Saturday 28 July 2018

ഒരു അസ്വസ്ഥതയുടെ പോസ്റ്റും ഷെയർ ചെയ്യുന്ന നിഷ്ക്കുകളും / സലീം പട്ല

സലീം പട്ല               

ഒരു അസ്വസ്ഥതയുടെ പോസ്റ്റും ഷെയർ ചെയ്യുന്ന നിഷ്ക്കുകളും*

🍀🌹🍀🌹🍀🌹🍀🌹🍀🌹
🚥🚥🚥🚥🚥🚥🚥🚥🚥🚥
ഏതെങ്കിലും മുസ്ലിം പെൺകുട്ടി അന്യ സമുദായക്കാരന്റെ കൂടെ ഒളിച്ചോടിയാൽ

ഒരു മുസ്ലിം പെണ്ണ് തല മറക്കാതെ നടക്കുന്നത് കണ്ടാൽ

ഒരു മുസ്ലിം മന്ത്രി നിലവിളക്ക് കൊളുത്തിയ വാർത്ത കേട്ടാൽ, നെറ്റിയിൽ കുറി തൊട്ട വാർത്ത കേട്ടാൽ

ഒരാൾ ഇസ്ലാം മതം വിട്ട് വേറെ മതം സ്വീകരിച്ചാൽ

നിങ്ങളുടെ മനസ്സ് അസ്വസ്ഥമാവുന്നുണ്ടെങ്കിൽ ആ *അസ്വസ്ഥത* അനാവശ്യമാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. കാരണം അത് നിങ്ങളുടെ പരലോക മോക്ഷത്തെ ബാധിക്കുന്ന കാര്യമല്ല.

*പകരം* :-

താങ്കളുടെ സമ്പത്തിൽ കച്ചവടത്തിൽ / ഇടപാടുകളിൽ പറ്റിക്കലിന്റെ /കളവിന്റെ/ വഞ്ചനയുടെ / അഴിമതിയുടെ അംശം അടങ്ങിയിട്ടുണ്ടോ എന്നോർത്ത്,

വാഗ്ദത്ത ലംഘനം, പരിഹാസം, ധൂർത്ത്, അയൽവാസികളെ ബുദ്ധിമുട്ടിക്കൽ, ദാനം നൽകാതിരിക്കൽ, കൈക്കൂലി, മറ്റുള്ളവരെ വേദനിപ്പിക്കൽ, തുടങ്ങിയ ദു:സ്വഭാവങ്ങൾ തന്നിലുണ്ടോ എന്നോർത്ത്, അസ്വസ്ഥനാക്കുക.

ആദ്യം പറഞ്ഞ അസ്വസ്ഥതകൾ നിങ്ങളുടെയുള്ളിൽ തീവ്രവാദമുണ്ടാക്കും. അവസാനം പറഞ്ഞ അസ്വസ്ഥതകൾ നിങ്ങളുടെയുള്ളിൽ ഇസ്ലാം  ഉണ്ടാക്കും_
................
സോഷ്യൽ മീഡിയയിൽ മാസങ്ങളായി എല്ലാവരും ഷെയർ ചെയ്യുന്ന ഒരു പോസ്റ്റിന്റെ ചുരുക്കമാണ് മുകളിൽ .
ഒരു വർഷം മുമ്പേ ഈ പോസ്റ്റ് കാണാൻ തുടങ്ങിയിട്ടുണ്ട്.
ഇപ്പോൾ എഡിറ്റ് ചെയ്ത് കുട്ടി ചേർത്ത് പരിഷ്കരിച്ചിട്ടുണ്ട്.

നിസ്വാർത്ഥനും  ഗുണകാംക്ഷിയും തന്റെ സഹോദരന്റെ നന്മ ആഗ്രഹിക്കുന്നവനുമായ
ഒരു പ്രബോധകന് ഈ പോസ്റ്റിലെ ഒന്നാം ഭാഗത്തിലെ ചില പരാമർശങ്ങളോട് ഒരു നിലക്കും യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

*പരലോക മോക്ഷത്തെ ബാധിക്കുന്ന കാര്യം തന്നെ*

ഒരു വ്യക്തിയുടെ പരലോക മോക്ഷത്തിന് തന്റെയോ തന്റെ കുടുംബത്തിന്റെയോ ജീവിതം മാത്രം സംസ്‌കരിച്ചാല്‍ മതിയാവുകയില്ല. തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ജീവിതവും സംസ്‌കരിക്കാനുള്ള ബാധ്യത അവനുണ്ട്. ഒരു മുസ്‌ലിം സ്വയം ഭക്തനും (മുത്തഖി) നന്മയില്‍ മുന്നേറുന്നവനും (സ്വാലിഹ്) ആയാല്‍ മാത്രം പോരാ, വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ സംസ്‌കരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന റോള്‍ (മുസ്വ്‌ലിഹ്) കൂടി അവന്‍ നിർബന്ധമായുംഏറ്റെടുക്കണം.

