Friday 31 August 2018

ഖുർആനിന്റെ തണൽ ഒരു സംഘബലത്തോട് പറയുന്നത്

ഖുർആനിന്റെ തണൽ
ഒരു സംഘബലത്തോട്
പറയുന്നത്

അസ്ലം മാവില

ഈ വർഷമാദ്യം CP നടത്തിയ മെഡിക്കൽ ക്യാമ്പിൽ എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. ഇന്ന് നടന്ന ഖുർആൻ പാരായണ മത്സര പരിപാടിയിൽ, സദസ്സിലിരുന്നൊരു ശ്രോതാവാകാനും എനിക്ക് ഭാഗ്യമുണ്ടായില്ല. 

അന്നത്തെ മെഗാമെഡിക്കൽ ക്യാമ്പിലെ ഓരോ നിമിഷവും അകലെ നിന്ന് കണ്ണും നട്ട് കാണാനും പൊതു മനസ്സ് വായിക്കാനും ഞാൻ ശ്രമിച്ചിരുന്നു. അങ്ങിനെയായിരുന്നു തൊട്ടടുത്ത ദിവസത്തെ എന്റെ കുറിപ്പിൽ, നാമേറെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഐക്യപ്പെരുന്നാളിനെ കുറിച്ച് സുദിർഘമല്ലെങ്കിലും ചില സൂചനകൾ എഴുതിയത്. ആ സംഘാടനവും ഒരുക്കങ്ങളുമെല്ലാം ഒരു നാട്ടുത്സവത്തിനുള്ള കാഹളമുഴക്കമെന്ന് അന്ന് പറഞ്ഞിരുന്നു.

ഇന്ന് CP അതിന്റെ  ചെറിയ പ്രതലത്തിൽ നിന്നു കൊണ്ടു നടത്തിയ ഖുർആൻ പാരായണ മത്സരം കണ്ടപ്പോൾ, അത് നേരിട്ടനുഭവിച്ച, സദസ്സിലും വേദിയിലും ഹാജരായ നിങ്ങൾക്കെന്ത് തോന്നി ? എന്ത് തോന്നുന്നു ?

വ്യക്തിപരമായ ചില അസൗകര്യങ്ങൾ കാരണം,  അതിമഹത്തായ ഈ പരിപാടിയിൽ സംബന്ധിക്കുവാനും അതിന്റെ സംഘാടകരോടൊപ്പം നിന്ന് പ്രവർത്തിക്കുവാനും സാധിച്ചില്ലെന്ന സ്വകാര്യ ദു:ഖം നിലനിൽക്കെ തന്നെ, എനിക്ക് തോന്നിയതും, നടക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുള്ളതുമായ ഒരു കാര്യം പറയട്ടെ. സംഘാടനം കണ്ടു. ഒരുക്കങ്ങൾ കണ്ടു. ആ ആത്മാർഥതയും കമിറ്റ്മെൻറും എല്ലാം കണ്ടു. അത് കൊണ്ടും , അത് കണ്ടുമാണ് ഇനി ഒരു നിർദ്ദേശം മുന്നോട്ട് വെക്കുന്നത്.

അതിതാണ് - CP എല്ലാ വർഷവും മുൻ കയ്യെടുത്ത് ഖുർആൻ പാരായണ സെഷൻ നടത്തുക. ചെറുതല്ല, വലുത്. ഏറ്റവും ഭംഗിയായി, എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച്. ഫാഹിദ്മാർക്ക് കൂടുതൽ മുൻഗണന നൽകി. പങ്കെടുക്കുന്നവരുടെ പരിധി പട്ലയിൽ ഒതുക്കാതെ, ആദ്യം ജില്ല,  പിന്നെ  സംസ്ഥാനം, അത് കഴിഞ്ഞ് അതിനപ്പുറം.

നടക്കും, തീർച്ച, അത് സംഘടിപ്പിക്കാൻ കിടയറ്റ ഒരു ടീമുണ്ടെങ്കിൽ. ഹിജ്റ മാസമെങ്കിൽ റമദാൻ  ഏറ്റവും യോജിച്ച സമയം. ജോർജിയൻ കലണ്ടറെങ്കിൽ സെപ്റ്റംബറും.

നേതൃത്വം ആലോചിക്കണം, അതിന് പിന്തുണയുമായി പട്ലക്കാർ മൊത്തം പിന്നിലുണ്ടാകണം. സി.പി.ക്കേ  പറ്റൂ. ഒരു നാട് മുഴുവൻ ഒന്നിച്ചിരിക്കാൻ ഈ ഒരു കുടക്കീഴേ ഇപ്പഴുള്ളൂ. ഈ സിപിത്തണൽ എല്ലാവർക്കും അനുഭവിക്കാനും അനുഭൂതിയുണ്ടാക്കാനുമെന്ന് ഇന്നത്തെ രാത്രിയിൽ ആകാശപ്പുറത്ത് കാറ്റ് കൊള്ളാനിരുന്ന നക്ഷത്ര കുഞ്ഞുങ്ങൾ പോലും പറയുന്നുണ്ട്. 

നന്മ നിറഞ്ഞ ആലോചനകൾ നമ്മെയെല്ലാവരും സക്രിയമാക്കട്ടെ, രാവേറെ വൈകിയെങ്കിലും, നന്മകൾ വീണ്ടും നേരട്ടെ! 

No comments:

Post a Comment