Friday 27 July 2018

ന്യൂനപക്ഷത്തിന്റെ ധൈര്യമായിരുന്നു ചെർക്കളം / അസ്ലം മാവിലെ .

http://www.kasargodvartha.com/2018/07/article-about-about-cherkalam-abdulla.html?m=1
ന്യൂനപക്ഷത്തിന്റെ
ധൈര്യമായിരുന്നു ചെർക്കളം 
............................:..

അസ്ലം മാവിലെ
...........................:...:

 എന്നെ സംബന്ധിച്ചിടത്തോളം പരിചയപ്പെടാൻ  അവസരം ലഭിക്കാത്ത നേതാവാണ് ചെർക്കളം. പക്ഷെ,  ഞാനേറ്റവും കൂടുതൽ കേട്ടറിഞ്ഞ ജനനേതാക്കളിൽ ഒരാളാണ് ചെർക്കളം.

കാസർകോട് ജില്ലയിലെ മുസ്ലിം ലീഗിന്റെ അമരക്കാരനെന്ന ഭംഗിവാക്ക് കൊണ്ട് മാത്രമല്ല, ആ ഒരു പ്രസ്ഥാനത്തിന് ജില്ലയിൽ തെറ്റില്ലാത്ത മേൽ വിലാസമുണ്ടാക്കാൻ അഹോരാത്രം അക്ഷരാർഥത്തിൽ പ്രയത്നിച്ച വ്യക്തിത്വം കൂടിയായിരുന്നു ചെർക്കളം അബ്ദുല്ല.

അണികളോടൊപ്പം അദ്ദേഹവും അണികൾ അദ്ദേഹത്തോടൊപ്പവും നിന്നുവെന്നാണ് വലിയ പ്രത്യേകതയായി ഞാൻ കാണുന്നത്. താഴേക്കിടയിലുള്ളവരുടെ കൂടി വിശ്വാസ്യത നേടിയെടുക്കുക എന്നത് ഒരു ലീഡറെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലല്ലോ. അത് കൊണ്ട് തന്നെ ചെർക്കളം ശരിക്കും "ലീഡറാ"യിരുന്നു.

കാസർകോട് ജില്ല പൊതുവെ പല സങ്കീർണ്ണതകളും കൊണ്ട് കെട്ടിമുറുക്കപ്പെട്ട പ്രദേശമാണല്ലോ. അനങ്ങിയാൽ എന്തെങ്കിലും ഒരു നിറം കൊണ്ട് ചാപ്പ കുത്തും. മറുപടി പറയാൻ മാത്രമല്ല, അതിൽ പക്വത കാണിക്കുവാനും നേതാക്കൾക്ക് സാധിച്ചാലേ   രംഗം ശാന്തമാക്കുവാനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ അതിജീവിക്കുവാനും സാധിക്കുകയുള്ളൂ.

ശരിക്കും ചെർക്കളം ജില്ലയിലെ ന്യൂനപക്ഷങ്ങൾക്ക് ധൈര്യമുള്ള വാക്കായിരുന്നു. ആജ്ഞാ ശക്തിയായിരുന്നു അദ്ദേഹത്തിന്റെ കൈ മുതലുകളിലൊന്ന്. ന്യൂനപക്ഷങ്ങളോടൊപ്പം നിൽക്കാനും അവരുടെ കൂടെ നടക്കുവാനും "കൂടെയുണ്ട്, കൈവിടില്ലെന്ന്" ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിനായിട്ടുണ്ട്.

