Wednesday 18 July 2018

ഇത് വെറുതെ പറയുന്നതല്ല* *നടക്കേണ്ട ഒന്ന്* *ന്യായമായ ഒന്ന്* / അസ്ലം മാവില

ഇത് വെറുതെ പറയുന്നതല്ല*
*നടക്കേണ്ട ഒന്ന്*
*ന്യായമായ ഒന്ന്*
.........................

അസ്ലം മാവില
.........................

എവിടെ അവതരിപ്പിക്കുക എന്നത് എനിക്ക് വിഷയമല്ല. ചുമരുള്ളിടത്ത് എഴുതുന്നു. ശ്രദ്ധിക്കാൻ പാകത്തിൽ,  വായിക്കാൻ ആയത്തിൽ. ഈ വിഷയം ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ സംസാരിക്കും, സംസാരിക്കണം.

കേരളപ്പിറവി മുതൽ നാം പട്ലക്കാർ വോട്ടിടാൻ തുടങ്ങിയിട്ടുണ്ട്. (ആദ്യ അസംബ്ലി തെരഞ്ഞെടുപ്പ് 28 ഫെബ്ര - 11 മാർച്ച് 1957). ആദ്യ നിയമനിർമാണ സഭയിൽ മത്സരിച്ചവർക്ക് വോട്ട് രേഖപ്പെടുത്തിയവർ ഇന്നു ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ലോകസഭ, നിയമസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, വിവിധ ആവശ്യത്തിനായുള്ള സൊസൈറ്റികൾ - ഈ തെരഞ്ഞെടുപ്പുകളിലേക്ക്  കക്ഷി അടിസ്ഥാനത്തിലും കക്ഷി ഭേദമന്യേയും നാം വോട്ടിട്ടു, വോട്ട് രേഖപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു.

ഗ്രാമ പഞ്ചായത്തിലേക്ക് ഒഴികെ, അതിന് മുമ്പിലുള്ള ഏതെങ്കിലും  ഒരു  ലെയറിലേക്ക് (Layer) പട്ലയിലെ ഒരാളെ നാം അംഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരിഗണിച്ചതായി ആരെങ്കിലും ഓർക്കുന്നുണ്ടോ ? ഓർമ്മയുള്ളവർ പറയണം. മതേതര പ്രസ്ഥാനങ്ങളായ കോൺഗ്രസ്സ്, സി.പി.എം, മുസ്ലിം ലീഗ്, പഴയ പി. എസ്. പി  പാർട്ടികളിലെ സ്ഥാനാർഥി നിർണ്ണയ ചർച്ചകളിൽ പട്ലക്കാരന്റെ പേരെപ്പോഴെങ്കിലും വന്നിട്ടുണ്ടോ ?  എന്തേ വരാത്തത് ?

ഇതൊരു തമാശച്ചോദ്യമല്ല. എന്ത് കൊണ്ട് ?  കാരണങ്ങൾ ഏവ ? നമ്മുടെ നാട്ടിൽ നിന്നുള്ള ഒരാൾക്ക് എം.പി., എം.എൽ.എ., ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിൽ നിന്ന് തടയുന്ന ഫാക്ടർസ് എന്തൊക്കെയാണ്? മറ്റുള്ളവരിൽ കാണുന്ന മേന്മ എന്ത്? പട്ലയിലെ രാഷ്ട്രിയ പ്രവർത്തകരിൽ കാണുന്ന കുറ്റവും കുറവുമെന്ത് ?

അതും കൂടി നമുക്ക് അറിയണമല്ലോ. അതറിഞ്ഞാൽ പിന്നെ ആ വഴിക്ക് മിണ്ടാതിരുന്നാൽ മതിയല്ലോ.

