Wednesday 18 July 2018

അധ്യാപികമാർ* *നാട്ടിൽ ഇനിയും ഉണ്ടാകട്ടെ* / അസ്ലം മാവില

*അധ്യാപികമാർ*
*നാട്ടിൽ ഇനിയും ഉണ്ടാകട്ടെ*

അസ്ലം മാവില

നിങ്ങൾ എന്തിന് നിറം നോക്കണം ? എന്റെ കുറിപ്പുകൾ നിറങ്ങൾക്കതീതമാണ്.

സ്ത്രീ ഒരു റോൾ മോഡലാണ്. കുടുംബത്തിലെ കെടാവിളക്ക്. അവർ വിദ്യാസമ്പന്നയെങ്കിൽ സൗഭാഗ്യം. ഒരധ്യാപികയെങ്കിൽ നൂറുവട്ടം സൗഭാഗ്യം.

നന്മുടെ കൊച്ചു പ്രദേശത്ത് അധ്യാപികമാർ പണ്ട് മുതലേ ഉണ്ട്. മഹാകവി പട്ടളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ പഠിപ്പുര പ്രദേശത്തായിരുന്നു ഞാൻ കേട്ടിടത്തോളം ഒരു നൂറ്റാണ്ട് മുമ്പ് വനിതാ അധ്യാപികമാർ അക്ഷരം നുകർന്ന് തരാൻ കൂടുതലും മുന്നോട്ട് വന്നിരുന്നത്. പെൺകുട്ടികൾ അറബി അക്ഷരങ്ങൾ പഠിച്ചിരുന്നതും ഖുർആൻ ഓതിയിരുന്നതും ഈ സ്ത്രി രത്നങ്ങളുടെ കീഴിലായിരുന്നു.

ഞാൻ കേട്ടത് ശരിയെങ്കിൽ മർഹൂം അബ്ദുൽ ഖാദർ സാഹിബ്, മർഹും ബാവ സാഹിബ് തുടങ്ങി ഒട്ടേറെ പേരുടെ വീടുകൾ പെൺകുട്ടികൾക്ക് വിദ്യ നുകരാൻ ഒരുക്കിയ പാഠശാലകളായിരുന്നു. അവിടെയുള്ള സ്ത്രീകൾ അധ്യാപികമാരും ! അരമനയിൽ മാളിക വീട്ടിലെ ഉമ്മയായിരുന്നു ആയുർവേദ  സേവനത്താടൊപ്പം അധ്യാപിക വൃത്തിയും ചെയ്തിരുന്നതെന്ന് ഞാൻ മുമ്പെങ്ങോ  കേട്ടിട്ടുണ്ട്.

ഇടക്കാലത്ത് സ്ത്രീകൾ മൊത്തം പിന്മാറിക്കളഞ്ഞു, അധ്യാപക വൃത്തിൽ നിന്ന് മാത്രമല്ല, എല്ലാ തൊഴിലുകളിൽ നിന്നും.   തൊഴിലുറപ്പു പദ്ധതിയും സ്ത്രീ ശാക്തികരണവും കുടുംബശ്രീയും ഇയ്യിടെയല്ലേ നാം കണ്ടു തുടങ്ങിയത്. നിങ്ങൾ ഓർക്കുന്നുവോ നമ്മുടെ ഗ്രാമത്തിൽ അതിരാവിലെ ഞാറുനടാനും കറ്റകെട്ടാനും മെതിക്കാനും ആണുങ്ങളോടൊപ്പം ജോലി ഒരു അവകാശവും അഭിമാനവുമായി ഉമ്മമാരും സഹോദരിമാരും കരുതിയിരുന്ന കാലം. ഇതൊന്നും കെട്ടുകഥയല്ലല്ലോ.

