Wednesday 18 July 2018

*പ്രവാസ ഓർമ്മകളിൽ* *മമ്മുക്കുച്ച എനിക്ക്* *ഏറ്റവും പ്രിയപ്പെട്ടവനാണ്* ./...... *അസ്ലം മാവിലെ*

*പ്രവാസ ഓർമ്മകളിൽ*
*മമ്മുക്കുച്ച എനിക്ക്*
*ഏറ്റവും പ്രിയപ്പെട്ടവനാണ്*

....................................

*അസ്ലം മാവിലെ*
....................................

ഇന്നലെ കുറച്ച് എഴുതിയതാണ്. Cut & Paste ചതിച്ചു. ഓർമ്മയില്ലാതെ പിന്നൊരു ടെക്സ്റ്റ് Cut ചെയ്തു.  അതോടെ ആ കുറിപ്പ് സ്വാഹ !

തൊണ്ണൂറുകൾ എനിക്ക് കത്തെഴുത്തിന്റെ പുഷ്കല കാലമായിരുന്നു . നല്ലപാതിയുടെ കത്ത്, ഉപ്പയുടെ, കൂട്ടുകാരുടെ ചിലരുടെ കത്തുകൾ.

അന്ന് ഞാൻ ദുബായിലുണ്ട്. ദേരയിലെ സബ്ക ബസ്റ്റാന്റിന്റെ ഇടത് വശം മുന്നോട്ട് നടന്ന് അപ്സര ടെക്സ്റ്റൈൽസിന്റെ വലത്തെ ഇടവഴിയിൽ കൂടി ഊളിയിട്ട് നടന്നാൽ ഷഫീഖ് റസ്റ്ററന്റായി. സാപ് എനിക്ക് കാണിച്ച് കാണിച്ച തന്ന കത്തിടപാട് ശേഖരണ കേന്ദ്രം അന്നു മുതൽ ആ സ്ഥാപനമാണ്. സാപ് എനിക്ക് ഒരാളെ പരിചയപ്പെടുത്തി. മറ്റൊരാളുമായി ഞാൻ സ്വയം പരിചയം പുതിക്കി.

പരിചയപ്പെട്ടത് ഷഫീഖ് റസ്റ്ററന്റിലുള്ള മായിപ്പാടി മമ്മസ്ച്ച. പരിചയം പുതുക്കിയത് കരോഡി മമ്മുക്കുച്ച. (കുറെ മാസം കഴിഞ്ഞ് അവിടെ പട്ലയിലെ സിദ്ച്ചയും സ്റ്റാഫായി ചേർന്നു.)

സുഖാന്വേഷണത്തിനൊടുവിൽ മമ്മുക്കുച്ച  ഗല്ലയിൽ നിന്ന് പേനയെടുത്ത് എന്നോട് എഴുതാൻ പറഞ്ഞു - PB No : 1492..  "കത്തെല്ലൊ ഇനി ഈട്ത്തെ അഡ്രസ് വെച്ച് എയ്ദിയെങ്ക് മതി." മമ്മുക്കുച്ചയുമായുള്ള സ്നേഹ ബന്ധം അന്നുമുതലുണ്ട്.

രണ്ട് ദിവസത്തിലൊരിക്കൽ ഞാൻ  അവിടെ എത്തും. ഷായൻ ജ്വല്ലറിയിൽ നിന്നും പണി കഴിഞ്ഞ് ഗോൾഡ് സൂഖിൽ കൂടി നടന്ന് അജ്മൽ പെർഫ്യൂമിന്റെ പിന്നാലെ സിഗ്സാഗ് ആക്ഷനിൽ നടന്നാൽ ഷഫീഖിലേക്ക് എനിക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് എളുപ്പത്തിൽ വന്നെത്താം. ഒരു മനുഷ്യന് കഷ്ടിച്ച് നടക്കാൻ പറ്റാവുന്ന ഗല്ലി പ്രളയമായത് കൊണ്ട് ചിലപ്പോൾ ഞാൻ വഴി തെറ്റി അപ്സര കടയുടെ പുറത്ത് ചാടും. എന്നിട്ടു ഒന്നുമറിയാത്തത് പോലെ അവിടെന്ന് തിരിച്ച് ഷഫീഖിലേക്ക് നടക്കും. പലവട്ടം ഈ അബദ്ധം പിണഞ്ഞിട്ടുണ്ട്.

ഷഫീഖ് റസ്റ്ററന്ററിന്റെ പുറത്തെ മതിലിൽ ഒരു പോസ്റ്റ് ബോക്‌സ് എപ്പോഴും വയറ് നിറച്ച് ചരിഞ്ഞ് തൂങ്ങുന്നുണ്ടാകും. ആ ഏരിയയിലുള്ള സകല പ്രവാസികളുടെയും എഴുത്ത് കുത്തുകൾ വരുന്നത് അവിടെയാണ്. ബംഗാളി മുതൽ ലങ്കക്കാരൻ വരെ ആ പെട്ടിക്കടുത്തെത്തി ഒന്ന് തപ്പി നോക്കി പോകും. 

