Wednesday 18 July 2018

റാഗിംഗ് എന്നൊന്ന് എടുത്ത് പോയല്ലോ ഈറ്റിങ്ങക്ക് നേരവും വെളുത്തില്ലേ ? / അസ്ലം മാവിലെ

റാഗിംഗ്
എന്നൊന്ന്
എടുത്ത് പോയല്ലോ
ഈറ്റിങ്ങക്ക് നേരവും
വെളുത്തില്ലേ ?

അസ്ലം മാവിലെ

മകനെ ചേർക്കാൻ കഴിഞ്ഞാഴ്ച ഞാൻ തലശ്ശേരി ബ്രണ്ണൻ കോളേജിലെത്തി. ബസ്സിറങ്ങി കോളേജ് കവാടത്തിലെത്തിലെത്തിയപ്പോൾ ധന്യ എന്ന കുട്ടി ഞങ്ങളെ അനുഗമിച്ചു, പിന്നെ ഞങ്ങൾ രണ്ട് പേർക്കും ഒന്നും ചെയ്യേണ്ടതായി വന്നില്ല. എല്ലാ സേവനവും സീനിയർ വിദ്യാർഥികളുടെ വക.

ആദ്യം ഹിസ്റ്ററി ഡിപാർട്മെന്റ്  ഫാക്കൽട്ടിയുടെ അഭിമുഖം. തുടർന്ന് കോളേജ് പ്രിൻസിപ്പാൾ, പി ടി എ നേതൃത്വത്തിന്റെ അഭിമുഖം. അത്കഴിഞ്ഞ് കുറെ പേപ്പർ വർക്ക്സ്. എല്ലായിടത്തും സീനിയർ വിദ്യാർഥികൾ നിശ്ചയിച്ച ധന്യയും അവളുടെ കൂട്ടുകാരുമുണ്ട് ഞങ്ങളെ സഹായിക്കാൻ. 

ടോക്കൺ നമ്പർ 82 ആയിട്ടും ഞങ്ങൾ കാസർകോട് നിന്നുള്ളവരായത് കൊണ്ട് പ്രത്യേക പരിഗണന നൽകി നേരത്തെ ഫോർമാലിറ്റീസ് പൂർത്തിയാക്കാൻ അവർ സഹായിച്ചു. ഇന്ന് തന്നെ ജോയിൻ ചെയ്താൽ നാളെ അത്ര ദൂരെ നിന്ന് വീണ്ടും വരേണ്ടല്ലോ - അവർ സമാശ്വസിപ്പിച്ചു.

വൈകുന്നേരത്തോടെ താഴെ ഇറങ്ങി. അവിടെ എഴുതിയിട്ടുണ്ട് - ഈ കോളേജിൽ റാഗിംഗില്ല, നിങ്ങൾ വ്യാകുലപ്പെടേണ്ടതേയില്ല. ഞങ്ങൾ - സിനിയർസ് - നിങ്ങൾക്ക് വേണ്ടി വെയിൽ കൊള്ളാം, നിങ്ങൾക്ക്, ജൂനിയർസിന് തണലേകുമെങ്കിൽ !

നാലീസം കഴിഞ്ഞ് ഹോസ്റ്റലിൽ മകന് അഡ്മിഷൻ കിട്ടിയപ്പോൾ കുടുംബസമേതം വീണ്ടും പോയി. ചീഫ് വാർഡൻ പറഞ്ഞു - ഇവിടെയും അതില്ല, ഏത് ? റാഗിംഗ്.

പട്ലയിലെ ഈ പൂച്ചപ്ലസ്ടുക്കാർക്ക് എന്തിന്റെ അസുഖമാണെടോ ? എത്ര ആഭാസം ! എത്ര മോശം ! കേട്ടത് ശരിയെങ്കിൽ ! ലജ്ജ തോന്നുന്നു.

ഒന്നാം വർഷക്കാരായിരുന്നപ്പോൾ നിന്നെയൊക്കെ ഇങ്ങിനെ ആയിരുന്നോ സീനിയേർസ് എതിരേറ്റത് ? പെരുമാറിയത് ?

ഓർക്കണ്ടേ ? ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ നിനക്കൊക്കെ പ്ലസ് വൺകാരേക്കാൾ. അല്ലാതെ അഞ്ചാറ് കൊല്ലമൊന്നുമല്ലല്ലോ. അഞ്ചെട്ടാളുകളുടെ മസിലുമില്ലല്ലോ.

