Saturday 28 July 2018

യാത്ര സിനിമയും, സാപ്പും പിന്നെ ഞാനും.. /അസീസ്‌ പട്ള

😃

യാത്ര സിനിമയും, സാപ്പും പിന്നെ ഞാനും..

*അസീസ്‌ പട്ള ✍*
------------------------------------------


പ്രശസ്ത കഥാ, തിരക്കഥാകൃത്തു ജോണ്‍ പോള്‍ പുതുശ്ശേരി എങ്ങാണ്ടോ വായിച്ചു മറന്ന കുടുംബമാസികയായ (READER’S DIGEST) ലെ ഒരു കഥാതന്തു വിട്ടുപോകാതെ ബോധമണ്ഡലത്തില്‍ തങ്ങി നിന്നിരുന്നു,

തിരക്കഥയൊപ്പിച്ചു ചേര്‍ത്തു വായിച്ചപോള്‍ കൊള്ളാമെന്നു തോന്നിയ സ്ക്രിപ്റ്റ് തന്‍റെ  സുഹൃത്തും  ബഹുമുഖ പ്രതിഭയും, പ്രശസ്ത തമിഴ് സിനിമ സംവിധായകനുമായ ബാലുമഹേന്ദ്രയുമായി നടത്തിയ ചര്‍ച്ചയിലൂടെ പിറവിയെടുത്ത സിനിമയായിരുന്നു എണ്‍പത്തഞ്ചില്‍ ഞങ്ങളെ ത്രസിപ്പിച്ച ആ സിനിമ...

*”യാത്ര”*

അന്ന് പത്രത്തില്‍ അതിന്‍റെ അടിക്കുറിപ്പ് ഇങ്ങിനെയായിരുന്നു

“ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം നിങ്ങള്‍ കണ്ടിട്ടില്ല”

അത്രയ്ക്കും പ്രചാരണമായിരുന്നു., നിറഞ്ഞ സദസ്സും.

ഞാനും, സമപ്രായക്കാരായ ചില ഫ്രണ്ട്സും ആ സിനിമ കാണുക മാത്രമല്ല,അതിലെ ഒട്ടുമിക്ക ഡയലോഗ്സും ഗാനങ്ങളും മത്സരിച്ചാവര്‍ത്തിച്ചു, പോസറ്റാഫീസിന്‍റെ പിന്നാമ്പുറത്തു പണിതു കൊണ്ടിരുന്ന ആശാരിമാര്‍ ഈ സിനിമയുടെ ഓഡിയോ കാസറ്റ് എങ്ങിനെയോ സംഘടിപ്പിച്ചു, കൂട്ടത്തില്‍ ഞങ്ങളും നിശ്ശബ്ദരായി കേട്ടു നിന്നു, എല്ലാം കണ്‍മുമ്പില്‍ കാണുന്നത് പോലെ...

ജയില്‍പുള്ളിയായ  മകനെ കാണാന്‍ വന്ന പ്രായമായ അമ്മയെ അതിനനുവദിക്കാതെ പരുഷമായി തിരിച്ചയച്ച ജൈലര്‍, തിലകനോടുള്ള അടങ്ങാത്ത പക ആ മകന്‍ വാട്ടര്‍ടാങ്കില്‍ കയറി പട്ടാപ്പകല്‍ ജയില്‍ മതില്‍ക്കെട്ടിനുള്ളിലെ സകലരെയും സാക്ഷിയാക്കി ചാടിത്തീര്‍ത്തു, നിലംപതിച്ചലില്‍  ഒരു പിടച്ചലോടെ ജീവന്‍വെടിഞ്ഞ ആ  ശരീരത്തില്‍ നിന്നും ചുടു രക്തം വാര്‍ന്നൊഴുകുന്ന രംഗം ഒരു കടല്‍ കത്തിക്കാനുള്ള അഗ്നി ജ്വലിപ്പിച്ചു ഞങ്ങളില്‍, ആ ശവത്തെ സ്ലോ മോഷനില്‍ കാണിച്ചു ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ കൊടുത്ത് ഒരു രണ്ടു വരി പാട്ടുണ്ട്, കണ്ണുകള്‍ നിറഞ്ഞല്ലാതെ ഞങ്ങളാ പാട്ട് പാടിയിട്ടില്ല, ഇന്നും.

“കുന്നത്തൊരു കാവുണ്ട് കാവിനടുത്തൊരു മരമുണ്ട്,
മരത്തില്‍ നിറയെ പൂവുണ്ട്... പൂ പറിക്കാൻ പോരുന്നോ...?
പൂങ്കുയിലേ പെണ്ണാളേ ..പൂങ്കുയിലേ പെണ്ണാളേ...

അച്ഛന്‍ കാവില് പോയാല്, അമ്മ വിരുന്നു പോയാല്,
അച്ഛന്‍ കാവില് പോയാല്... അമ്മ വിരുന്നു പോയാല്..
ആടിപ്പാടാന്‍ പോരാമോ...?
പൂങ്കുയിലേ പെണ്ണാളേ .പൂങ്കുയിലേ പെണ്ണാളേ....”