ഞാൻ ആദ്യത്തെ കത്തെഴുതി, മൂന്നാം നാൾ മുതൽ ബോക്‌സിന് മുന്നിൽ ഹാജരാകാൻ തുടങ്ങി. മമ്മുക്കുച്ച പറഞ്ഞു - ഇവിടന്ന് കത്ത് പോകാൻ 5 ദിവസം,  അവർ  അന്ന് തന്നെ മറുപടി എഴുതിയി പോസ്റ്റ്  ചെയ്തിട്ടുണ്ടെങ്കിൽ ഇവിടെ എത്താൻ 4 ദിവസം പിടിക്കും - അങ്ങനെ 9 ദിവസം.

ഒമ്പതാം ദിവസം ഞാൻ അവിടെ എത്തി. പോസ്റ്റ് ബ്ലോക്സിൽ ഓരോ കത്തും പരിശോധിച്ചു കൊണ്ടിരിക്കെ മമ്മുക്കുച്ച അകത്ത് നിന്ന് എന്നെ നീട്ടി വിളിച്ചു -  അസ്ലം, നാട്ടിന്ന് ഉപ്പാന്റെ കത്ത് വന്നിട്ടുണ്ട്. ഇനി മുതൽ ബോക്സ് തപ്പണ്ട, ഞങ്ങൾ ഇവിടെ എടുത്ത് വെച്ചോളാം.

എന്റെ കത്തെഴുത്ത് നിലയ്ക്കുവോളം മമ്മുക്കുച്ചയാണ്   നാട്ടിൽ നിന്ന്  എനിക്ക് വരുന്ന എഴുത്തുകൾ ഒരു അമാനത്ത് പോലെ  ജേഷ്ഠസഹോദരനെന്ന നിലയിൽ എടുത്ത് സൂക്ഷിച്ച് വെച്ച് എനിക്ക് തരാറുള്ളത്. എനിക്ക് കത്ത് കിട്ടുന്നതിലും കൂടുതൽ സന്തോഷം അദ്ദേഹത്തിന്റെ മുഖത്താണു കാണുക. 

കത്തെത്താൻ സമയം ഒന്ന് രണ്ടീസം  തെറ്റിയാൽ അദ്ദേഹം തന്നെ എന്നോട് പരിഭവപ്പെടും - അതെന്താ നിന്റെ കത്ത് വരാത്തത് ! സമയമായല്ലോ !

പരസ്പര കൊണ്ട് കൊടുക്കലിന്റെയും സ്നേഹകൈമാറ്റങ്ങളുടെയും നിറകുടമായ ഒരു  മനുഷ്യൻ. മറ്റൊരാളുടെ വിശേഷം എത്താൻ വൈകിയാൽ സ്വയം മനസ്സ് നൊമ്പരപ്പെടുന്ന അലിവുള്ള മനുഷ്യൻ.

അങ്ങിനെയും ഒരു കാലം പൊയ്പ്പോയ ഗൾഫ് പ്രവാസ കാലത്ത് കടന്ന് പോയിട്ടുണ്ട്. മമ്മുക്കുച്ച ഞങ്ങളുടെ മനസ്സിലെ ഒളിമങ്ങാത്ത മുത്തു മണികളായി അവശേഷിക്കുന്നത് അത് കൊണ്ടൊക്കെ തന്നെയാണ്.

ആ ജേഷ്ഠ സുഹൃത്തിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യത്തിനായി ഈ വേളയിൽ പ്രാർഥിക്കുന്നു.

കത്തെഴുത്ത് പോലെ ഈ കുറിപ്പ് ഞാൻ ചുരുക്കുന്നു.

പ്രിയപ്പെട്ട മമ്മുക്കുച്ച,

അസ്സലാമു അലൈക്കും.

സുഖമെന്ന് കരുതുന്നു,
അതിന്നായി പ്രാർഥിക്കുന്നു.

ഞാൻ ഇപ്പോഴും പ്രവാസിയാണ്. ബാംഗ്ലൂരിലാണ്. ഇവിടെ നല്ല കാലാവസ്ഥ. മഴ വന്നും പോയ്ക്കൊണ്ടുമിരിക്കും. രസാണ് അതൊക്കെ കാണാൻ.

നിങ്ങളുടെ കുട ചൂടിയ ഫോട്ടോ RT യിൽ കണ്ടു. വളരെ സന്തോഷായി. RT യിൽ നമ്മുടെ സുഹൃദ് ബന്ധം എഴുതാൻ ആ ഫോട്ടോ ഒരു നിമിത്തമായി.

