Wednesday 18 July 2018

*പട്ലയിലെ* *ഈ കുഞ്ഞു പയ്യൻ* *ഇനി കേരള ഫുട്ബോൾ* *അക്കാഡമിയുടെ* *തണലിൽ വളരും* ./ അസ്ലം മാവില

*പട്ലയിലെ*
*ഈ കുഞ്ഞു പയ്യൻ*
*ഇനി കേരള ഫുട്ബോൾ*
*അക്കാഡമിയുടെ*
*തണലിൽ വളരും*
.. ............ ............

അസ്ലം മാവില
.. ............ ............

സർഫറാസ് ഇന്ന് സ്കൂളിൽ വന്നിരുന്നു, കൂടെ ഉമ്മ നുസൈബയുണ്ട്. വന്ന ഉദ്ദേശം എച്ചെമ്മിനോട് പറഞ്ഞു: "TC വേണം, ഒമ്പതാം ക്ലാസ്സ് മുതലങ്ങോട്ട് എറണാകുളത്താണ് പഠിക്കുന്നത്. "

എല്ലാവരും TC യും കൊണ്ട് പട്ല സ്കൂളിലേക്കാണല്ലോ വരുന്നത് ? ഇതെന്താ സർഫറാസ് നേർ വിപരീതം ?

പുതുതായി വന്ന എച്ച് എമ്മിന്റെ ആ സംശയം തീർത്ത് കൊടുത്തത് PT മാഷ് ലക്ഷ്മണൻ സാർ. "സർഫറാസിനെ സംസ്ഥാന തല ഫുട്ബോൾ സെലക്ഷൻ കിട്ടി. കേരള ഫുട്ബോൾ അക്കാഡമിയുടെ കാൽപന്തു കളി വിദ്യാർഥിയാണ് ഇനിയവൻ. അക്കാഡമിയുടെ സ്പോർട്സ് സ്കൂളിലാണ് കളിയും പഠിത്തവും പരിശീലനവും "

അഭിമാനിക്കാൻ പട്ലക്കാർക്ക് ഒരവസരം കൂടി. പട്ല സ്കൂളിന്റെ റിക്കോർഡ് ബുക്കിൽ ഒരു പൊന്നിൻ വര കൂടി. യുനൈറ്റഡ് പട്ലയ്ക്ക് പൊലിമ പറഞ്ഞു ആഹ്ലാദിക്കാൻ ഒരു മിന്നും താരോദയം കൂടി.

സർഫറാസിനെ അറിയില്ലേ ? എന്റെ സഹപാഠി പാലത്തട്ക്കം ബഷീറിന്റെ മകൻ. നുസൈബയുടെ അരുമ മോൻ.

രണ്ട് മാസം മുമ്പാണ് യുനൈറ്റഡ് പട്ലയുടെ ഫുട്ബോൾ പരിശീലന കളരിയിൽ സർഫറാസ് എത്തുന്നത്. അവന്റെ മിന്നും പ്രകടനം ശ്രദ്ധിച്ചത് കോച്ച് മുഹമ്മദും സഹ പരിശീലകരായ അബൂബക്കറും നിഹാലും.  അവരുടെ കണക്ക് കൂട്ടൽ തെറ്റിയില്ല - നായന്മാറമൂല ഗ്രൗണ്ടിൽ നടന്ന ജില്ലാതല സെലക്ഷൻ ക്യാമ്പിൽ പട്ലയുടെ ഈ കുഞ്ഞുമോന് ഗ്രീൻ കാർഡ്. ഫുട്ബോൾ അക്കാഡമിയുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ സർഫറാസിന് ക്ഷണം !  അത് കേട്ടപ്പോൾ നിഴൽ പോലെ കൂടെയുള്ള ലക്ഷ്മണൻ മാഷിന് ചാരിതാർഥ്യ നിമിഷം !

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് അവൻ വണ്ടി കയറിയത് കൗതുകത്തോടെ. വലിയ പ്രതീക്ഷയില്ല. എന്നാലും ഒരു പാട് ജില്ലക്കാരുടെ കൂടെ കളിക്കാൻ പറ്റുമെന്ന ആഗ്രഹം ! പക്ഷെ, സർഫറാസിനെ അവിടെ കാത്തിരുന്നത് മറ്റൊന്നായിരുന്നു - അക്കാഡമിയുടെ അരുമയായി,  പ്രൊഫഷനൽ ടച്ചോടെ ഫുട്ബോൾ വിദ്യാർഥി പദവി!

ഇനി സർഫറാസ് എറണാകുളത്ത് എത്തും. MRSV സ്കൂളിൽ അവൻ അഡ്മിഷനെടുക്കും. അവിടെയാണ് കാൽപന്തിന്റെ ക്ലാസിക് രൂപങ്ങൾ ഇനിയവൻ പഠിക്കുക, അവിടെയാണ് താമസവും. കൂട്ടത്തിൽ അക്കാഡമിക് പഠനവും.

തിരക്ക് പിടിച്ച് TC വാങ്ങി സർഫറാസ് ഉമ്മയുടെ കൂടെ ഇറങ്ങുമ്പോൾ, എല്ലാവരും അവന്റെ ചുറ്റു വട്ടം കൂടി. അധ്യാപകരും സഹപാഠികളും പി.ടി.എ. പ്രസിഡൻറും എല്ലാം. അവർ  മനസ്സറിഞ്ഞ് നന്മകൾ നേർന്നു, , മതിയാവോളം !

സർഫറാസ് ഉന്നതങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർഥിക്കാം. 
.. ............ ............ .....🌱

No comments:

Post a Comment