Friday 27 July 2018

കുട്ടിക്കാലം... (നാലാം ഭാഗം) / പാഠം 2, എന്‍റെ കൈസര്‍.... / അസീസ്‌ പട്ള

കുട്ടിക്കാലം... (നാലാം ഭാഗം)*



*പാഠം 2, എന്‍റെ കൈസര്‍....*


*അസീസ്‌ പട്ള✍*
_________________________


അടുത്ത പിരീഡ്‌ അറബിക് ആയിരുന്നു, അത് അത്ര പ്രയാസമില്ല; എല്ലാവരും മദ്രസ്സയില്‍ പഠിച്ചതാണ്, അത് കൊണ്ട് തെന്നെ അറബി ഉസ്താദ് തല്ലാനും വരാറില്ല, പക്ഷേ കുസൃതി കാണിച്ചാല്‍... ആളു മാറും., ഭഗവത് സിംഗിന്‍റെ മീശയ്ക്ക് സമാനമായ മീശ, ഇരുനിറം,  വെള്ള നേരിയ കരയുള്ള മുണ്ടും, ഇളം പച്ച ഫുള്‍ സ്ലീവ് ഷേര്‍ട്ടും, കണങ്കൈവരെ മൂന്നു മടക്കില്‍ കയറ്റിവെച്ച ഇടതുകയ്യിലെ വാച്ച് വ്യക്തമായി  കാണാം.. കീശയില്‍ പേനയുമുണ്ട്, കണ്‍പോള അല്‍പം വീതി കൂടിയതിനാല്‍  വിളറിയ, വിഷാദിച്ച മുഖം പോലെ തോന്നിക്കും, ചിരിക്കുന്നതായി കണ്ടതോര്‍മായില്ല, എന്നാലും സ്നേഹമയനാണ്.

അന്നത്തെ പാഠം തീവണ്ടിയെക്കുറിച്ചാണ്,  “അല്‍ഖിത്വാര്‍” എന്നാണു പാഠത്തിന്‍റെ തലക്കെട്ട്‌, ഇന്നത്തെപ്പോലെ കളര്‍ഫുള്‍ ചിത്രം അല്ലാത്തത് കൊണ്ട് തെന്നെ തീവണ്ടിയുടെ ചിത്രം എനിക്കെന്തോ, കടപുഴകി ചരിഞ്ഞു വീണുകിടക്കുന്ന തെങ്ങ് അറുത്തുമാറ്റി ശേഷിച്ച  കുറ്റിപോലെ തോന്നിച്ചു.. ഒരിക്കലെങ്കിലും കണ്ടിട്ടു വേണ്ടേ മനസ്സില്‍ തട്ടിച്ചുനോക്കാന്‍, ഇത് ഒരു മാതിരി കുരുടന്‍ ആനയെക്കണ്ടപ്രതീതി... എന്നാലും ചിത്രത്തില്‍ തെന്നെ നോക്കിയിരുന്നു, പുസ്തകം ഇല്ലാത്ത കുട്ടികള്‍ മറ്റുള്ളവന്‍റെ തോളില്‍ മുഖംഅമര്‍ത്തിവച്ചു കണ്ടു., പക്ഷേ അപ്പോഴും അബ്ദുള്ളക്ക് ഒരു കൂസലും ഇല്ലാതെ ക്ലാസ്മുറിയില്‍ നടക്കുന്നുണ്ടായിരുന്നു.

, “എന്‍റെ  ഉപ്പ മംഗലാപുരത്തേക്ക് അടയ്ക്ക കൊണ്ടുപോകുന്നത് തീബണ്ടീല്”,

ബൂട് ഭാഗത്തുനിന്നും വന്ന ഒരു കുട്ടിയാ പറഞ്ഞത്., ചിലര്‍ പുസ്തകം മടക്കി അവനെ ശ്രദ്ദിച്ചു, “ ഉപ്പാന്റോക്കെ മുട്ടത്തോടില്‍ത്തെ രണ്ടാള്‍  നൊര്‍ച്ച ബട്ടില് ബെല്ലം ബിക്കാന്‍ പോന്നാള്” , വണ്ടിയില്‍ നിന്നും ബെല്ലത്തിന്‍റെ ബട്ടി തലയിലേറ്റി  കമ്പോളത്തിലെത്തിച്ച മംഗലാപുരം (നക്കുനിക്ക്) കൂലിക്കാര്‍ പറഞ്ഞുപോലും.. “ബട്ടി നക്കുള” മുട്ടത്തോടിക്കാരന്‍ വിചാരിച്ചത് വട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബെല്ലം (ശര്‍ക്കര) നക്കാന്‍ വേണ്ടിയാവും എന്ന്, പക്ഷെ  അവര്‍ ഉദ്ദേശിച്ചതു ബട്ടി തങ്ങള്‍ക്ക്  വേണമെന്ന്...,  കേട്ടുനിന്ന മറ്റെയള്‍ പറഞ്ഞു, “പാവം, നക്കിക്കോട്ടേ..”, ഉടനെ ഒന്നാമന്‍ അവരെ സമ്മതിച്ചു  “നക്കുന്നെങ്ക് ബേം നക്ക്,      ബണ്ടിക്കു സമയായി..” മഗലൂരി കൂലിക്കാര്‍ അവരുടെ മുമ്പില്‍  പകച്ചുപോയത്രേ...