നെല്ലുകുത്താൻ  അടുക്കളയിൽ ഒരു മൂലയിൽ ഉലക്കക്കുണ്ട് ഇല്ലാത്ത വീടുണ്ടായിരുന്നോ ? നീളത്തിലും കുറുതുമായ തഴമ്പിച്ച് മിനുസം വന്ന ഉലക്കകൾ ഇയിടെയല്ലേ പൊയ്മറഞ്ഞത് ? ബീഡി തെറുപ്പും കുപ്പായം തുന്നലും അടുക്കളപ്പുറത്തുള്ള നിത്യ കാഴ്ചയായിരുന്നില്ലേ ? അടക്ക ഉലിക്കാൻ മിക്ക വീടുകളിലും രണ്ടോ മൂന്നോ പലകകത്തി കാണും. കന്നില്ലാത്ത വീടുണ്ടായിരുന്നോ ? ആടും കോഴിയും മറ്റും മറ്റും... അവിടെയൊക്കെ സ്ത്രി തൊഴിൽ സംരംഭങ്ങൾക്കുള്ള സാന്നിധ്യവും സാധ്യതയുമായിരുന്നില്ലേ ? പതിയെ സഹായിക്കാൻ പത്നി സേവനം ! രണ്ട് തല കൂട്ടിമുട്ടിക്കാൻ പെണ്ണുങ്ങൾ തീരുമാനിച്ചുറപ്പിച്ച കൈതാങ്ങ്. 

കുഞ്ഞു സംഖ്യകൾ കിട്ടും. അത് അരയിൽ തൂക്കിയ പേഴ്സിൽ  സൂക്ഷിച്ചു വെക്കും.  പേരക്കുട്ടികൾക്ക് കൈ നീട്ടം നൽകാൻ മുത്തശ്ശിമാർ സ്വയം തുന്നിയുണ്ടാക്കിയ മഹല്ലിമെയ്ഡ് ഹാങ്ഗിംഗ് പേഴ്സ്. അതല്ലെങ്കിൽ ഇരുഭാഗവും അടച്ച മൺകുടത്തിൽ സൂക്ഷിക്കും.  സഞ്ചയികയുടെ മറ്റൊരു രൂപം. പഞ്ഞക്കർകിടകത്തിലോ പെരുന്നാൾ തലേന്നോ കല്യാണ ഒരുക്കത്തിനോ അത് തുറക്കാൻ മാത്രം ഭദ്രം !

ഇന്ന് എല്ലാം മാറി. അധ്യാപനത്തിന് പോലും അനന്യസാധ്യത ഉണ്ടായിട്ടു  നാട്ടിൽ എത്ര പെണ്ണുങ്ങൾ  ഇറങ്ങി? അപൂർവ്വം ! പട്ല ഗവ. സ്കൂളിൽ കാലങ്ങളായി അധ്യാപികമാരുണ്ടെങ്കിലും അതൊക്കെ നാട്ടുകാരിപ്പെണ്ണുങ്ങൾക്ക് ഹൈബും മോശവുമായിരുന്നല്ലോ.

എങ്കിലും പട്ലയിൽ  അധ്യാപക വൃത്തിയെ തരക്കേടില്ലാത്തതെന്ന് നാട്ടുകാർക്ക് പരിചയപ്പെടുത്തിയ രണ്ട് സ്ഥാപനങ്ങളെ ഓർക്കാതെ വയ്യ. ഒന്ന് ആദരണീയരായ പി. അബൂബക്കർ (എം.എ) സാഹിബും പി.എം. ഷാഫി സാഹിബും മുൻകൈ എടുത്ത് ആരംഭിച്ച ന്യൂ മോഡൽ സ്കൂൾ. മറ്റൊന്ന് പട്ല ഇസ്ലാഹി മദ്രസ്സ.

തുടക്കത്തിൽ എതിരഭിപ്രായങ്ങളും നിരർഥക കമന്റുകളും ഉണ്ടാവുക ഏത് കാലത്തും ഉള്ള നടപ്പു രീതിയാണ്. അറിവില്ലായ്മയും അപരിചിതത്വവും പുതിയതെന്ന് നമുക്ക് തോന്നുന്ന ഒന്ന്  നാട്ടിൽ വരുമ്പോഴുണ്ടാകുന്ന മനപ്രയാസവും  പെട്ടെന്ന് ഉൾക്കൊള്ളാനുള്ള തയാറെടുപ്പില്ലായ്മയും  മാത്രമാണിവയ്ക്ക് കാരണങ്ങൾ. ( വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ കംപ്യൂട്ടർ വരുന്നെന്ന് കേട്ടപ്പോൾ പരമ്പരാഗത ഫയൽ നുള്ളിപ്പെറുക്കി തൊഴിലാളികൾക്കും അവരുടെ പ്രസ്ഥാനങ്ങൾക്കും തോന്നിയ പ്രതിഷേധമില്ലേ, അത് പോലെ )