അഞ്ചെട്ടു പേരടങ്ങുന്ന ഒരു ക്രൂര സംഘമാകാം ഇവർ. സി സി കാമറ പതിയാതിടത്താണ് പോൽ ഇവർ റാഗ് ചെയ്തത്. കോമ്പൗണ്ടിനകത്താണോ പുറത്താണോ എന്ന് പോലീസ് പറയിപ്പിച്ചു കൊള്ളും.

ആദ്യം കേട്ടത് , വഴിയിൽ വെച്ചെന്തോ തള്ളുകയോ തോണ്ടുകയോ ചെയ്തെന്നാണ്.  പരാതി നൽകാൻ ഇന്നുച്ചയോടെ ദേഹോപദ്രവമേറ്റ കുട്ടി തയാറായതോടെ ചിത്രം വ്യക്തമായി.

ഒരെണ്ണവും നിയമത്തിൽ നിന്ന് രക്ഷപ്പെടരുത്. സ്കൂളിന് ചീത്തപ്പേരുണ്ടാക്കിയ തോന്ന്യവാസികളെ നിയമപാലകർക്ക് പിടിച്ചു നൽകണം. ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകാൻ റാഗിംഗിന് വിധേയരായ കുട്ടികൾക്കു അവകാശമുണ്ട്. ആ അവകാശം ഉപയോഗിച്ചെന്നറിയാൻ കഴിഞ്ഞു.

വിചിത്രമെന്നത് - പട്ലക്ക് പുറത്ത് നിന്ന് വന്ന് പഠിക്കാൻ വന്നവരാണ് ഈ തോന്യവാസികൾ ! ചോദിക്കാൻ ആളില്ല, ഇവിടെ ബന്ധുക്കളില്ല, അപ്പോൾ എന്തുമാകാമല്ലോ. കഴിഞ്ഞ വർഷവും തൊട്ടുമുമ്പുള്ള വർഷവും മറ്റു പല കേസ് വന്നപ്പോഴും ഇത് തന്നെ - പട്ലക്ക് പുറത്തുള്ളവർ വില്ലന്മാരാകുന്നു. അത് ശ്രദ്ധിക്കേണ്ട വിഷയമാണ്. അവരുടെ രക്ഷിതാക്കൾ ചേർക്കുമ്പോൾ ഒന്ന് തല കാണിച്ചാലായി. പണ്ട് മാന്യത്തേക്ക് പശുക്കളെ വിടുന്നത് പോലെ വിടും. പിന്നെ തിരിഞ്ഞു നോക്കില്ല. കഷ്ടം I

ഇനി ഇതൊക്കെ അറിഞ്ഞ് മൂക്ക് പിഴിഞ്ഞ് ബന്ധം പറഞ്ഞ് സ്കൂളിൽ എത്തുന്ന ഈ റൗഡികളുടെ "കുഞ്ഞമ്മേടെ ഭർത്താക്കന്മാരും, ബർമുഡയിൽ വരുന്ന അമ്മാവന്റെ മക്കളുമുണ്ട്. ചില വാടക രക്ഷിതാക്കളും പ്രത്യക്ഷപ്പെടും - ഒരു വട്ടം മാപ്പ് തരണമെന്ന് പറഞ്ഞ്. ആ ഏർപ്പാടിന് ആരും നിൽക്കരുത്.

ഈ കൊല്ലത്തെ പതിനൊന്നാം ക്ലാസ്സുകാർ അറിയാൻ. ഇക്കുറി നിങ്ങൾ ജൂനിയർ, പച്ച പാവങ്ങൾ. അടുത്ത കൊല്ലവും ഇങ്ങനെ തന്നെ ആയിരിക്കണം.  അടുത്ത വർഷമായാൽ വേണ്ടാതീനം കാണിക്കാൻ നിൽക്കരുത്.

എല്ലാവർക്കുമിതൊരു ചൂണ്ടുപലകയാണ്. മക്കളെ സ്കൂളിൽ അയക്കുന്ന രക്ഷിതാക്കൾ അൽപസ്വൽപം ശ്രദ്ധിക്കുക, ഇടക്കിടക്ക് സ്കൂളിൽ കയറിയിറങ്ങിക്കൊണ്ടിരിക്കണം. അതില്ലാണ്ടായാൽ മക്കളെ കുറിച്ച് കേൾക്കുന്ന വാർത്തകൾ ഇത് പോലെ മോശമായിരിക്കും.

No comments:

Post a Comment