ഇത് ഉണ്ടാക്കിപ്പറഞ്ഞതല്ല, അവന്‍ മഗരിബ് നിസ്കരിച്ചു യാസീന്‍ ഒതുമ്പോ ഉപ്പ എളേപ്പാട് ചെല്ലീറ്റ് ചിരിക്കുന്നത് മറഞ്ഞിരുന്നു കേട്ട ഉമ്മ ചിരിച്ചുകൊണ്ട്  അവനോടു പറഞ്ഞതത്രേ.. “ഉമ്മ പിന്നെയും കുറേ ചിരിച്ചു..., “പാവം നക്കുനിക്കുകള്‍!” അവനു വിഷമം തോന്നി.

ഇതൊക്കെ കേട്ടിരിക്കുമ്പോഴാണ് എവിടന്നോ കിട്ടിയ മൂപ്പെത്താത്ത കുറച്ചു നെല്ലിക്ക പെണ്‍കുട്ടികള്‍ വിതരണം ചെയ്തത്, അപ്പോഴാ ഒരു കുട്ടി അബ്ദുല്ലയോടു ചോദിച്ചത്
 “നീ തീബണ്ടി കണ്ടിനാ?”,

അബ്ദുള്ള ആരാ മോന്?!, ഓനറിയാത്ത ഇല്‍മുണ്ട?!, ഈ വക കാര്യത്തില്‍... അവന്‍ അതിന്‍റെ മാനും മഅനയും പറയാന്‍ തുടങ്ങി.. “തീബണ്ടിന്നു ചെല്ല്യങ്കു ഒരിപത്തു പതിഞ്ചു ബസ്സിനെ കോത്ത ചങ്ങല  പോലെ ഇണ്ട്, പൊകേന്നു ചെല്ല്യങ്കു ചൂട്ടുവെണ്ണുര്‍ന്നു പോമ്പോലെ നൊര്‍ച്ചും പോകെ” കേട്ടവര്‍ കേട്ടവര്‍ നെല്ലിക്ക താഴെ വച്ചു അബ്ദുള്ളയുടെവട്ടം കൂടി, പെണ്കുട്ടികളും ശ്രദ്ധ ഇങ്ങോട്ട് തിരിച്ചു,

അബ്ദുള്ള തുടര്‍ന്നു...

കയിഞ്ഞ കുറി ഞാന്‍ നെല്ലിക്കുന്നിലേക്ക് പോമ്പോ  എന്‍റെ കാല്‍ന്‍റെടീലേല്ലേ  ബണ്ടി പോയത് ?!”

അവിശ്വസനീയം.... കുട്ടികള്‍ ഇളഭ്യരായി പരസ്പരം മുഖത്തോടു മുഖം നോക്കി....
.”ങ്ങൂം... വല്‍ക്കെ, ഓന്‍ ബണ്ണേല്‍ന്നേ...”
ഇതും പറഞ്ഞു ഒരു പെണ്‍കുട്ടി അവളുടെ ഇരിപ്പിടത്തിലേക്ക് മടങ്ങി,

അബ്ദുള്ള വിട്ടില്ല... “ഞാന്‍ പാലത്തിന്‍റെ മേലെ നില്‍ക്കുമ്പോള്‍ അടിയിലൂടെ ബണ്ടി പോയി, അപ്പൊ ബണ്ടി എന്‍റെ കാല്‍ന്‍റെ അടീലല്ലേ?”, .......................

ഇത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ശ്വാസം വീണു, പെണ്‍കുട്ടി തിരിച്ചു വന്നു ബാക്കിയുണ്ടായ നെല്ലിക്കയും അബ്ദുള്ളക്കു കൊടുത്തു, ഹോ... നിന്‍റെ ബാഗ്യോ....... അസൂയയോടെ എല്ലാവരും അവനെ നോക്കി നില്‍ക്കെ  നെല്ലിക്ക മൊത്തത്തില്‍ വായിലിട്ടു ചവച്ചു മറ്റുള്ളവരെ ചമര്‍പ്പിച്ചു....