വിശുദ്ധ ഖുർആൻ പറയുന്നു.

"നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍."
(വിശുദ്ധ ഖുർആൻ 3: 104)

*അടിച്ചേൽപ്പിക്കലോ നിർബന്ധം ചെലുത്തലോ പാടില്ല.*

ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കലും അവര്‍ക്ക് ദൈവിക സന്ദേശം എത്തിക്കലുമാണ് പ്രബോധകന്റെ ബാധ്യതയെന്നും പ്രബോധിതരുടെ മേല്‍ ഒരു നിലക്കും ഈ സന്ദേശം അടിച്ചേല്‍പ്പിക്കലോ ബലപ്രയോഗത്തിന്റെ രീതി സ്വീകരിക്കലോ പാടില്ലെന്നും ഇതിനോടൊപ്പം കൂട്ടിച്ചേർക്കണം.
കാരണം പ്രബോധകന്‍ പ്രബോധകന്‍ മാത്രമാണ്. സന്മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നവൻ മാത്രം .വഴി നടത്തുന്നവന്‍ (ഹാദി) എന്ന വിശേഷണം അല്ലാഹുവിനുള്ളതാണ്. '

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

എന്ന് വിശുദ്ധ ഖുര്‍ആന്‍ (88:21,22) നബി(സ)യെ ഓര്‍മിപ്പിക്കുന്നുണ്ട്  ബലപ്രയോഗം പാടില്ലെന്ന് മറ്റൊരു സൂക്തത്തിലും പറയുന്നുണ്ടല്ലോ (2: 256). പ്രബോധനം ചെയ്യപ്പെടുന്ന ആശയം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പ്രബോധിതര്‍ക്കുണ്ട് (76:3). താനുദ്ദേശിച്ചവരെ സന്മാര്‍ഗത്തിലാക്കാന്‍ ദൈവദൂതന്‍ വിചാരിച്ചാലും സാധ്യമല്ലെന്നും ഖുർആനിലുണ്ട്
'(28:56)

പ്രബോധനം  നിർവഹിക്കുമ്പോൾ ഏറ്റവും നല്ല രീതി സ്വീകരിക്കണമെന്നും വിശുദ്ധ ഖുർആൻ ഉണർത്തുന്നു.

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.(16: 125)

അവസാനമായി പറയാനുള്ളത് ഇതാണ്.
തന്റെ ഒരു മുസ്ലിം സഹോദരി തട്ടമിടാതെ നടക്കുമ്പോൾ ഒരു വിശ്വസിക്ക് അസ്വസ്ഥതയുണ്ടാകുന്നത് ഇസ്ലാമിക വസ്ത്രം ധരിക്കാതെ.!- അവൾ മരണപ്പെട്ടാൽ പരലോകത്ത് അവൾക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള
ബോധ്യത്തിൽ നിന്നാണ്.

മുസ്ലിംകളിൽപ്പെട്ടവർ വെള്ളിയാഴ്ച പള്ളിയിൽ പോവാതിരിക്കുന്നതും റമളാനിൽ  നോമ്പനുഷ്ഠിക്കാതെ ഭക്ഷണം കഴിക്കുന്നതും കണ്ടാൽ അതിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്താൻ തയ്യാറാവുന്നത് നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നത് ഇസ്ലാമിൽ നരക ശിക്ഷ ലഭിക്കാവുന്ന പാപങ്ങളാണ് എന്നത് കൊണ്ടാണ്.

ഒരു മുസ്ലിം മന്ത്രി നിലവിളക്ക് കൊളുത്തിയ വാർത്ത കേട്ടാലോ നെറ്റിയിൽ കുറി തൊട്ട വാർത്ത കേട്ടാലോ ഇസ്ലാമിലുള്ള അവരുടെ അജ്ഞതയോർത്ത് സഹതപിക്കുകയും.ഇത്തരം അന്യമത ആചാരങ്ങൾ മുസ്ലിംകൾക്ക് ഭൂഷണമല്ലെന്ന് ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിക്കുകയും ചെയ്യും.
അമുസ്ലിം സഹോദരങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ ഏറ്റവും രീതിയിൽ തന്നെയായിരിക്കും  ബോധ്യപ്പെടുത്തലുകൾ.

