Thursday, 2 August 2018

സേഠ് സാഹിബ് : ഒരു നൂറ്റാണ്ടിന്റെ ഇതിഹാസം / T H M PATLA

*ഒരു നൂറ്റാണ്ടിന്റെ ഇതിഹാസം*

      T H M    Patla

            ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അസ്തിത്വത്തിന് വിള്ളലേൽപിക്കാൻ ഫാസിസ്റ്റ് ശക്തികൾ പാടുപെടുന്ന അഭിശപ്ത നാളുകളിലൂടെയാണ് നാം കടന്നു പോയേക്കാണ്ടിരിക്കുന്നത്.
അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും കാർമുകിലുകൾക്കിടയിൽ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയു സൗമനസ്യത്തിന്റെയും മുത്തുചരടുകൾ മറിഞ്ഞു പോകാതെ ജാഗ്രതയോടെ പിടിച്ച് നിർത്തേണ്ടിയിരിക്കുന്നു.
130 കോടി ജനതയുള്ള ഈ നാടിന്റെ ബഹുസ്വരതയെ, ഏകശിലാസംസ്ക്കാരത്തിലേക്ക് തള്ളിയിടാൻ സംഘപരിവാര ശക്തികൾ തന്ത്രം മെനഞ്ഞു കൊണ്ടിരിക്കുകയാണ്.

അടുത്ത് നടക്കാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പിൽ ജനവിധി തങ്ങൾക്കനുകൂലമാക്കി വീണ്ടും ഭരണം കൈപിടിയിലൊതുക്കി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ കച്ചകെട്ടി ഒരുങ്ങി നില്ക്കുകയാണ് ഈ ശക്തികൾ

ഭിന്നിച്ചും വിഘടിച്ചും ചിന്നിച്ചിതറിയ മതേതര കക്ഷികളുടെ ദൗർബല്യമാണ് 2014ൽ ഫാസിസ്റ്റ് ശക്തികൾക്ക് അധികാരത്തിലെക്കുള്ള ചവിട്ടുപടിയായത്.
   ജനാധിപത്യ സ്തംഭങ്ങളെ ഓരോന്നായി കയ്യടക്കിയ ഈ ശക്തികളെ ചെറുക്കാൻ ഇനി മതേതര ശക്തികൾ വൻമതിൽ കെട്ടി തന്നെ പ്രതിരോധിക്കെണ്ടി വരും.
അല്ലെങ്കിൽ, ഇതിന്റെ ആത്യന്തിക ഫലം സർവ്വനാശമായിരിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾ മുഴുവനും മനസ്സിലാക്കണം.
ചില ഭാഗങ്ങളിൽ നിന്നും അത്തരം ചിന്താഗതികൾ നടക്കുന്നുണ്ടെന്നത് ആശാവഹമാണ്.

കോർപ്പറേറ്റുകളേയും ചില മാധ്യമങ്ങളേയും ഉദ്യോഗവൃന്തങ്ങളേയും ജുഡീഷ്യറിയേ പ്പോലും തങ്ങളുടെ സ്വാധീനത്തിലാക്കാനുള്ള ശ്രമങ്ങളുമായി ഫാസിസ്റ്റ് ശക്തികൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

പറഞ്ഞ് വന്നത്, ആപൽക്കരമായ ഈ സമകാലീന സ്ഥിതിയെക്കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചും പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ദീർഘ ദർശനം നടത്തുകയും പോംവഴികൾക്ക് വേണ്ടി ഡൽഹിയിലെ ഓരോ പ്രതിപക്ഷ - മതേതര രാഷ്ട്രീയ നേതാക്കളൂടെ ഓഫീസുകൾ കയറി കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി കൊടുത്ത ഒരു നേതാവ് നമുക്കുണ്ടായിരുന്നു.
അതെ, നിങ്ങളുടെ മനോ മുഖിരത്തിലുള്ള ആ നേതാവ് തന്നെ.
സാക്ഷാൽ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ് !!!
.................................                 

*പടനായകന്റെ ബാല്യകാലത്തിലേക്കൊരെത്തിനോട്ടം*
.................................