അനാഥയായി വളര്‍ന്ന ഉണ്ണികൃഷ്ണന്‍ (മമ്മൂട്ടി) ആരും പോകാന്‍ മടിക്കുന്ന കാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍, പ്രതീക്ഷിച്ചതിലും തികച്ചും വിപരീതമായ, കൊടുംകാടിന്‍റെ ആത്മാവിലാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അയാള്‍ തിരിച്ചറിയുന്നു.... നിത്യവൃത്തിയില്‍ മുഴുകിയ തനി ഗ്രാമീണ തോട്ടം തൊഴിലാളികള്‍.. അവിടെയാണ് സമര്‍ത്ഥയും, നിഷ്കളങ്കയുമായ തുളസി (ശോഭന)യെ കണ്ടു മുട്ടുന്നത്, വര്‍ഷംതോറും നടത്താറുള്ള കോവിലിലെ ഉത്സവത്തില്‍ നൃത്തം ചവിട്ടിയ തുളസിയെക്കണ്ട ഉണ്ണികൃഷ്ണന്‍ അവളില്‍ വല്ലാതെ ആകൃഷ്ടനായി, ആ അടുപ്പം ജീവിതപങ്കാളിയാക്കാന്‍ വരെ അയാള്‍ തീരുമാനിച്ചുറച്ചു.


ഏക സുഹൃത്ത് ബാലന്‍, അയാളെ  കല്യാണത്തിനു  ക്ഷണിക്കാന്‍ പോയ ഉണ്ണിക്കൃഷ്ണനെ സംശയത്തിന്‍റെ നിഴലില്‍ അറസ്റ്റ് ചെയ്യുന്നു., ലോക്കപ്പിലെ പീഡനം അതിക്രൂരമായിരുന്നു, ആത്മസംഘര്‍ഷത്തില്‍ കാണികള്‍ ആ നിമിഷങ്ങളെ ശപിച്ചുകൊണ്ടിരുന്നു... ഇരിപ്പുറപ്പിച്ച കസേരയുടെ ഹാന്‍ഡ്‌ റസ്റ്റില്‍ പിടിമുറിക്കി പല്ലിറുമ്മി അമര്‍ഷം തീര്‍ത്തു..


കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഒരു പോലീസുകാരന്‍ മൂത്രം കുടിപ്പിച്ചതോടെ കഥ മാറുന്നു, കയ്യാങ്കളിയില്‍ ഒരു പോലീസുകാരന്‍റെ മര്‍മ്മത്തില്‍ തട്ടി കഥ കഴിയുന്നു, തികച്ചും കൊലയാളിയായി...

തുളസിയെ വേറെ കല്യാണം കഴിക്കാന്‍ ജയിലില്‍ സന്ദര്‍ശിച്ച അവളുടെ അച്ഛനെ പറഞ്ഞേല്‍പ്പിച്ചു നല്ല ഓര്‍മ്മകള്‍ ബാക്കി വെച്ചു  കാരാഗ്രഹത്തില്‍ അമര്‍ന്നു..  കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മോചിതനാവുന്നു., അപ്പോള്‍ ഒരാഗ്രഹം.... തുളസി  കല്യാണം കഴിച്ചിട്ടില്ലെങ്കില്‍.. ഒരു തിരി കാവിനടുത്ത്‌ കത്തിച്ചു വെയ്ക്കണമെന്നയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവസാനമായി അയച്ച കത്തില്‍ എഴുതി.

ആ വഴി വിനോദയാത്രയ്ക്ക് പോകുന്ന  ഒരു സ്കൂള്‍ ബസ്സില്‍, അയാളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലെ തീക്ഷ്ണമായ യാചാനയ്ക്ക് മുമ്പില്‍   മനസ്സില്ലാ മനസ്സോടെ പ്രധാനാധ്യാപകനായ  അച്ഛന്‍ (അടൂര്‍ഭാസി) ഇടം നല്‍കുന്നു., ഒന്നല്ല, നൂറില്‍പ്പരം  തിരികള്‍ കത്തിച്ചു കാത്തുനില്‍ക്കുന്ന തുളസിയെക്കണ്ട ഉണ്ണികൃഷ്ണന്‍റെ കയ്യിലുള്ള ഭാണ്ഡം അറിയാതെ വീണുപോകുന്നു.... ആ മുഖഭാവം വല്ലാതെ വികാരാധീനമായിരുന്നു..

ഇത്രയും പറഞ്ഞത് ഞങ്ങള്‍ കഥയിലെ പല രംഗങ്ങളും തിരിച്ചും മറിച്ചും പറഞ്ഞു രസിച്ചും വിഷമിച്ചും ഇരിക്കുമ്പോള്‍ എന്‍റെ സുഹൃത്ത്, നമ്മുടെ എസ്.അബൂബക്കര്‍ എന്നെ അല്പം മാറ്റി നിര്‍ത്തി ഒരു രംഗത്തെ വല്ലാതെ വിവരിച്ചു... സാന്യോയുടെ ചുവന്ന ടോര്‍ച്ചു കക്ഷത്ത്‌ തിരുകി വീണ്ടും വീണ്ടും ആ അവസാനത്തെ രംഗം വര്‍ണ്ണിക്കുകയാണ്.... തികഞ്ഞ ഒരു കലാസ്വാദകന്‍റെ എല്ലാ ഭാവങ്ങളും അന്നാദ്യമായി ഞാന്‍ അയാളില്‍ കണ്ടു,  ഇന്നും മനസ്സില്‍ കാണുന്നു അബൂബക്കറിന്‍റെ ആ വിവരണനം.


😁

No comments:

Post a Comment