ഇന്ന് കേട്ടിടത്തോളം പട്ല ഗവ. സ്കൂളിൽ നമ്മുടെ നാട്ടുകാരികളായ അധ്യാപികമാരുണ്ട്. അംഗനവാടിയിലുണ്ട് നാട്ടുകാരികൾ. മശ്രിക്കുൽ ഉലൂമിലുണ്ട്. ദാറുൽ ഖുർആൻ സ്ഥാപനത്തിൽ സ്ത്രീ അധ്യാപിക സാന്നിധ്യമുണ്ട്. മൻബഹുൽ ഹിദായയിലും പെൺ അധ്യാപികമാർ ഉടനെ എത്തുമെന്ന് കേൾക്കുന്നു. പട്ലക്കാരിയായ ഒരു അധ്യാപികയുടെ നേതൃത്വത്തിൽ ഉളിയത്തട്ക്കയിലും കാസർകോട്ടും ട്യൂഷൻ സെന്ററുമുണ്ട്.  പട്ലയിൽ തന്നെ മീത്തൽ ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചെറിയ കുട്ടികൾക്ക് ട്യൂഷൻ ഏർപ്പാടും ഒരു അധ്യാപികയുടെ കീഴിൽ കുറച്ച് വർഷം മുമ്പ് വരെ ഉണ്ടായിരുന്നല്ലോ.

എല്ലാ അധ്യാപികമാരെയും,  തൊഴിൽ സംരംഭത്തിന് മുന്നിട്ടിറങ്ങുന്ന സ്ത്രീകളെയും ഞാൻ അഭിവാദ്യം ചെയ്യട്ടെ. മറ്റു മേഖലകൾ ഉന്നത പഠനത്തിന് തെരഞ്ഞെടുക്കുന്നതിന് പകരം ഒരധ്യാപിക ആകാനുള്ള ശ്രമത്തിന് മുൻകൈയ്യും മുൻ തൂക്കവും നൽകുക എന്ന ഒരഭിപ്രായവും എനിക്കുണ്ട്. 5000 അടുത്ത് ജനസംഖ്യ വരുന്ന നമ്മുടെ തന്നെ ലൊക്കാലിറ്റിയിൽ അധ്യാപനത്തിന് വലിയ സ്കോപ്പുണ്ട്. മദ്രസ്സകൾ, സ്കൂളുകൾ അധ്യാപികമാരെ കാത്തിരിക്കുന്നു. (നാളെ നമ്മുടെ ഗവ. സ്കൂളിൽ അധ്യാപക ഇൻറർവ്യൂ കൂടിയാണ് ) അഞ്ചെട്ട് അധ്യാപികമാരെ വെച്ച്  ചെറിയ മട്ടിൽ നാലഞ്ച് ഈവനിംഗ് ട്യൂഷൻ സെന്ററുകൾക്കുള്ള സാധ്യത നാട്ടിൽ തന്നെയുണ്ട്. DEd എന്ന പേരിൽ പഴയ TTC ഉണ്ട്. ഡിഗ്രി കഴിഞ്ഞാൽ BEd ഉണ്ട്. അതൊക്കെ ഉണ്ടെങ്കിൽ ഗവൺമെന്റ് സ്കൂളുകളിൽ ജോലി സാധ്യതയുമുണ്ട്.

ട്യൂഷൻ സെൻററുകളിൽ ചെറിയ കുട്ടികൾക്ക് പഠിപ്പിക്കാൻ BEd തന്നെ  എടുക്കണമെന്നില്ല,  ഒരു ഡിഗ്രി മതി. അഫ്ദൽ ഉലമ ഉണ്ടെങ്കിൽ മോറൽ ക്ലാസ്സുകളും നടത്താം. ഇതൊന്നും ചെയ്യാനിഷ്ടമില്ലെങ്കിൽ അവരവരുടെ മക്കൾ പഠിക്കുമ്പോൾ ഒന്നിച്ചിരുന്ന് അവർക്കൊരു താങ്ങും ഗൈഡുമാകാം.

നന്മകൾ തൊഴിലിനോട്  സ്നേഹമുള്ള എല്ലാ നാട്ടുകാരികൾക്കും, ഒപ്പം പട്ലയിലെ മുഴുവൻ അധ്യാപികമാർക്കും.

No comments:

Post a Comment