Wednesday, 18 July 2018

സൗമ്യനായ ഒരു മനുഷ്യനാണ് ഈ ഗ്രാമത്തിൽ നിന്നും പൊയ്പ്പോയത് ! / അസ്ലം മാവില

സൗമ്യനായ
ഒരു മനുഷ്യനാണ്
ഈ ഗ്രാമത്തിൽ നിന്നും
പൊയ്പ്പോയത് !

അസ്ലം മാവില

മജസ്റ്റിക്കിൽ ബസ്സിറങ്ങി ഹെലങ്ക സാറ്റലൈറ്റ് നഗരത്തിലേക്കുള്ള ബസ് യാത്രയിലാണ് ഞാനിപ്പോൾ.

നമുടെ നാട്ടിൽ എന്നെ പോലെ ബസ് യാത്ര ചെയ്യുന്ന  വളരെ കുറച്ചു പേരിൽ ഒരാളാണ് ഇന്നലെ മരണപ്പെട്ട ബഡുവൻച്ച. 

ഓർമകൾ ഒരുപാട് പിന്നിലേക്ക് . 1991 ൽ ഞാൻ അൽ ഐനിലുണ്ട്. അരമന ബ്രദർസ്, കപ്പൽ ബ്രദർസ് , PS ബ്രദർസ് ഇവരൊക്കെ ഉള്ള  ഏരിയയാണ് അൽഐനിലെ സനായിയ്യ.

വെള്ളിയാഴ്ചകളിൽ വല്ലപ്പോഴും മെയിൻ റോഡ് കടന്ന്  മുഹമ്മദും അബ്ബാസും ബക്കറും പഠാണി മാർക്കറ്റിൽ പോകും. ഉദ്ദേശം ഒന്നേയുള്ളൂ - ബഡ്വൻച്ചാനെ കാണുക. അവരുടെ കൂടെ ഞാനും പോകും.  അവിടെയാണ് അദ്ദേഹം ഒരു റസ്റ്റോറന്റിൽ ജോലിക്കുള്ളത്. അന്ന് മുതലുള്ള പരിചയമാണ് എനിക്കദ്ദേഹത്തോട്.

നോമ്പിന് ഏതാനും ദിവസം മുമ്പും ബഡുവൻച്ചാനെ ബസ്സിൽ വെച്ചു കണ്ടു,   അന്ന് തന്നെ ഒരു രോഗിയെ കാണാൻ  ആശുപത്രിയിൽ പോയപ്പോഴും ഓ പി. വിഭാഗത്തിലെ കാത്തിരിപ്പു കസേരകളിലൊന്നിൽ അദ്ദേഹം ഇരുന്നിട്ടുണ്ട്. ദീനമെന്നോട് പറഞ്ഞു, ഡോക്ടറെ കാണാൻ വന്നതെന്നും പറഞ്ഞു.

വളരെ സാധാരണക്കാരനായ മനുഷ്യൻ. ആരോടും പരിഭവം പറയാതെ ജീവിച്ച മനുഷ്യൻ. അസ്ലം എന്ന വിളിയേക്കാളേറെ അക്കച്ചാന്റെ മോൻ എന്നാണ് ബഡുവൻച്ച എന്നെ കാണുമ്പോൾ വിളിക്കുക,

അദ്ദേഹത്തിന്റെ ഭാര്യാ വീട്ടുകാരും പട്ലക്കാരാണല്ലോ. മർഹൂം  കെ. എസ്. മുഹമ്മദ് കുഞ്ഞി സാഹിബ് മുതൽ എല്ലാവരും എന്റെ അടുപ്പക്കാർ. ആ കുടുംബത്തോടുമൊപ്പം അവരുടെ അതീവ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു.

ഒരൊറ്റ മകനാണ് ബഡുവൻചാക്ക്. സാബിർ. നാട്ടിലുള്ളപ്പോൾ ഞങ്ങളുടെ പോക്കുവഴിയിൽ ദിവസത്തിൽ ഒരു വട്ടമെങ്കിലും സാബിറുണ്ടാകും. ഇക്കഴിഞ്ഞ പൊലിമ ദിനങ്ങളിലാണ് സാബിർ  കുശലാന്വേഷണമറിയാൻ അവസാനമെന്നെ വിളിച്ചത്.  സ്നേഹനിധിയായ ഉപ്പയുടെ വിയോഗം മൂലമനുഭവിക്കുന്ന അവന്റെ ദു:ഖത്തിൽ ഞാനും കൂടെ ചേരട്ടെ.  മരണം ആത്യന്തികമായ സത്യമാണല്ലോ സാബിർ,
ക്ഷമിക്കുക.  ഇന്നല്ലെങ്കിൽ നാളെ നാം പടച്ചവനിലേക്ക് മടങ്ങേണ്ടവർ തന്നെയാണ്.

സൗമ്യരിൽ സൗമ്യനായ, തികച്ചും സാധാരണക്കാരനായ, ഒരു നാട്ടും പുറത്തുകാരനെയാണ് നമ്മുടെ ഗ്രാമത്തിന് ഇന്നലെ നഷ്ടപ്പെട്ടത്. പാപമോചനത്തിന്റെ ഈ പരിശുദ്ധ നാളുകളിൽ അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായ് നമുക്കേവർക്കും അകമഴിഞ്ഞ് പ്രാർഥിക്കാം.

No comments:

Post a Comment