Wednesday 18 July 2018

ഒച്ച ചർച്ച / അസിസ് ടി. വി.

ഒരാൾ പ്രാർത്ഥിക്കുമ്പോൾ അയാളുടെ സമീപത്തിരുന്നു കൊണ്ട് ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട്.  എങ്കിൽ മണിക്കൂറുകളോളം ഏതാനും കിലോമീറ്റർ ചുറ്റളവിൽ ശബ്ദ മലിനീകരണം നടത്തി മറ്റുള്ളവരുടെ പ്രാർത്ഥനകളും സ്വകാര്യ ജീവിതവും പഠനവും തടസ്സപെടുത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. കൂടുതൽ ശബ്ദത്തിലും വളരെ പതിഞ്ഞ ശബ്ദത്തിലുമല്ലാതെ  മിതമായ ശബ്ദത്തിൽ പ്രാർത്ഥിക്കാൻ ആണ്  ലൗഡ് സ്പീക്കർ പോലുമില്ലാത്ത കാലത്തെ മത ശാസന.  എങ്കിൽ ഇന്നത്തെ കാലത്ത് അതിന്റെ ശാസന എവിടെ ആയിരിക്കണം എന്ന് ചിന്തിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

മണിക്കൂറുകൾ ശബ്ദ മുഖരിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഇക്കാലത്ത് അതിന്റെ ചുറ്റുപാടും താമസിക്കുന്ന ആളുകളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. അവിടെ ഉറങ്ങാൻ കഷ്ടപ്പെടുന്ന ഒരു രോഗി ഉണ്ടാവാം,  ക്ഷീണിച്ചു അവശനായ ഒരു തൊഴിലാളി ഉണ്ടാവാം,  പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടിയുണ്ടാവാം,  ഉമ്മ താലോലിച്ചു തളർന്ന ഒരു കുട്ടിയുണ്ടാവാം.  അവരെ കൂടി ഉൾക്കൊണ്ടു കൊണ്ടല്ലാതെ ശബ്ദം ഉയർത്താൻ കഴിയില്ല. 

അഞ്ചു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വാങ്ക് അല്ല മണിക്കൂറുകൾ നീളുന്ന ലൗഡ് സ്പീക്കർ ഘോഷണമാണ് പോസ്റ്റിന്റെ ഊന്നൽ   എങ്കിലും
അയലത്തെ പള്ളിയിൽ നിന്ന് വാങ്ക് കേട്ടാലും ഞമ്മന്റെ പള്ളിയിൽ നിന്ന് തന്നെ കേൾക്കാതിരുന്നാൽ വല്ലാത്ത അലോസരം ഉണ്ടാവുന്നുണ്ട് എങ്കിൽ അതിന് പിന്നിൽ ദീനല്ല,  ദുനിയാവാണ് എന്ന് പറയാതെ വയ്യ.

മറ്റുള്ളവരുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഇത് പോലെ തന്നെ ആണല്ലോ എന്ന ന്യായം പറയുന്നതിൽ അർത്ഥമില്ല.  അനുകരിക്കാനല്ല,  വഴി നടത്താനാണ് ഇസ്‌ലാം പറയുന്നത്.

അസീസ് ടി. വി.

No comments:

Post a Comment