ഏതെങ്കിലും മുസ്ലിം പെൺകുട്ടി അന്യ സമുദായക്കാരന്റെ കൂടെ ഒളിച്ചോടിയാലും ഒരു മുസ്ലിം ഇസ്ലാം വിട്ട് അന്യം മതം സ്വീകരിച്ചാലും സഹജീവിയുടെ നന്മ ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് അസ്വസ്തയുണ്ടാവുക സ്വാഭാവികമാണ്.
അത് തീവ്രവാദത്തിലെത്തുന്ന അസ്വസ്തതയല്ല പരലോകത്ത് അവരുടെ അവസ്ഥ ഓർത്തുള്ള
ഒരു പ്രബോധകന്റെ മനോവ്യഥയാണ്.

കാരണം വിശുദ്ധ ഖുർആൻ പറയുന്നു.

*ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.*

ഇസ്ലാമിനെ കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമോ പരലോകശിക്ഷയെക്കുറിച്ചുളള അജ്ഞതയോ ആയിരിക്കാം അവർ അത്തരം അപകടങ്ങളിൽ ചെന്ന് ചാടാൻ കാരണമെന്ന് ബോധ്യമുള്ളതിനാൽ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും സത്യമത്തിന്റെ അജയ്യത വ്യക്തമാക്കി കൊടുക്കാനും ഇസ്ലാം ഉപേക്ഷിച്ചവന് പരലോകത്ത് ലഭിക്കുന്ന നരകശിക്ഷയുടെ ഗൗരവം ബോധ്യപ്പെടുത്താനുമുള്ള പരമാവധി പരിശ്രമങ്ങളിൽ വ്യാപൃതനാകുവാനുമാണ് സത്യവിശ്വാസി ശ്രമിക്കുക

ഇനി അവർ അതിൽ അറിഞ്ഞ് കൊണ്ട് ശഠിച്ച് നിൽക്കുകയാണെങ്കിൽ അവരെ ബലം പ്രയോഗിച്ച് തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കുകയോ അവരെ ഇല്ലാതാക്കാൻ കൊട്ടേഷൻസംഘത്തിന് കരാർ നൽകുകയോ അല്ല വിശ്വാസി ചെയ്യുക മറിച്ച്
അവരെ അവരുടെ വഴിക്ക് വിടുകയും
അവർക്ക് നേർമാർഗം നൽകാനും മന:സാന്തരം നൽകാനും കഴിവുള്ള പ്രപഞ്ചനാഥനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയായിരിക്കും ഉണ്ടാവുക. മതത്തിൽ നിർബന്ധം ചെലുത്തലില്ല എന്ന വിശുദ്ധസൂക്തം തന്നെയാണ് വിശ്വാസികൾക്ക് ഇതിന്നും പ്രേരകം.

ഇനി തന്റെ ഒരു സഹോദരൻ തീവ്രവാദ ഭികരവാദ പ്രസ്ഥാനങ്ങളിലേക്ക് ചായുന്നത് കണ്ടാൽ,,ദൈവനിഷേധ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത് കണ്ടാൽ, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളിലുടെയും പ്രചാരകനാകുന്നത് കണ്ടാൽ,
മദ്യം, മയക്ക്മരുന്ന്, ഗുണ്ടായിസം, അനാശാസ്യം,സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ, ദേശദ്രോഹ പ്രവർത്തനങ്ങൾ, ബലാൽസംഗം, ശിശു പീഡനം, തട്ടികൊണ്ട് പോകൽ, വർഗീയത സ്വവർഗരതി .... ഇങ്ങനെ തിന്മകളുമായി സഹകരിക്കുന്നത് കണ്ടാൽ, അസ്വസ്തനാവാതിരിക്കാനും പ്രതികരിക്കാതിരിക്കാനും മനുഷ്യത്തമുള്ള ആർക്കാണ് കഴിയുക..?
മുഹമ്മദ് നബി (സ) പറഞ്ഞു: ഒരു തിന്മ കണ്ടാൽ കൈ കൊണ്ട് തടയുക, അതിന് കഴിഞ്ഞില്ലെങ്കിൽ നാവു കൊണ്ട്,
അതിന് കഴിഞ്ഞില്ലെങ്കിൽ മനസ്സുകൊണ്ടെങ്കിലും .
അതായത് ഒരു തിന്മയെ മനസ്സുകൊണ്ടെങ്കിലും വെറുത്തില്ലെങ്കിൽ അയാൾ വിശ്വാസിയല്ലന്നർത്ഥം.

തന്റെ സഹോദരൻ നിത്യ നരകത്തിലേക്ക് നടന്നടുക്കുമ്പോൾ അസ്വസ്തമാകുന്ന മനസ്സിനെ നിങ്ങൾക്ക് തീവ്രവാദമായി തോന്നുന്നുവെങ്കിൽ ഇസ്ലാമോഫോബിയ നിങ്ങളെയും ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം..

*സലീം പട്ല*

No comments:

Post a Comment