വളരെ ചെറിയ ചുറ്റുപാടിൽ നിന്നുള്ള തുടക്കം. എന്നെക്കാളും 20 വയസ് പ്രായമുള്ള പൈക്ക കുഞ്ഞാമുച്ച ചെർക്കളചരിത്രം എന്നോട് പറയാറുണ്ട്. അഞ്ച് വർഷം ആ മനുഷ്യന്റെ കൂടെ ദിവസവും UAE യുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ജോലിയാവശ്യാർഥം സഞ്ചരിക്കുമ്പോൾ, ഒരു ദിവസവും ചെർക്കളത്തെ കുറിച്ച് പറയാനദ്ദേഹം വിട്ടു പോകാറില്ല. അങ്ങനെ ആ നേതാവിനെ കുറിച്ച് പറയാൻ എത്ര എത്ര പേർ ! "പാതീന്ന് ബ്ട്രേല " കുഞ്ഞാമുച്ചയുടെ വാക്കുകൾ കാതിൽ അലയടിക്കുന്നു. "പകുതിക്കുപേക്ഷിക്കില്ല" എന്ന തോന്നൽ അണികളിലും അനുഭാവികളിലും എതിരാളികളിലും ഒരേ പോലെ സൃഷ്ടിച്ചെടുക്കാൻ ഒരു നേതാവിനായാൽ അതിലപ്പുറം ഒരു സുകൃതവും അംഗീകാരവും മറ്റൊന്നുണ്ടോ?.

മുസ്ലിം വിഭാഗത്തിൽ തന്നെ വിവിധ ആശയ - പ്രവർത്തന ധാരകൾ വളരെ സജിവമായ കാസർകോട്ട്,  അത്തരം വഴിയിടങ്ങളിൽ തന്റെ കഴിവിന്റെ പരമാമധി പക്വതയും പാകതയും സൂക്ഷമതയും അദ്ദേഹം കാണിച്ചിട്ടുണ്ട്. ഇവിടെയൊക്കെയാണല്ലോ വിവാദങ്ങൾ കാണാനും ഒച്ചിനെ ഒട്ടകമാക്കി പർവ്വതീകരിക്കാനും പലർക്കും താൽപര്യമുണ്ടാവുക.

രണ്ട് പേർ നിയമസഭയിൽ പോയി. ഒരേ ജില്ലയിൽ നിന്ന്. UDF നേതൃത്വത്തിന് രണ്ട് പേരെയും മന്ത്രിമാരാക്കണം. ആ അഞ്ചു വർഷ ഭരണത്തിൽ,  ഊഴം വച്ചാണ് ചെർക്കളത്തെ തഴയരുതെന്ന നിർബന്ധബുദ്ധി കൊണ്ട് മന്ത്രി സ്ഥാനം നൽകി സംസ്ഥാന നേതൃത്യം അദ്ദേഹത്തെ ആദരിച്ചത്. യൂനിറ്റ് തലം തൊട്ട് പാർട്ടിയെയും മുന്നണിയെയും കെട്ടിപ്പടുത്ത ഒരു ജന നേതാവിനുള്ള ഷാളണിയിക്കൽ കൂടിയായിരുന്നുവത്.

ദിവസങ്ങൾക്ക് മുമ്പ് കരീം കുണിയ FB യിൽ കുറിച്ചിട്ടു - ചെർക്കളം, താങ്കളോടൊപ്പം നടക്കാൻ ഞാനുണ്ടാകില്ല, താങ്കളുടെ പിന്നിൽ നടക്കാനാണ് എനിക്കിഷ്ടം. അങ്ങനെയൊന്നു പറയിപ്പിക്കുക എന്നിടത്താണ് ചെർക്കളം തന്നെ വിശ്വസിച്ചേൽപ്പിച്ച ഒരു പാർട്ടിയിൽ  നേടിയെടുത്ത പേരും പെരിമയും.

ജില്ലാ കളക്ടറായിരുന്ന രാജ്യനാരായണസ്വാമിയും ചെർക്കളവും ഒരു കൊമ്പ് കോർക്കൽ നടന്നിട്ടുണ്ട്. അന്ന് ഒരു ദേശീയ പത്രത്തിലെ "വാചകമേള"യിൽ ചെർക്കളത്തിന്റെ വളരെ രസകരമായ ഒരു ക്വാട്ടിംഗ് പ്രത്യക്ഷപ്പെട്ടത് വായനക്കാർ മറന്നിരിക്കാൻ വഴിയില്ല. ഗൗരവ മുഖമുള്ള /ചെർക്കളത്തിൽ നിന്നു കേട്ട അപൂർവ്വം തമാശകളിലൊന്ന്.

ചെർക്കളത്തിന്റെ പരലോക വിജയത്തിന് വേണ്ടി പ്രാർഥിക്കാം.

..............................🌱

No comments:

Post a Comment