ഒന്നുമില്ല. പ്രത്യേകിച്ചു ഒരു കാരണവും  പറയാനില്ല.  ഒന്നുമുണ്ടായിരിക്കില്ല. ഒരൊറ്റ കാരണമേ ഞാൻ കാണുന്നുള്ളൂ. ശാഖാ കമ്മിറ്റിയിൽ, ബ്രാഞ്ച് കമ്മറ്റിയിൽ, ബൂത്ത് കമ്മിറ്റിയിൽ ഈ വിഷയം ഒരിക്കലും ഒരു ആലോചനക്ക് പോലും വന്നിട്ടുണ്ടാകില്ല. അതന്നെ. സംഗതി അതു തന്നെ. 

അതൊക്കെ ചർച്ച ചെയ്താൽ വാ പൊള്ളിപ്പോകുമോ എന്ന സന്ദേഹമാകാം ഈ വിഷയം ചർച്ചയുടെ പരിധിയിൽ തന്നെ വരാത്തത്.  നമ്മളൊക്കെ ചോട്ടാ ലോഗ്  ഈ ബഡാ ബഡാ ലോഗൊക്കെ അങ്ങ് പട്ലക്ക് പുറത്തല്ലേ എന്ന ഒരു കോംപ്ലക്സല്ലാതെ മറ്റെന്ത് ?

എന്നാൽ അറിയണോ - പട്ലയിലെ രാഷ്ട്രീയ നേതാക്കൾ സംസാരിക്കുന്ന വാമൊഴിയും ശരീരഭാഷയുമൊക്കെ തന്നെയാണ് പുറം നാട്ടുകാർക്കുമുള്ളത്. അവർക്ക് വേറെ  പ്രത്യേകിച്ചൊന്നും കൂടുതലായി ഞാൻ കാണുന്നില്ല. അവർ കാണിക്കുന്ന നീതി. അവരുടെ ഇടപെടൽ രീതി. ആത്മാർഥത, ആതിഥ്യമര്യാദ; സഹായ മനസ്കത, മുൻഗണന നിശ്ചയിക്കാനുളള സാമാന്യബോധം  എല്ലാം പട്ലയിലെ രാഷ്ട്രീയ നേതാക്കൾക്കുമുണ്ട്.  അല്ല, കുറച്ച് കൂടുതൽ  എന്ന് തന്നെ കൂട്ടിക്കോളൂ.

ഇനി കേൾക്കണം. ബന്ധപ്പെട്ടവരുടെ ചെവികളിൽ എത്തിക്കണം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മുടെ നാട്ടിൽ നിന്നും ഒരു മാന്യ വ്യക്തിയുടെ പേര് തീർച്ചയായും ഒരു മുന്നണിയുടെ പരിഗണനയിൽ വരണം. അതാണ് ഇനി ഞാൻ മുന്നോട്ട് വെക്കുന്നത്.

ഞാൻ പറയാൻ ഉദ്ദേശിച്ച വ്യക്തി മറ്റാരുമല്ല, എം.എ. മജീദ് തന്നെ. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന. രാഷ്ട്രീയ പാർട്ടി തങ്ങളുടെ ശാഖാതലത്തിൽ ഈ വിഷയം ഗൗരവത്തോടെ  ചർച്ച ചെയ്യണമെന്നാണ് എനിക്ക' നിർദ്ദേശിക്കാനുള്ളത്. അതൊന്ന് ഐക്യഖണ്ഡേന ശാഖ തീരുമാനമെടുത്താൽ ആ ഒരു പ്രോസസിന്റെ ആദ്യപടിയായി. തുടർന്ന് നിരന്തരം ഈ വിഷയം പഞ്ചായത്ത് തലം തൊട്ടങ്ങോട്ട് ചർച്ചയിൽ കൊണ്ട് വരട്ടെ.