        മൈസൂരിലെ കച്ച് മേമൻ വിഭാഗത്തിലെ സമ്പന്ന വ്യവസായ കുടുംബത്തിൽ മുഹമ്മദ് സുലൈമാൻ സേട്ടിന്റെയും 
തലശ്ശേരിയിലെ സൈനബയുടെയും മകനായി 1922 Nov.3ന് ബാംഗ്ലൂരിൽ ജനിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു. 1937ൽ മംഗലാപുരം സെന്റ് അലോഷ്യസ് നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചേർന്നെങ്കിലും പിതാവിന്റെ പെട്ടെന്നുള്ള മരണം മൂലം തുടർപഠനം ബാംഗ്ലൂരിലേക്ക് മാറ്റേണ്ടി വന്നു.
തുടർന്ന് സെന്റ് അലേഷ്യസ് കോളേജിൽ നിന്ന് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടുകയുണ്ടായി.
അങ്ങിനെയിരിക്കെ, 1941ൽ എം.എസ് എഫിന്റെ മലബാർ ജില്ലാ സമ്മേളനത്തിൽ All 1ndia Muslim league ന്റെ നേതാക്കൾ വേദിയിലിരിക്കെ, കേവലം 19 കാരനായ ഈ പയ്യന്റെ പ്രസംഗം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. പ്രസംഗത്തിലെ ഗാംഭീര്യതയും ആത്മ വിശ്വാസവും കാര്യങ്ങളെ വിലയിരുത്താനുള്ള അചഞ്ചലമായ പക്വതയും
ഇന്ത്യ കണ്ട ഏറ്റവും മികച്ച
രാഷ്ട്രീയ നേതാവിന്റെ തുടക്കത്തിന് ചൂണ്ടുപലകയായി.

കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും, സർക്കാർ ജോലിയിലുള്ളവർ രാഷ്ട്രീയ പ്രവർത്തനം പാടില്ലായെന്നതിനാൽ
ആ ജോലി രാജിവെക്കേണ്ടി വന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും യാതനകളും പീഡനങ്ങളും നേരിട്ടറിയുവാനും അവരുടെ കണ്ണീരൊപ്പാനും ജീവിതം സ്വയം സമർപ്പിക്കുകയായിരുന്നു.

അങ്ങിനെ, 1960 മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായും ശേഷം പ്രസിഡണ്ടായും അതിന് ശേഷം ദേശീയ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തന രംഗത്ത് നിലയുറപ്പിച്ചു.
ഇതിനിടയിൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് തുടർച്ചയായി 36 വർഷക്കാലം പാർലമെൻറിൽ അംഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള മുസ്ലിം സമുദായത്തിനും മറ്റു ന്യൂനപക്ഷങ്ങൾക്കും വേണ്ടി ശക്തമായി ശബ്ദിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും തന്റെ ആരോഗ്യസ്ഥിതി പോലും വകവെക്കാതെ ഓടി നടക്കുകയുണ്ടായി.

ഈ കാലഘട്ടങ്ങളിൽ പത്തോളം പ്രധാനമന്ത്രിമാരുമായും രാഷ്ട്രപതിമാരുമായും വളരെ അടുത്ത സൗഹൃദ ബന്ധം പുലർത്തിയെങ്കിലും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആ ബന്ധത്തെ ഉപയോഗിക്കാൻ ഈ നിഷ്ക്കളങ്കനായ ആദർശ വാദി തയ്യാറായില്ല.
  വർത്തമാന കാലത്ത് ഇങ്ങിനെയും വ്യക്തി ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്.
ജീവിതത്തിൽ വിശുദ്ധിയും പൊതു ജീവിതത്തിൽ ആദർശ നിഷ്ഠയുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.
അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കൾ ശ്രദ്ധാപൂർവം പരിഗണിക്കാറുണ്ടായി യെന്നത് രാഷ്ട്രീയ നിരിക്ഷകരുടെ പ്രശംസക്ക് കാരണമായിരുന്നു.
           (തുടരും)
             
               T H M PATLA

No comments:

Post a Comment