെ കോരിത്തരിച്ചു, സജജീകരണത്തോടെ ഒരു തരത്തില്‍ കര പറ്റിയ ബീയാത്തു പ്രതികൂല കോടതി വിധി കേട്ട പ്രതിയുടെ അടുത്തയാളെപ്പോലെ ഓടി ആള്‍കൂട്ടത്തില്‍ നിന്നും മറഞ്ഞു, ദോശയും ദോശക്കല്ലും ഒരു പോലെ കരിഞ്ഞു കിടക്കുന്നത് കണ്ടു സഹിച്ചില്ല...


ശുഭം


▪ ▪ ▪ ▪ ▪

No comments:

Post a Comment