എന്ത് കൊണ്ടും നടേ പറഞ്ഞ സ്ഥാനാർഥിത്വത്തിന് അനുയോജ്യനായ വ്യക്തിത്വമാണ് എം.എ. മജീദ്. UDF ന്റെ ബാനറിൽ മത്സരിച്ച് ജയിച്ച നമുക്കറിയുന്ന CT, NA തുടങ്ങിയവരോടൊപ്പം എളിമ കൊണ്ടും പ്രവർത്തനത്തിലുള്ള ആത്മാർഥത കൊണ്ടും ഉത്സാഹം കൊണ്ടും മജീദ് ഒട്ടും പിറകിലല്ല. പാർട്ടിക്കകത്തും മുന്നണിക്കകത്തും മജീദിന് നല്ല പേരും പെരുമയുമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മജീദ് മത്സരിക്കുന്നതിലോ എം.എൽ.എ ആകുന്നതിലോ അല്ല എന്നെപ്പോലുള്ളവരുടെ കാർക്കശ്യം. മജിദിനെ പോലുള്ള നിസ്വാർഥരും അനുയോജ്യരുമായ ആളുകൾക്ക് എം. എൽ. എ ആകാൻ പാർടി അവസരം നൽകണമെന്നതിലാണ് കാർക്കശ്യം. ബന്ധപ്പെട്ടവർ ഈ കുറിപ്പ് കാണുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

അതെന്താ ഇത്ര തിടുക്കത്തിൽ ? മെയ് മാസമല്ലേ? 2016 മെയ് മാസത്തിലല്ലേ ഒരു തെരഞ്ഞെടുപ്പ് നടന്നത്. അപ്പോൾ ഈ മെയ് തീരുന്നതിന് മുമ്പ് ഒന്ന് സൂചിപ്പിക്കാമെന്ന് കരുതി. എല്ലാരും  നക്ഷത്ര ചിഹ്നമിട്ട് ഈ കുറിപ്പ് ഒന്ന് സൂക്ഷിക്കണം. ആവശ്യം വരും.
ഇത് തമാശയെഴുതിയതല്ല. മജിദിനെ ഏറ്റവും നന്നായി അറിയുന്ന,  ചെറുപ്പം തൊട്ടിങ്ങോട്ട്  അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു അഭ്യുദയകാംക്ഷി എന്ന നിലയിൽ, ദീർഘകാലമായി എന്റെ മനസ്സിൽ സൂക്ഷിച്ച അഭിപ്രായം പറയുന്നു, അതും ന്യായമായത്. വളരെ ആവശ്യമെന്ന് തോന്നിയത്.

പട്ലയിലെ ഒരു ജനകീയ നേതാവ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് വലിയ പാതകമൊന്നുമല്ല എന്നാണ് ഞാനിപ്പോഴും കരുതുന്നത്.   എത്തിപ്പിടിക്കാൻ പറ്റാത്ത ആകാശക്കോട്ട പറഞ്ഞതല്ല, കെട്ടോ. നടക്കുന്ന സംഗതിയാണ് മുന്നാട്ട് വച്ചത്. പ്രദേശിക - പഞ്ചായത്ത് - മണ്ഡല നേതൃത്വം ഒത്തു പിടിച്ചാൽ എം.എ. മജിദ് തീർച്ചയായും സാധ്യതാ ലിസ്റ്റിൽ വരും. 2021 ലെ മെയ് മാസം അങ്ങിനെയൊരു അസുലഭ വേദി വീക്ഷിക്കാൻ നമുക്കെല്ലാവർക്കും ഇടയാവട്ടെ.

ഇതെന്റെ വേറിട്ട ചിന്തയോ അഭിപ്രായമോ അല്ല. ഒരൻപം വൈകി ചിന്തിക്കുന്ന മനസ്സുകളിൽ ഒരോർമ്മപ്പെടുത്തൽ പോലെ ഇതു സൂചിപ്പിച്ചെന്നേയുള്ളൂ. രണ്ട് വട്ടം ഈ കുറിപ്പ് വായിച്ചു നോക്കൂ - ആഹാ, സംuതി ശരിയാണല്ലോ എന്ന് നിങ്ങൾക്ക് ഉറപ്പായും തോന്നും. 

നല്ല വാർത്തയ്ക്ക് കാത്തിരിക്കാം, ഉത്സാഹവും ശ്രമങ്ങളും ഒപ്പം പ്രാർഥനയുമാണ് എല്ലാ നല്ല വാർത്തയ്ക്കു പിന്നിലെ കാരണങ്ങളും.

................................🌱

No comments:

Post a Comment