എഴുത്ത് ചുരുക്കട്ടെ, ഈ കത്ത് നിങ്ങൾക്ക് തീർച്ചയായും എത്തും. (വൈറലുമായേക്കാം). മോൻ അറഫാത്ത് RTയിലുണ്ട്. മൂപ്പര്  ഒരു പക്ഷെ നിങ്ങൾക്ക് ഈ കത്തെത്തിക്കുമായിരിക്കും.

വീട്ടിൽ എല്ലാവർക്കും സുഖാന്വേഷണം പറയുമല്ലോ. പ്രാർഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുമല്ലോ.

സ്നേഹപൂർവ്വം

അക്കച്ചാന്റെ അസ്ലം
ബാംഗ്ലൂർ
08 - 07 - 2018

............................🌱

അനുബന്ധ കുറിപ്പ്

[7/8, 2:18 PM]
Aramana Sr:

ആദ്യകാല പ്രവാസി ആയിരുന്ന മമ്മുകുച്ചയെ  കുറിച്ച് എഴുതിയ കുറിപ്പ് വായിക്കുമ്പോൾ രണ്ട് പതിറ്റാണ്ട് മുമ്പത്തെ  ദുബായ് ഓർമവന്നു.
       ആ കാലഘട്ടത്തിൽ ദുബായിൽ  എത്തുന്ന ഏതൊരു പടലക്കാരനും  മമ്മുക്കച്ചന്റെ  അടുത്ത്  എത്തും.. ദീർഘകാലം  ഒരേ  സ്ഥലത്തു  ജോലി  ചെയ്തിരുന്ന ഒരാളാണ് മമ്മുക്കുച്ച.. അങ്ങനെ  അങ്ങനെ  ഒരുപാട്  വിശേഷങ്ങൾ  അനുഭവങ്ങൾ പറയാനുണ്ട്.. അദ്ദേഹത്തിന്റെ  സുഖത്തിനായി  പ്രാർത്ഥിക്കുന്നു.....

[7/8, 3:46 PM]

Mahmood Patla: ___

ഒബില്ലാഹി തൗഫീക്ക് ,
എനിക്കെത്രയ്ക്കും സ്നേഹംനിറഞ്ഞ rt യിലുള്ള എന്റെ പ്രിയപ്പെട്ടവർ വായിച്ചറിയുവാൻ ഇങ്ങു അബുധാബിയിൽ നിന്നും നിങ്ങളിൽ ഒരാൾ  എഴുതുന്നത് ,

എന്തന്നാൽ അക്കച്ചാന്റെ അസ്ലംച്ച മമ്മുകുച്ചയെ കുറിചുള്ള പഴയകാല പ്രവാസ ജീവിതത്തിൽ ചിലത്  കത്തിലൂടെ പറഞ്ഞപ്പോൾ
പ്രവാസ ജീവിതത്തിന്റെ  തുടക്കം ആശ്വാസവാക്കുകളും നാട്ടിലെ വിശേഷങ്ങളും കത്തുകൾ കൊണ്ട് പകർന്ന് തന്നിരുന്ന ആ നല്ല ഓർമ്മകൾ ഒരുപാട് സമ്മാനിക്കുന്നുണ്ട്...

മഷിപുരണ്ട കത്തുകൾ ഇന്നെഴുതാറില്ലെങ്കിലും പഴയതിൽ ചിലത് ഇന്നും ഞാൻ സൂക്ഷിക്കുന്നുമുണ്ട്...

നല്ല കത്തിന്റെ ഓർമ്മക്ക്
അക്കചാന്റെ അസ്ലംച്ചാക്ക്‌...👍🏻🌷

___
[7/8, 4:54 PM] Sap:

*PB# 1492*

സ്വപ്നങ്ങൾ പണിത് തന്ന പ്രതീക്ഷകളും ഓർമ്മകളും പ്രണയങ്ങളും നിറയെ വാരിക്കോരിത്തന്ന ആ കത്ത് പെട്ടി ഇയ്യടുത്തകാലം വരെ അവിടെ കണ്ടതായി ഓർക്കുന്നു.

സങ്കടങ്ങളുടെ നഷ്ടങ്ങളുടെ മോഹഭംഗങ്ങളുടെ ഭാണ്ഡവും പേറി ദൂരെ എവിടെയെങ്കിലും പോയ് മറഞ്ഞു കാണണം!

ഇന്നതവിടെയില്ല!

"ജിവിച്ചതല്ല ജീവിതം എന്നും പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി നാം ഓർമ്മയിൽ സൂക്ഷിക്കുന്നതാണ് ജീവിതം" എന്നാരോ പറഞ്ഞിട്ടുണ്ട്.

അങ്ങിനെയുള്ള പിരിശം നിറഞ്ഞ ഒരുപാട് ഓർമകളിലെ സ്നേഹ സാനിധ്യമാണ് മമ്മുക്കുച്ച.

പ്രാർത്ഥനകൾ നേരുന്നു.
ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.


No comments:

Post a Comment