അപ്പോഴും ക്ലാസ്സില്‍ അര്‍ബിസ്ത  വന്നില്ല...കുമാരന്‍ മാഷ് ഇടസന്ധിയിലൂടെ പോകുന്ന കണ്ട ഞങ്ങള്‍ വീഡിയോ ടാപ്പ്‌ റീവയിണ്ട് ചെയ്ത പ്രതീതിയില്‍ ദ്രുതഗതിയില്‍  ഇരിപ്പിടത്തിലമര്‍ന്നു., തിരിച്ചു പോകുമ്പോള്‍ കുമാരന്‍ മാഷ് പറഞ്ഞു,  “ഇന്ന് അറബി മാഷില്ല ,മിണ്ടാതിരുന്നോണം,”

ഞങ്ങളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി, ക്ലാസ്സില്ലല്ലോ? കുറച്ചു നേരം കഴിഞ്ഞു രണ്ടാം ബെല്ലും അടിച്ചു, അപ്പോഴേക്കും ഞങ്ങള്‍ക്കായി ഒരുങ്ങുന്ന സജ്ജികക്ക് ചൂടായ എണ്ണയില്‍ ബീരമ്മയെറിഞ്ഞ വറ്റല്‍ മുളക് കീറിന്‍റെ മൊരിഞ്ഞ,  ആസ്വാദ്യകരമായ മണം നാക്കിലെ രസമുഗുളങ്ങളെ വെള്ളത്തില്‍ കുതിര്‍ത്തു..... ഇപ്പൊ ചാക്ക് തുറന്നു ഗോതമ്പ് നുറുക്കും ചൊരിഞ്ഞു കാണണം, ശരിക്കും സജ്ജികന്‍റെ മണം മൂകില്‍ ഇരച്ചുകയറി.

അടുത്ത ക്ലാസ് മലയാളം, അത് കുമാരന്‍ മാഷാണ്, മൂന്നാം ക്ലാസ്സിനു മേലെ മുരളി മാഷും, “എന്‍റെ കൈസര്‍” എന്ന പാഠമായിരുന്നു എടുത്തു കൊണ്ടിരുന്നത്., ശരവേഗത്തില്‍ മാഷ്‌ വന്നു, സ്ടൂളില്‍ ഇരിക്കുന്നതിനു മുമ്പ് മേശയില്‍ നാല് തല്ലു... നിശ്ശബ്ദം! ആരും ഒന്നും മോഴിഞ്ഞില്ല..  കോപ്പി ബുക്ക് നോക്കിയതിനു ശേഷം ഇന്നലെ പഠിപ്പിച്ച ഭാഗം എല്ലാവരെക്കൊണ്ടു വായിപ്പിച്ചു,  നോക്കി വായിക്കാന്‍ അക്ഷരം അറിയാത്ത കുട്ടികള്‍ കാണാതെ പഠിച്ചെങ്കിലും രക്ഷപ്പെട്ടു., അപ്പോഴാ ഒരു കുട്ടി അഭിപ്രായപ്പെട്ടത്

“നായിന്‍റെ പാഠം... ഞമ്മക്ക് ഹറാമല്ലെ നായി, തോട്ടങ്കു മണ്ണിട്ട് ഏയ് ബട്ടം കൌവ്വണോന്നു സ്രാംബിലെ ഉസ്താദ് ചെല്ലീന്”

അതെ നേര് .... ഉസ്താദിന് അങ്ങനെ ചെല്ലിയങ്കു മതി, , പഠിച്ചില്ലെങ്കില്‍ തല്ലു കൊള്ളേണ്ടത് ഉസ്താദ് അല്ലാലോ.?”
 അബ്ദുള്ള സഹതപിച്ചു.. “കയിഞ്ഞ ക്ലാസ്സിലെ പാഠം നല്ലയിണ്ടായിനു, ആടിന്‍റെ പാഠം,”
“മേരിക്കുണ്ടൊരു കുഞ്ഞാട്,
മേനി കൊഴുത്തൊരു കുഞ്ഞാട്..
പാല്‍നുര പോലെ വെളുത്താട്.....”

ഒരു കുട്ടി ഓര്‍ത്തു...  അപ്പോഴേക്കും അരക്ലാസ്സിലെയും ഒന്നാം ക്ലാസ്സിലെയും കുട്ടികളെ സജ്ജികക്ക് വരി വരിയായി വിട്ടു, ചില കുട്ടികളുടെ തള്ളിക്കയറ്റം കാണുമ്പോള്‍ സ്കൂളില്‍ വരുന്നത് തന്നെ സജ്ജികക്ക് വേണ്ടീട്ടാണോയെന്നു തോന്നിപ്പോകും...


തുടരും......



😀😃😄😁😆😅

No comments:

Post a Comment